‘താരങ്ങളെ ഇപ്പോൾ തിരുത്തണം, ഇല്ലെങ്കിൽ മലയാള സിനിമ ഒരുകാലത്തും നന്നാകില്ല!’

0

മലയാള സിനിമാ താരങ്ങൾ ഉയർന്ന പ്രതിഫലം ആവശ്യപ്പെടുന്നതിനെതിരെ വീണ്ടും ആഞ്ഞടിച്ച് നിർമാതാവ് സുരേഷ് കുമാർ. യുവതലമുറ അഭിനേതാക്കൾക്ക് തൊഴിലിനോട് ആത്മാർഥതയില്ലെന്നും അദ്ദേഹം തുറന്നടിക്കുന്നു. ‘കലയ്ക്കു വേണ്ടിയല്ല, കാശിനു വേണ്ടിയാണ് ഇപ്പോഴത്തെ താരങ്ങളുടെ പരക്കംപാച്ചിൽ. നാലും അഞ്ചും കാരവൻ വേണം. കാരവൻ കയറിച്ചെല്ലാത്ത സ്ഥലമാണെങ്കിൽ അവിടെ ഷൂട്ടിങ് പറ്റില്ല എന്നാണവരുടെ നിലപാട്. മലയാള സിനിമയിലെ തെറ്റായ പ്രവണതകളെക്കുറിച്ച് നിർമാതാവ് ജി.സുരേഷ്കുമാർ പ്രതികരിക്കുന്നു…മലയാള സിനിമ ആദ്യം മദ്രാസിൽ നിന്നും വന്നു. പിന്നെ തിരുവനന്തപുരത്ത് നിന്നായി. ഇപ്പോൾ ഏറെയും കൊച്ചിയിൽ നിന്നും. സിനിമ കൊച്ചിയിൽ നിന്ന് എന്നു മുതൽ വരാൻ തുടങ്ങിയോ അധ:പതനായി. മലയാള സിനിമയുടെ സംസ്കാരം തന്നെ മാറി. സിനിമ പണത്തിന് വേണ്ടി മാത്രം എന്ന നിലയാണിപ്പോൾ.

നേരത്തെ അങ്ങനെയായിരുന്നില്ല. കലയ്ക്കു വേണ്ടിയാണ് താരങ്ങളും അണിയറ പ്രവർത്തകരുമൊക്കെ നിലകൊണ്ടത്. പണം ഒരു ഘടകമായിരുന്നു. പക്ഷേ കല നിലനിൽക്കണമെന്നും കലയിലൂടെ വളരണമെന്നുമുള്ള ചിന്തയുണ്ടായിരുന്നു. ഇപ്പോൾ കാശിനുള്ള ആർത്തി മാത്രം. കാരവനില്ലെങ്കിൽ തങ്ങൾ അഭിനയിക്കില്ല എന്ന നില വരെ കാര്യങ്ങൾ എത്തി നിൽക്കുന്നു.ഇന്നത്തെ നടന്മാർക്ക് സ്വീറ്റ് റൂം ഇല്ലെങ്കിൽ വലിയ ബുദ്ധിമുട്ടാണ്. ചിലർക്ക് ഒന്നിലേറെ വേണം. സിനിമയെ പാഷനോടെ സമീപിച്ച ഒരു തലമുറയെ എനിക്കറിയാം. സിനിമ എന്ന സ്വപ്നവുമായി മദിരാശിയിൽ പോയി പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞവർ എത്രയോ പേരുണ്ട്. ചിലർ സിനിമയിലെത്തി. ചിലർ എങ്ങുമെത്തിയില്ല. ഒന്നും നേടാത്തവർ സിനിമയെ തള്ളിപ്പറഞ്ഞില്ല. അവർ ഈ കലയെ സ്നേഹിച്ചു. ഇന്നത്തെ ആളുകളോ? അവരോട് പഴയ തലമുറയുടെ ത്യാഗത്തെപ്പറ്റി പറഞ്ഞാൽ മനസ്സിലാകുമോ എന്നെനിക്ക് സംശയമുണ്ട്. പറഞ്ഞല്ലോ, വലിയ പാഷനോടെ സിനിമയെ സമീപിച്ചവരായിരുന്നു അന്നത്തെ എഴുത്തുകാരും സംവിധായകരും അഭിനേതാക്കളുമൊക്കെ. മദ്രാസ് മെയില്‍ ഒരു സ്വപ്ന വണ്ടിയായിരുന്നു. അതിൽ കയറിയാണ് മദിരാശിയിലെത്തുന്നത്. 38 രൂപയായിരുന്നു ഞാൻ ആദ്യമായി പോകുമ്പോഴത്തെ നിരക്ക്. തേർഡ് ക്ലാസ് കംപാർട്ടുമെന്റിൽ മലയാളമനോരമ വിരിച്ചുകിടക്കേണ്ടി വന്നിട്ടുണ്ട്.താമസസ്ഥലത്താണെങ്കിൽ ഒരു കട്ടില്‍ മാത്രേ ഉള്ളൂ. ഒരാൾ കിടക്കും. ബാക്കിയുള്ളവർ പായയോ പേപ്പറോ വിരിച്ചു നിലത്തു കിടക്കും. ഞാനും പ്രിയനും ലാലുമൊക്കെയുണ്ട്. ആർക്കും കട്ടിൽ വേണം എന്നൊരു വാശിയില്ല. ഇന്ന് ഒരാൾക്കു മാത്രമായി ഒരു റൂം പ്രത്യേകമായി തന്നെ വേണം.സ്വീറ്റ് റൂം കിട്ടിയില്ലെങ്കിൽ താരത്തിന് ബുദ്ധിമുട്ടാണ്. ഏറ്റവും മുന്തിയ സൗകര്യങ്ങൾ തന്നെ കിട്ടണം എന്ന നിലയാണ് കാര്യങ്ങളുടെയും ആളുകളുടെയും പോക്ക്.

