28 ലക്ഷം രൂപ വരുമാനമുള്ള ജോലി ഉപേക്ഷിച്ച്‌ കോഴി കച്ചവടം; ഇന്ന് 70 പേര്‍ക്ക് ജോലി നല്‍കുന്നയാള്‍

0

വാരണാസി ഐഐടിയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ വ്യക്തിയാണ് സായികേഷ്. പഠനം പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ ഐടി മേഖലയില്‍ 28 ലക്ഷം രൂപ വരുമാനമുള്ള ഒരു ജോലിയും ലഭിച്ചു.ഇതിനിടെയാണ് സ്വന്തമായി ബിസിനസ് തുടങ്ങാനുള്ള ആഗ്രഹം ഉണ്ടാകുന്നത്. തുടര്‍ന്ന് ജോലി ഉപേക്ഷിക്കുകയും സുഹൃത്തുക്കളായ സാമി, അഭിഷേക് എന്നിവരോട് കോഴി വളര്‍ത്തുന്നതിനെക്കുറിച്ച്‌ സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് മൂവരും ചേര്‍ന്ന് നാടന്‍ കോഴി കച്ചവടം ആരംഭിക്കുകയായിരുന്നു. എന്നാല്‍ ഇത്രയും നല്ല ജോലി ഉപേക്ഷിച്ച്‌ കോഴി കച്ചവടം തുടങ്ങിയ ഇവരെ പരിഹാസത്തോടെയാണ് മറ്റുള്ളവര്‍ നോക്കി കണ്ടിരുന്നത്. എന്നാല്‍ മൂവര്‍ സംഘം ഒരു വര്‍ഷത്തിനുള്ളില്‍ ബിസിനസ് ലാഭകരമാക്കി.ഹൈദരാബാദിലെ പ്രഗതി നഗറിലും കുക്കട്ട്പള്ളി പ്രദേശങ്ങളിലും സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് സായികേഷ് നാടന്‍ ചിക്കന്‍ സ്റ്റോറുകള്‍ തുറന്നു. ഇതിന് പുറമെ, ചിക്കന്‍ ഔട്ട്ലെറ്റുകളില്‍ 70 പേര്‍ക്ക് അദ്ദേഹം ജോലിയും നല്‍കി. തങ്ങളുടെ നാടന്‍ കോഴി ബിസിനസ് ദക്ഷിണേന്ത്യയിലുടനീളം വ്യാപിപ്പിക്കാന്‍ സായികേഷും സുഹൃത്തുക്കളും തീരുമാനിച്ചു. ഇതിനായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലുടനീളമുള്ള 15,000-ത്തോളം കോഴി കര്‍ഷകരുമായി അവര്‍ ഒരു ശൃംഖല രൂപീകരിച്ചു. കര്‍ഷകരില്‍ നിന്ന് നല്ല വില നല്‍കിയാണ് ഇവര്‍ നാടന്‍ കോഴികളെ വാങ്ങുന്നത്.കോഴിക്ക് പോഷകസമൃദ്ധമായ ഭക്ഷണം നല്‍കാനുള്ള പരിശീലനവും അവര്‍ കര്‍ഷകര്‍ക്ക് നല്‍കുന്നുണ്ട്. ഇതിലൂടെ ഗുണനിലവാരമുള്ള രുചികരമായ ചിക്കന്‍ വിതരണം ചെയ്യാന്‍ സാധിക്കുന്നുണ്ടെന്ന് സായികേഷ് പറഞ്ഞു. അടുത്തിടെ ബെസ്റ്റ് എമര്‍ജിംഗ് മീറ്റ് ബ്രാന്‍ഡ് അവാര്‍ഡും ഇവര്‍ക്ക് ലഭിച്ചിരുന്നു.തെലങ്കാനയില്‍ നാടന്‍ കോഴിയിറച്ചിക്ക് നല്ല വില്‍പ്പനയാണെന്നാണ് ഇവര്‍ പറയുന്നു. ഒരു നാടന്‍ കോഴി പൂര്‍ണ്ണവളര്‍ച്ചയെത്താന്‍ കുറഞ്ഞത് ആറ് മാസമെങ്കിലും എടുക്കുമെന്ന് സായികേഷ് ന്യൂസ് 18-നോട് പറഞ്ഞു. കുറഞ്ഞ മുതല്‍മുടക്കില്‍ ഓര്‍ഗാനിക് രീതിയില്‍ ഇവയെ വളര്‍ത്താന്‍ പറ്റും. കോഴികളെ വാങ്ങുന്നതിന് മുമ്ബ് കര്‍ഷകരുമായി കരാര്‍ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.വാരിയര്‍, കടക്നാഥ്, അസില്‍ തുടങ്ങി മൂന്ന് തരം തെലങ്കാന നാടന്‍ കോഴികളെയാണ് ഇവര്‍ വളര്‍ത്തുന്നത്. നാടന്‍ കോഴിയിറച്ചി വാങ്ങുന്ന ഉപഭോക്താക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഘട്ടംഘട്ടമായി ചുരുങ്ങിയ സമയത്തിനുള്ളില്‍ 100 ഔട്ട്ലെറ്റുകള്‍ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് സായികേഷ് പറഞ്ഞു. മന്ത്രിമാര്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഇവരെ അഭിനന്ദിച്ച്‌ രംഗത്തെത്തിയത്.നേരത്തെ കൃഷിയോടുള്ള താത്പര്യത്തെ തുടര്‍ന്ന് ഭാരത് ബയോടെക്കിലെ ജോലി ഉപേക്ഷിച്ച 32 കാരന്റെ കഥയും വാര്‍ത്തയായിരുന്നു. ഹൈദരാബാദ് സ്വദേശിയായ ബോംഗുറാം നാഗരാജു ആണ് കൃഷിക്കായി ജോലി ഉപേക്ഷിച്ചത്. ആനിമല്‍ ബയോടെക്നോളജിയിലായിരുന്നു ഇദ്ദേഹം ബിരുദാനന്തര ബിരുദം നേടിയത്. തെലങ്കാനയിലെ തന്റെ ഗ്രാമമായ ഹബ്‌സിപൂരിലാണ് ഇദ്ദേഹം കൃഷി ആരംഭിച്ചത്. ഹബ്‌സിപൂര്‍ ഗ്രാമത്തിലെ കര്‍ഷകര്‍ ഒരിക്കലും തിരഞ്ഞെടുക്കാത്ത നാടന്‍ നെല്ലിനങ്ങളാണ് അദ്ദേഹം കൃഷിയ്ക്കായി തിരഞ്ഞെടുക്കുന്നത്. കൃഷിയിലെ വിജയത്തെ തുടര്‍ന്ന് ഇദ്ദേഹത്തിന് നിരവധി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

You might also like

Leave A Reply

Your email address will not be published.