ലോകമെമ്ബാടുമുള്ള ആരാധകരുടെ സ്‌നേഹവും പിന്തുണയുമടക്കം ഫുട്‌ബോള്‍ ലോകത്ത് സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയ മെസ്സിക്ക് ഒന്നു മാത്രം കിട്ടാക്കനിയായി തുടരുകയാണ്, ഒരു ലോകകപ്പ് കിരീടം. കരിയറില്‍ കളിച്ച നാലു ലോകകപ്പിലും എത്തിപ്പിടിക്കാനാവാതെ പോയ കിരീടം നേടാന്‍ എന്തു വില കൊടുത്തും തന്റെ അവസാന ലോകകപ്പ് ഫൈനലിനിറങ്ങുകയാണ് മെസ്സി. നിലവിലെ ചാമ്ബ്യന്മാരായ ഫ്രാന്‍സിനെതിരെ ജീവന്മരണ മത്സരത്തിനിറങ്ങുമ്ബോള്‍ വിജയം അത്ര എളുപ്പമാവില്ല എന്നുറപ്പാണ്. എങ്കിലും സ്വപ്‌നം എന്നര്‍ത്ഥമുള്ള ‘അല്‍ ഹില്‍മ്’ പന്തുമായി ഖത്തറിലെ ലുസൈല്‍ സ്‌റ്റേഡിയത്തില്‍ മിശിഹ അവതരിക്കും. തങ്ങളുടെ ഫുട്‌ബോള്‍ ഇതിഹാസം ലോകത്തിന്റെ നെറുകയിലെത്തുന്നത് കാണണമെന്ന കോടിക്കണക്കിന് ആരാധകരുടെ പ്രാര്‍ത്ഥനയും പ്രതീക്ഷയും അയാള്‍ക്കു പിന്നില്‍ ഉണ്ടാകും.ഖത്തറിലെ ആദ്യ മത്സരം തോറ്റു തുടങ്ങിയ അര്‍ജന്റീന മികച്ച തിരിച്ചു വരവ് നടത്തിയാണ് ഫൈനല്‍ വരെ എത്തിയത്. മികച്ച ഫോമിലുള്ള മെസ്സി അഞ്ച് ഗോളുകളുമായി ടൂര്‍ണമെന്റിലെ ഗോള്‍വേട്ടക്കാരില്‍ ഒന്നാം സ്ഥാനം പങ്കിടുന്നുണ്ട്. ഫ്രാന്‍സ് സൂപ്പര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയാണ് മെസ്സിക്കൊപ്പം ഒന്നാം സ്ഥാനം പങ്കിടുന്നത്. എന്നാല്‍ ഫൈനല്‍ കളിക്കാനിറങ്ങുന്ന അര്‍ജന്റൈന്‍ നായകനെ കാത്തിരിക്കുന്നത് നിരവധി റെക്കോര്‍ഡുകളാണ്.ഫൈനലില്‍ ഫ്രാന്‍സിനെതിരെ വിജയിച്ചാല്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ ജയിക്കുന്ന താരമെന്ന റെക്കോര്‍ഡിനൊപ്പം മെസ്സി എത്തും. ലോകകപ്പില്‍ ഇതുവരെ 16 മത്സരങ്ങളിലാണ് മെസ്സി ജയിച്ചത്. 17 ലോകകപ്പ് മത്സരങ്ങള്‍ ജയിച്ച ജര്‍മന്‍ താരം മിറാസ്ലാവ് ക്ലോസയുടെ റെക്കോര്‍ഡിനൊപ്പമാണ് മെസ്സി എത്തുക.ഫൈനല്‍ കളിക്കുന്നതോടെ ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന റെക്കോര്‍ഡും മെസ്സിക്ക് ലഭിക്കും. ഏറ്റവും കൂടുതല്‍ സമയം ലോകകപ്പ് കളിക്കുന്ന താരവും മെസ്സിയാകും. മെസ്സി ഇതുവരെ 2194 മിനിറ്റുകളാണ് കളിച്ചത്. ഫൈനലില്‍ 23 മിനിറ്റുകള്‍ കളിച്ചാല്‍ ഇറ്റലിയുടെ 2217 മിനിറ്റുകള്‍ എന്ന റെക്കോര്‍ഡ് മെസ്സി മറികടക്കും.ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് നല്‍കിയത് ഫുട്‌ബോള്‍ ഇതിഹാസം പെലെയാണ്. പത്ത് അസിസ്റ്റാണ് താരത്തിന്റെ പേരിലുള്ളത്. മെസ്സിക്ക് ഇതുവരെ ഒന്‍പത് അസിസ്റ്റുകളാണ് ലോകകപ്പ് മത്സരങ്ങളില്‍ ഉള്ളത്. ഫൈനലില്‍ ഒരു അസിസ്റ്റ് നേടിയാല്‍ മെസ്സി പെലെയ്‌ക്കൊപ്പമെത്തും.ഖത്തറില്‍ ഗോള്‍ഡന്‍ ബോള്‍ നേടിയാല്‍ പുരസ്‌കാരം രണ്ടാം തവണ നേടുന്ന താരമാവും മെസ്സി. 2014-ല്‍ ആയിരുന്നു മെസ്സി സുവര്‍ണ പന്തിന് അര്‍ഹനായത്. ഖത്തര്‍ ലോകകപ്പില്‍ അഞ്ചു ഗോളുകള്‍ നേടി ടോപ്പ് സ്‌കോറര്‍മാരില്‍ എംബാപ്പെയ്‌ക്കൊപ്പം ഒന്നാം സ്ഥാനത്താണ് മെസ്സി. ഫൈനലില്‍ ഗോള്‍ നേടിയാല്‍ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരവും മെസ്സിയെ തേടിയെത്തും. ഇതോടെ ഒരു ലോകകപ്പില്‍ തന്നെ സുവര്‍ണ പാദുകവും സുവര്‍ണ പന്തും സ്വന്തമാക്കുമെന്ന താരങ്ങളുടെ പട്ടികയില്‍ മെസ്സി ഉള്‍പ്പെടും.