• എറണാകുളത്ത് ഗ്രൂപ്പും രഹസ്യവും

മലയാള സിനിമയുടെ ഇന്നത്തെ തലസ്ഥാനമായ കൊച്ചിയിൽ ചെന്നാൽ സങ്കടം വരും. അങ്ങനെയാണ് കാര്യങ്ങൾ. എല്ലാവർക്കും ഓരോ ഗ്രൂപ്പാണ്. എല്ലാവർക്കും രസഹ്യാത്മകതയാണ്. എടുക്കാൻ പോകുന്ന പടത്തെക്കുറിച്ച് ഇൻഡസ്ട്രിയിലെ ആരുമായും ചർച്ചയില്ല. അതു വേണമെന്ന് നിർബന്ധം പറയുന്നതല്ല. പണ്ട് അങ്ങനെയായിരുന്നില്ല. ഒരാൾ എടുക്കുന്ന ചിത്രത്തെക്കുറിച്ച് സുഹൃത്തുക്കളായ സംവിധായകർക്കും അണിയറ പ്രവർത്തകർക്കും എഴുത്തുകാർക്കുമൊക്കെ അറിയാം. പരസ്പരം കാര്യങ്ങൾ തുറന്നു പറയുകയും ചർച്ച ചെയ്യുകയും ചെയ്യും. അങ്ങോട്ടുമിങ്ങോട്ടും എന്തു നടക്കുന്നു എന്നറിയാം. സുഹൃത് സദസുകളിൽ കയറിച്ചെല്ലുമ്പോൾ നമ്മൾ നമ്മുടെ സിനിമയുടെ കഥ പറയും. അവർ അവരുടേതും. പരസ്പരം സജഷൻസ് പങ്കിടും. ഇൻപുട്സ് നൽകും. ഇതൊക്കെ സിനിമയ്ക്ക് ഗുണം ചെയ്തിട്ടേയുള്ളൂ. ഇന്ന് സിനിമാക്കാർ സിനിമ മാത്രം പരസ്പരം ചർച്ച െചയ്യില്ല. ഒരു മുറിക്കകത്ത് അല്ലെങ്കിൽ ഫ്ലാറ്റിനകത്ത് ഇരുന്നുള്ള ചിന്താഗതി മാത്രമാണ് ഇന്നത്തെ സിനിമ. അടച്ചിട്ട ഒരു ഫ്ലാറ്റിനകത്ത് ഇരിക്കുമ്പോൾ എത്ര കണ്ട് വിശാലമായി ചിന്തിക്കാനാകുമെന്ന് അറിയില്ല. ഇടുങ്ങിയ ചിന്താഗതിയാണ് ഇപ്പോഴത്തെ സിനിമാപ്രവർത്തകർക്കെന്ന് ഉറപ്പിച്ചു പറയാം. സങ്കടകരമായ കാര്യങ്ങളാണ് ചുറ്റം നടന്നുകൊണ്ടിരിക്കുന്നത്. കാശു മാത്രമാണ് ഇവരുടെ ലക്ഷ്യം. കലയേക്കാൾ കൂടുതൽ കച്ചവടത്തിനാണ് മുൻതൂക്കം. എനിക്കെന്ത് ഫെസിലിറ്റി കിട്ടും, എത്ര പടങ്ങളിൽ കൂടുതലായി അഭിനയിക്കാൻ പറ്റും ഇതു മാത്രമാണ് ചിന്ത.

