മക്കയിലെ മസ്ജിദുല്‍ ഹറാമിലേത് ലോകത്തെ ഏറ്റവും വലിയ ശബ്ദസംവിധാനം

0

ഹറമിലെത്തുന്നവര്‍ക്ക് ശബ്ദമെത്തിക്കാന്‍ 7,500 ലൗഡ് സ്പീക്കറുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.

ഈ സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ 120 എന്‍ജിനീയര്‍മാരും ഇതര സാങ്കേതിക വിദഗ്ധരും പ്രവര്‍ത്തിക്കുന്നു. തീര്‍ഥാടകര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് ഇരുഹറം കാര്യാലയം ഹറമില്‍ ഏറ്റവും മികച്ചതും നൂതനവുമായ ശബ്ദസംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

ആധുനിക ഉപകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്ഥലത്തിന്റെ ആവശ്യകതകള്‍ പരിഗണിച്ച്‌ നൂതന ആന്റിനകളും സംവേദനക്ഷമ സംവിധാനങ്ങളും ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിപ്പിക്കുന്നത്. ഹറമിലെത്തുന്നവര്‍ക്ക് പൂര്‍ണ വ്യക്തതയോടെ ശബ്ദം കൈമാറുന്നതില്‍ പരിശീലനം ലഭിച്ച സ്പെഷലിസ്റ്റുകളാണ് ഇത് നിയന്ത്രിക്കുന്നത്.

ഹജ്ജ്, റമദാന്‍ സീസണുകള്‍ക്ക് മുമ്ബ് ഹറമിലെ ശബ്ദസംവിധാനങ്ങള്‍ കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്തുക പതിവാണ്. ഇത്തവണ റമദാനില്‍ ഹറമിനകത്തും പരിസരത്തുമുള്ള ലക്ഷക്കണക്കിന് വിശ്വാസികള്‍ക്ക് ബാങ്കും ഇഖാമത്തും ഇമാമിന്റെ ശബ്ദങ്ങളും എത്തിക്കുന്നതിന് പ്രഗല്ഭരും പരിചയസമ്ബന്നരുമായ ആളുകളുടെ മേല്‍നോട്ടത്തില്‍ ഏറ്റവും നൂതന ഓഡിയോ സാങ്കേതികവിദ്യകളാണ് ഒരുക്കിയിരിക്കുന്നത്.

ബാങ്ക് വിളിക്കുന്നതിനായി നിശ്ചയിച്ചവരുടെ എണ്ണം 24 ആണ്. ശ്രുതിമധുരമായ ശബ്ദമുള്ളവരും അനുഭവപരിചയമുള്ളവരുമാണിവര്‍. ചിലര്‍ക്ക് വര്‍ഷങ്ങളുടെ പരിചയമുണ്ട്. അവരവരുടെ സമയം അനുസരിച്ച്‌ ഇരുഹറം കാര്യാലയമാണ് ഇവരുടെ ഷെഡ്യൂള്‍ നിശ്ചയിക്കുന്നത്. ബാങ്കുവിളിക്ക് ഒരു മണിക്കൂര്‍ മുമ്ബ് ‘മുഅദ്ദിന്‍’ നിശ്ചയിച്ച സ്ഥലത്ത് എത്തിയിരിക്കണമെന്നാണ് വ്യവസ്ഥ.

കൂടെ ഒരാളും ഒരു അസിസ്റ്റന്‍റ് മുഅദ്ദിനും ഉണ്ടാകും. വാര്‍ത്ത മന്ത്രാലയത്തിന്റെ സഹകരണത്തോടെ ബാങ്കുവിളി നേരിട്ട് സംപ്രേഷണത്തിന് ഓഡിയോ-വിഷ്വല്‍ ബ്രോഡ്കാസ്റ്റിങ് സംവിധാനങ്ങളും ഹറമിലുണ്ട്. ഓരോ പ്രാര്‍ഥനക്കും മുമ്ബായി സ്ഥിരമായി എന്‍ജിനീയര്‍മാരും സാങ്കേതിക വിദഗ്ധരും ബാങ്ക്, ഇഖാമത്ത്, നമസ്കാരം എന്നിവയുടെ ഓഡിയോ ഏറ്റവും മികച്ച ഗുണനിലവാരത്തില്‍ എത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ഹറം ഇലക്‌ട്രോണിക് പ്രവര്‍ത്തന വകുപ്പ് ഡയറക്ടര്‍ എന്‍ജിനീയര്‍ സഈദ് ബിന്‍ ഖലഫ് അല്‍അംറി പറഞ്ഞു.

ഹറമിനുള്ളില്‍, അതിന്റെ മുറ്റങ്ങള്‍, പുതിയ വിപുലീകരണ ഭാഗങ്ങള്‍, ചുറ്റുമുള്ള റോഡുകള്‍ എന്നിവിടങ്ങളിലായി നിരവധി സ്പീക്കറുകളുണ്ട്. അതിലേക്കുള്ള ശബ്ദം മികച്ച രീതിയില്‍ എത്തിക്കുന്നതിനാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.ബാങ്ക് വിളിക്കുന്നവരുടെയും ഇമാമുമാരുടെയും ശബ്ദം പിടിച്ചെടുക്കുന്നത് നൂതന സെന്‍സിറ്റിവിറ്റി സെന്‍സറുകളിലൂടെയാണ്.

ഹറമിലുടനീളം ഓഡിയോ ബാലന്‍സ് അനുസരിച്ച്‌ ശബ്‌ദനിലവാരം ഉറപ്പാക്കാന്‍ ദിനേന പ്രവര്‍ത്തിക്കുന്നുണ്ട്. കണ്‍ട്രോള്‍ റൂമുകള്‍ക്കുള്ളില്‍നിന്ന് ആരാധകര്‍ക്ക് ശല്യമുണ്ടാകാത്ത വിധത്തിലാണ് സൗണ്ട് ബാലന്‍സ് ചെയ്യുന്നത്. ഹറമിന്റെ എല്ലാ ഭാഗങ്ങളിലും ചുറ്റുമുള്ള ചത്വരങ്ങളിലും ഇത് എത്തിച്ചേരുന്നു. ഓഡിയോ സംവിധാനം ടെലിവിഷനുകള്‍ക്കും മീഡിയ സ്റ്റേഷനുകള്‍ക്കുമായി നേരിട്ടുള്ള സംപ്രേഷണ സംവിധാനങ്ങള്‍ പങ്കിടുന്നുണ്ട്. വല്ല തകരാര്‍ സംഭവിക്കുമ്ബോള്‍ അത് യാന്ത്രികമായി പ്രവര്‍ത്തിപ്പിക്കുന്നതിനും അല്ലെങ്കില്‍ അനുബന്ധ കണ്‍ട്രോള്‍ റൂമില്‍നിന്ന് അവ പ്രവര്‍ത്തിക്കുവാനും സംവിധാനമുണ്ട്. നിരവധി എന്‍ജിനീയര്‍മാര്‍ ഇതിനായുണ്ട്. ചുറ്റുമുള്ള സ്പീക്കറുകളിലൂടെയുള്ള ശബ്ദം മത്വാഫിനുള്ളില്‍ സന്തുലിതമാണെന്നും സഈദ് അല്‍അംറി പറഞ്ഞു.

You might also like

Leave A Reply

Your email address will not be published.