മസ്കത്ത്: പൊലീസ് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് നവംബര്‍ 30വരെ വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിച്ച് ഉപയോഗിക്കാം. വിന്‍ഡോ ഗ്ലാസ്, നമ്ബര്‍ പ്ലേറ്റ്, ലൈറ്റുകള്‍ എന്നിവിടങ്ങളില്‍ സ്റ്റിക്കറുകള്‍ പതിക്കരുത്. പിന്‍വശത്തെ ഗ്ലാസില്‍ പതിക്കുന്ന സ്റ്റിക്കര്‍ ഡ്രൈവര്‍ക്ക് പിന്‍വശത്തെ വിന്‍ഡോയിലെ ചിത്രങ്ങള്‍ കാണാന്‍ അനുവദിക്കുന്ന തരത്തിലുള്ളതായിരിക്കണം. ഗതാഗത സുരക്ഷ ലംഘിക്കുന്ന തരത്തിലുള്ളവ നിരോധിച്ചിട്ടുണ്ട്. ദേശീയ ചിഹ്നങ്ങള്‍ സ്റ്റിക്കറായി പതിക്കാന്‍ പാടില്ല. വിധ്വംസകമോ മൂല്യരഹിതമോ ആയ വാക്കുകള്‍ ഉപയോഗിക്കരുത്. പാറിപ്പറക്കുന്ന തുണിത്തരങ്ങള്‍ എന്‍ജിന്‍ കവറില്‍ സ്ഥാപിക്കാനും പാടില്ല. ഈ കാലയളവില്‍ വാഹനത്തിന്‍റെ നിറം മാറ്റാന്‍ അനുമതി ഇല്ലെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും.മുന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസിന്‍റെ മരണം, കോവിഡ് നിയന്ത്രണം എന്നിവ കാരണം കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷങ്ങളായി രാജ്യത്ത് വിപുലമായ രീതിയില്‍ ദേശീയദിനാഘോഷ പരിപാടികള്‍ നടന്നിരുന്നില്ല. അതുകൊണ്ടുതന്നെ കാറുകളുടെ അലങ്കാരങ്ങളും മറ്റും കുറവായിരുന്നു. എന്നാല്‍, കോവിഡ് നിയന്ത്രണങ്ങളിലാത്ത ദേശീയ ആഘോഷങ്ങള്‍ക്കാണ് രാജ്യം ഒരുങ്ങുന്നത്. അതിനാല്‍ ഇത്തവണ വിദേശികളും സ്വദേശികളുമടക്കം നിരവധിപേര്‍ കാര്‍ അലങ്കരിക്കാനെത്തുമെന്നാണ് ഈ മേഖലയിലെ വ്യാപാരികള്‍ കണക്കുകൂട്ടുന്നത്.സ്റ്റിക്കറുകളും മറ്റും ദുബൈയില്‍നിന്ന് വിപണിയില്‍ എത്തിയിട്ടുണ്ട്. പഴയ സുല്‍ത്താന്‍റെയും പുതിയ ഭരണാധികാരിയുടെയും വര്‍ണചിത്രങ്ങളുള്ള നൂറുകണക്കിന് സ്റ്റിക്കറുകളാണ് തയാറായിരിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ ദേശീയദിനത്തിന്‍റെ ഭാഗമായി സ്വദേശികളും വിദേശികളും വ്യാപകമായി വാഹനങ്ങള്‍ അലങ്കരിക്കാറുണ്ട്. നവംബര്‍ ആദ്യ വാരത്തോടെതന്നെ അലങ്കരിച്ച വാഹനങ്ങളുടെ നീണ്ട നിരകള്‍ റോഡുകളില്‍ കാണാമായിരുന്നു. സ്വദേശികളില്‍ നല്ല ശതമാനവും വാഹനങ്ങള്‍ അലങ്കരിക്കുന്നവരാണ്. അതോടൊപ്പം നിരവധി വിദേശികളും വാഹനങ്ങള്‍ അലങ്കരിച്ചിരുന്നു. അതിനാല്‍, നവംബര്‍ മാസം സ്റ്റിക്കറുകള്‍ പതിക്കുന്ന സ്ഥാപനങ്ങള്‍ക്ക് കൊയ്ത്തുകാലമായിരുന്നു.രാപ്പകല്‍ ഭേദമില്ലാതെയാണ് സീസണില്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. വാഹനങ്ങള്‍ പൂര്‍ണമായി അലങ്കരിക്കുന്നതിനും ഭാഗികമായി അലങ്കരിക്കുന്നതിനും പ്രത്യേക നിരക്കുകളാണ് ഇത്തരം സ്ഥാപനങ്ങള്‍ ഈടാക്കിയിരുന്നത്.അതിനാല്‍ തന്നെ സ്റ്റിക്കറുകള്‍ പ്രിന്‍റു ചെയ്യുന്നവര്‍, വാഹനത്തില്‍ ഒട്ടിക്കുന്നവര്‍, വിതരണം ചെയ്യുന്നവര്‍ അടക്കം ഈ മേഖലയിലെ എല്ലാവരും നവംബറില്‍ പണം കൊയ്തു. എന്നാല്‍, കഴിഞ്ഞ ചില വര്‍ഷങ്ങളായി വാഹന അലങ്കരം കുറഞ്ഞിട്ടുണ്ട്. നവംബര്‍ 18നാണ് രാജ്യത്ത് ദേശീയദിനം ആഘോഷിക്കുന്നത്. ഇതിന്റെ മുന്നോടിയായി കഴിഞ്ഞദിവസം അധികൃതര്‍ ലോഗോ പുറത്തിറക്കിയിരുന്നു.