• മാറ്റത്തിന് തുടക്കമിടാൻ നീക്കം

എന്തായാലും ഈ സ്ഥിതിക്ക് മാറ്റമുണ്ടാകണം. പ്രതിഫലമായാലും കാഴ്ചപ്പാടുകൾ ആയാലും മലയാള സിനിമ ഏതുനിലയ്ക്കും പ്രാപ്യമാകണം.ഡിസംബർ 5 മുതൽ 7 വരെ ഫിലിം ചേംബറിന്റെ േനതൃത്വത്തിൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്. സിനിമാരംഗത്തെ എല്ലാ സംഘടനകളേയും വിളിച്ചു ചേർത്ത് കാര്യങ്ങൾ ചർച്ച ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ഒരു കാര്യം ഉറപ്പിച്ചു പറയാം. മലയാള സിനിമയിൽ തിരുത്തലുകൾ ആവശ്യമാണ്. ഇപ്പോൾ അതിനു കഴിഞ്ഞില്ലെങ്കിൽ പിന്നീടൊരിക്കലും തിരുത്താനാവാത്ത നിലയിലേക്ക് മലയാള സിനിമ കൈവിട്ടു പോകും.നിർമാണ ചെലവ് ഒരു നിയന്ത്രവുമില്ലാതെ ഉയർന്നു പോവുകയാണ്. കലക്ടു ചെയ്യുന്ന പണത്തിൽ മുന്തിയ പങ്കും താരങ്ങൾ കൊണ്ടുപോകുന്ന സ്ഥിതിയാണ്. പ്രധാന താരങ്ങൾ വാങ്ങുന്നതു മനസ്സിലാക്കാം. അവരെ വച്ചാണ് സിനിമ മുന്നോട്ടു പോകുന്നത്. അവർ ചോദിക്കുന്നതു മനസ്സിലാക്കാം. പക്ഷേ മറ്റുള്ളവരോ? മലയാള സിനിമയ്ക്ക് ചിന്തിക്കാൻ പോലും കഴിയാത്ത തുകയാണ് അവർ ചോദിക്കുന്നത്. കാരക്ടർ റോളുകളിൽ അഭിനയിക്കുന്നവർ 35–40 ലക്ഷമൊക്കെ വാങ്ങുന്നവരുണ്ട്. ആ രീതി മാറണമെന്ന ഒരു തീരുമാനം ഞങ്ങൾ എടുത്തുകഴിഞ്ഞു.

