ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ ഇരട്ട ഗോളടിച്ച്‌ വെയ്ല്‍സിനെ തകര്‍ത്ത് ഇറാന്‍

0

ലോകകപ്പിലെ ആദ്യ റെഡ് കാര്‍ഡിനും ഇറാന്‍ – വെയ്ല്‍സ് മത്സരം വേദിയായി. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഏഷ്യന്‍ ശക്തരുടെ വിജയം. വെയ്ല്‍സ് പത്തു ടീമംഗങ്ങളുമായി മത്സരം തുടര്‍ന്നപ്പോഴായിരുന്നു ഇറാന്റെ രണ്ട് ഗോളുകളും പിറന്നത്. ഗോള്‍രഹിത സമനിലയിലേക്ക് പോകുമായിരുന്ന മത്സരമാണ് അവസാന നിമിഷത്തില്‍ മാറിമറിഞ്ഞത്.ഇംഗ്ലണ്ടിനോട് തോറ്റതിന്റെ നാണക്കേടുമായി കളത്തിലിറങ്ങിയ ഏഷ്യന്‍ ശക്തികള്‍ക്കിത് ഇരട്ടിമധുരം. നിരവധി അവസരങ്ങള്‍ പാഴാക്കിയ ശേഷം അവസാന സമയത്താണ് ഇറാന്‍ ലക്ഷ്യം കണ്ടത്. ഇഞ്ചുറി ടൈമിന്റെ എട്ട്, 11 മിനിറ്റുകളിലായിരുന്നു ഇറാന്റെ തകര്‍പ്പന്‍ ഗോളുകള്‍ പിറന്നത്. എട്ടാം മിനിറ്റില്‍ റൗസ്‌ബെ ചെഷ്മിയും 11ാം മിനിറ്റില്‍ റാമിന്‍ റെസെയ്‌നുമാണ് ഇറാനായി വല കുലുക്കിയത്.വെയ്ല്‍സ് ഗോള്‍ കീപ്പര്‍ വെയ്ന്‍ ഹെന്നസി ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തായി. ഖത്തര്‍ ലോകകപ്പില്‍ ചുവപ്പ് കാര്‍ഡ് ലഭിക്കുന്ന ആദ്യ കളിക്കാരനായി വെയ്ല്‍സ് ഗോള്‍ കീപ്പര്‍. 85ാം മിനിറ്റില്‍ ഇറാന്റെ മെഹ്ദി തരേമി വെയ്ല്‍സ് പ്രതിരോധം തകര്‍ത്ത് ഗോള്‍ മുഖത്തേക്ക് കുതിക്കുകയായിരുന്നു. എന്നാല്‍ ഹെന്നസി തരേമിക്ക് മുന്‍പ് പന്ത് കൈപ്പിടിയിലൊതുക്കാന്‍ ബോക്‌സിന് പുറത്തുവന്നു. തരേമിയെ തടയാനുള്ള ശ്രമത്തില്‍ മുട്ടുകൊണ്ട് മുഖത്തിടിച്ച്‌ ഹെന്നസി വീഴ്ത്തിയതിനാണ് ചുവപ്പ് കാര്‍ഡ്. ഇറാന്റെ ആധിപത്യമായിരുന്നെങ്കിലും ഗോള്‍രഹിത സമനിലയിലായിരുന്നു മത്സരത്തിന്റെ ആദ്യ പകുതി.

You might also like

Leave A Reply

Your email address will not be published.