• നിർമാതാവിനെന്തു കിട്ടുമെന്ന് അറിയണം

സിനിമ റിലീസ് ചെയ്ത് ഒരു നിർമാതാവിന്റെ പോക്കറ്റിൽ ഒരു രൂപ വീഴണമെങ്കിൽ അഞ്ചു രൂപയ്ക്കകത്ത് തിയറ്ററിൽ കലക്ഷൻ കിട്ടണം. ഇതൊക്കെ എത്ര പേർക്ക് അറിയാം? സിനിമയിലേക്ക് വന്നാൽ വാരിക്കോരിക്കൊണ്ടുപോകാം എന്നാണ് പലരുടേയും ധാരണ. 4–5 രൂപ കലക്ടു ചെയ്താലെ പ്രൊഡ്യൂസർക്ക് എന്തെങ്കിലും കിട്ടൂ. 100 കോടി ക്ലബില്‍ കയറിയെന്നൊക്കെ പറഞ്ഞ് ബഹളമാണ്. പടം കൊള്ളാമെങ്കിൽ നല്ല പോലെ ഓടിയാൽ നാലിലൊന്നു കിട്ടും. ക്ലബ്ബീക്കേറീ ക്ലബ്ബീക്കേറീ.. എന്നെല്ലാവരും പറയും. വലിയ പബ്ളിസിറ്റിയുമുണ്ട്. പക്ഷേ പ്രൊഡ്യൂസർക്കെന്തു കിട്ടിയെന്ന് അന്വേഷിക്കണം. പ്രിന്റും പബ്ളിസിറ്റിയുമൊക്കെ കിഴിച്ചാൽ കിട്ടുന്നത് പിന്നേയും കുറയും. ‘കാന്താര’ എന്ന സിനിമയിൽ നിന്ന് പഠിക്കാനുണ്ട്. 8–10 കോടി രൂപയ്ക്ക് എടുത്ത പടമാണ്. അത് 200 കോടി കലക്ടു ചെയ്തു. അതാണ് സിനിമാ ബിസിനസ് എന്നു പറയുന്നത്. 50 കോടി മുടക്കിയിട്ട് 55 കോടി കിട്ടുന്നതു പോലെയല്ല അത്. 137 കോടി രൂപയ്ക്കു പടമെടുത്ത് അതിന് 140 കോടി കിട്ടുന്നത് ഏതു കണക്കിന് നോക്കിയാലാണ് ലാഭമാകുന്നത്? അങ്ങനെ സിനിമയെടുക്കുന്നവരൊക്കെ മണ്ടന്മാരെന്നേ പറയാനൊക്കൂ. എന്തുമാത്രം കഷ്ടപ്പെട്ടിട്ടാണ് ഇവിടെ ഒരു സിനിമയുണ്ടാക്കുന്നതെന്ന്് ആലോചിക്കണം. സിനിമയിൽ നിന്ന് വാരിയെടുക്കാം എന്നു പറയുന്നത് ഒട്ടും പ്രായോഗികമായ ഒന്നല്ല. ഇപ്പോൾ ഒത്തിരിപ്പേര് അങ്ങനെ പറയുന്നതുകൊണ്ടാണിത് പറയുന്നത്. മാസത്തിൽ 20–25 സിനികളൊക്കെ ഇറങ്ങുന്നുണ്ട്. മലയാളത്തിലെ സിനിമയുടെ സക്സസ് റേറ്റ് എന്നു പറയുന്നത് എട്ട് ശതമാനമാണ്. കൂടിയാൽ പത്ത്. ഏതു വർഷമെടുത്തു നോക്കിയാലും അതിൽ കൂടുതൽ ഇല്ല. ശ്രദ്ധിച്ച് പടം ചെയ്തില്ലെങ്കിൽ വലിയ തോതിൽ നഷ്ടമുണ്ടാകുന്ന സ്ഥിതിയാണ്. കോസ്റ്റ് വല്ലാതെ കൂടിക്കൊണ്ടിരിക്കുന്നു. അതിനൊപ്പം മറ്റ് ആവശ്യങ്ങളും.

• നല്ല ലൊക്കേഷനാണ് പക്ഷേ ഷൂട്ടു നടക്കില്ല

ചിത്രീകരണത്തിന് നല്ലൊരു ലൊക്കേഷൻ കിട്ടിയെന്നിരിക്കട്ടെ. പക്ഷേ ആ സ്ഥലം ഫിക്സ് ചെയ്യണമെങ്കിൽ കാരവൻ വലിയ ക്രൈറ്റീരിയ ആണ്.ആദ്യം കാരവൻ കയറുമോയെനന് ഉറപ്പു വരുത്തണം ! ഏതു നല്ല ലൊക്കേഷൻ കണ്ടുകിട്ടിയാലും കാരവൻ കയറില്ലെങ്കിൽ ഷൂട്ടു നടക്കില്ല. ഒന്നും രണ്ടുമല്ല നാലും അഞ്ചുമൊക്കെ കാരവൻ തന്നെ വേണ്ടിവരും.സ്പോട്ടിലേക്ക് എത്തിയില്ലെന്നിരിക്കട്ടെ വണ്ടി കുറച്ച് മാറ്റിയിടേണ്ടി വന്നാലും ബഹളം ഉണ്ടാക്കുന്നവരുണ്ട്. അത്രത്തോളം പ്രശ്നങ്ങൾ ആണ് ഇവിടെ നിലനിൽക്കുന്നത്. നോക്കൂ, ഞാൻ കാരവൻ വന്നതിനെ കുറ്റപ്പെടുത്തുകയല്ല. അതൊക്കെ വേണ്ടതു തന്നെയാണ് പക്ഷേ നാലും അഞ്ചുമൊക്കെ വേണമെന്നു നിർബന്ധം പിടിക്കുന്നിടത്താണ് പ്രശ്നം. ഒരു സാരി മറയാക്കിപ്പിടിച്ച് വേഷം മാറി ക്യാമറയ്ക്കു മുന്നിലെത്തിയ തലമുറ നമുക്കു മുന്നിലുണ്ട്. മൊബൈൽഫോണും മറ്റുമൊക്കെയുള്ളതിനാൽ ഇന്നതു സാധ്യമല്ല. അങ്ങനെ തന്നെയാവണമെന്ന് പറയാനും പറ്റില്ല. പക്ഷേ അമിതമായ നിർബന്ധങ്ങൾ ആയാലോ? നല്ലൊരു വീട് കിട്ടിയാലും ഷൂട്ട് നടക്കില്ല.

• ഷൂട്ടോ? ഏഴു മണിക്കോ?

നന്നേ രാവിലെ ഷൂട്ടിങ് തുടങ്ങുന്ന ഇൻഡസ്ട്രിയായിരുന്നു മലയാളത്തിലേത്.രാവിലെ 7മണിക്ക് ഷൂട്ട് ആരംഭിക്കും. ബ്രേക്ക്ഫാസ്റ്റിന് മുൻപായി ഒന്നോ രണ്ടോ സീനുകൾ എടുക്കുകയും ചെയ്യും. ഇന്ന് പതിനൊന്നു മണി ആയാലും ഷൂട്ടു തുടങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. രാത്രി 7 വരെയാണ് കാൾഷീറ്റ് ബാറ്റ കൊടുക്കുന്നത്. മലയാളസിനിമയിലിപ്പോൾ ദിവസം എട്ടു മണിക്കൂർ പോലും തികച്ച് ഷൂട്ട് ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ്. 12 മണിക്കൂർ ഷൂട്ടു ചെയ്തിരുന്നിടത്ത് 8 മണിക്കൂറു പോലും തികച്ച് പണി നടക്കുന്നില്ല. നടന്മാർക്ക് ഒത്തിരി എക്സ്ക്യൂസുകൾ ഉണ്ട്. ഉറക്കം നഷ്ടപ്പെടുത്താൻ വയ്യ, ജിമ്മിൽ പോകണം…അവിടെ പോകണം.. ഇവിടെ പോകണം.. അങ്ങനെ അവരുടേതായ ഒരുപാടു കാര്യങ്ങളുണ്ട്. .. ഇങ്ങനെയൊന്നും ഇല്ലായിരുന്ന ഒരു കാലവും സിനിമാചരിത്രത്തത്തിനുണ്ട്. നസീർ സാറും കൃഷ്ണൻ നായർ സാറും മുറി കിട്ടാതെ ഒരു മൺതിട്ടയിൽ കിടന്നുറങ്ങുന്ന ഒരു ചിത്രം ഈയിടെ കണ്ടിരുന്നു.

• യുവതാരങ്ങളുടെ ‘പുതിയ ശീലങ്ങൾ’ തിരിച്ചടിയാകും

നിർമാതാക്കൾ ഭീമമായ നഷ്ടമാണ് നേരിടുന്നത്. പോരാത്തതിന് പുതിയ തലമുറയുടെ പുതു‘ശീല’ങ്ങളെക്കുറിച്ചും അറിയാമല്ലോ. അതെല്ലാം തെറ്റായ കാര്യങ്ങളാണ്. രണ്ടു പേരെ അസോസിയേഷൻ ബാൻ ചെയ്തു വച്ചിരിക്കുകായണ്. ഒരാൾ കഴിഞ്ഞ ദിവസം വീണ്ടും പടം തുടങ്ങി. അതിനെതിരെ നടപടി എടുക്കേണ്ടിവന്നു. അത്രയെറെ കഷ്ടമാണ് സ്ഥിതി.

• ഫുഡ് ഫൈവ് സ്റ്റാർ തന്നെ

ലൊക്കേഷനിൽ ഫുഡ് വരുന്നത് പല ഹോട്ടലുകളിൽ നിന്നാണ്. ഫൈവ് സ്റ്റാർ ഹോട്ടലുകളിലല്ലാതെ ആരും താമസിക്കുന്ന പ്രശ്നമില്ല. നല്ല ശുദ്ധമായ ആഹാരം എന്നതല്ല, ഫൈവ് സ്റ്റാറിൽ നിന്നെടുക്കുന്ന ആഹാരം തന്നെ വേണം. ‘ചമ്പൽക്കാട്’ എന്ന സിനിമ ഷൂട്ടുചെയ്യുമ്പോള്‍ പൊന്മുടി ഗെസ്റ്റ് ഹൗസിന്റെ വരാന്തയിൽ എല്ലാവരും കൂടി പായ വിരിച്ചുകിടന്നതിന്റെ കഥയറിയാം. മമ്മൂട്ടിയും രതീഷിനും ഒരു മുറി കിട്ടി. കുറച്ചുപേർ അവിടെ ചെന്ന് അവരുടെ കട്ടിലിനു താഴെ പായ വിരിച്ചു കിടക്കുകയായികുന്നു. ആ മനോഭാവമൊന്നും ഇപ്പോഴത്തെ തലമുറയ്ക്കില്ല.

You might also like

Leave A Reply

Your email address will not be published.