വിമാനത്തെ വെല്ലുന്ന സൗകര്യങ്ങളുമായി വന്ദേഭാരത് കേരളത്തിലേക്ക്

0

180 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കുന്ന വന്ദേഭാരത് വരുന്നതോടെ സില്‍വര്‍ ലൈന്‍ പദ്ധതി അപ്രസക്തമാവും; ഒരു ട്രെയിനിന് നിര്‍മ്മാണ ചെലവ് 100കോടി രൂപ; മോദിയുടെ അഭിമാനമാവാന്‍ 44 വന്ദേഭാരത് ട്രെയിനുകള്‍ നിര്‍മ്മാണത്തിന്റെ അവസാന ഘട്ടത്തില്‍ മൂന്നുവര്‍ഷത്തിനകം 400ട്രെയിനുകള്‍ ഓടിക്കുമെന്നാണ് ബഡ്ജറ്റ് പ്രഖ്യാപനം. ആസാദി കി അമൃത് മഹോത്സവിന്റെ ഭാഗമായി 75 ആഴ്ച കൊണ്ട് 7 5വന്ദേഭാരത് ട്രെയിനുകളാണ് പ്രധാനമന്ത്രിയുടെ വാഗ്ദാനം. അങ്ങനെയെങ്കില്‍ ചെന്നൈ, ഹൈദരാബാദ്, ബംഗളുരു നഗരങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വന്ദേഭാരത് സര്‍വീസുകള്‍ക്ക് സാദ്ധ്യതയുണ്ട്.രാജ്യത്തെ 300 നഗരങ്ങളെ വന്ദേഭാരത് ട്രെയിനുകളിലൂടെ ബന്ധിപ്പിക്കുമെന്ന പ്രഖ്യാപനവും കേന്ദ്രസര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. അത്യാധുനിക സൗകര്യങ്ങളുമായി 180കിലോമീറ്റര്‍ വേഗതയില്‍ കുതിക്കുന്ന വന്ദേഭാരത് വരുന്നതോടെ, പിണറായി സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ പദ്ധതി അപ്രസക്തമായി മാറും. ബംഗളുരു-എറണാകുളം, ഹൈദരാബാദ്-എറണാകുളം, ചെന്നൈ-എറണാകുളം, കണ്ണൂര്‍-തിരുവനന്തപുരം റൂട്ടുകളിലാണ് വന്ദേഭാരത് പ്രതീക്ഷിക്കപ്പെടുന്നത്.ചെന്നൈ ഇന്റഗ്രല്‍ കോച്ച്‌ ഫാക്ടറിയിലും ഉത്തര്‍പ്രദേശ് റായ്ബറേലിയിലെ മോഡേണ്‍ കോച്ച്‌ ഫാക്ടറിയിലും 44ട്രെയിനുകള്‍ നിര്‍മ്മാണത്തിലാണ്. അതിവേഗം നിര്‍മ്മാണം പൂര്‍ത്തിയാക്കി കേരളത്തിലടക്കം വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രാജ്യത്തെ മൂന്നാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ഗാന്ധിനഗര്‍ – മുംബയ് റൂട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. ന്യൂഡല്‍ഹി – വാരണാസിയാണ് വന്ദേഭാരതിന്റെ ആദ്യ സര്‍വീസ്. ന്യൂഡല്‍ഹി – ശ്രീ മാതാ വൈഷ്ണോ ദേവി കത്രയാണ് രണ്ടാമത്തേത്.തദ്ദേശീയമായി രൂപകല്പന ചെയ്ത സെമിഹൈ സ്പീഡ് സെല്‍ഫ് പ്രൊപ്പല്‍ഡ് ട്രെയിനാണിത്. 160 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 140 സെക്കന്‍ഡ് മതി. ജി.എസ്.എം / ജി.പി.ആര്‍.എസ് വഴി നിയന്ത്രിക്കുന്ന ശീതീകരണ സംവിധാനമുണ്ട്. കോച്ചുകളില്‍ പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഇന്‍ഫോടെയ്ന്മെന്റ് സിസ്റ്റമുണ്ട്. ഓട്ടോമാറ്റിക് പ്ലഗ് ഡോറുകളും കോച്ചുകളില്‍ ടച്ച്‌ ഫ്രീ സ്ലൈഡിങ് വാതിലുകളുമുണ്ട്. എക്സിക്യുട്ടീവ് ക്ലാസില്‍ കറങ്ങുന്ന സീറ്റുകളാണുള്ളത്. വിമാനത്തിലേതു പോലെ ബയോവാക്വം ടോയ്‌ലറ്റുകളും വന്ദേഭാരത് ട്രെയിനിലുണ്ട്.സാധാരണ ഗതിയില്‍ 500 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സര്‍വീസുകള്‍ക്കാണ് ചെയര്‍കാര്‍ മാത്രമുള്ള വന്ദേഭാരത് ഉപയോഗിക്കുന്നത്. എന്നാല്‍ കേരളത്തിലേക്ക് ഏറ്റവും തിരക്കേറിയ റൂട്ടുകളിലൊന്നായ ബംഗളുരുവില്‍ നിന്ന് സര്‍വീസ് തുടങ്ങാനാണ് ദക്ഷിണ റെയില്‍വേയുടെ ശുപാര്‍ശ. 180കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാനാവുന്ന ട്രെയിനിന്റെ പ്രഖ്യാപിത വേഗത 160കിലോമീറ്ററാണ്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ തദ്ദേശീയമായി നിര്‍മ്മിച്ച അത്യാധുനിക ട്രെയിനാണിത്. മികച്ച സീറ്റുകള്‍, ഇന്റീരിയറുകള്‍, ഓട്ടോമാറ്രിക് ഡോറുകള്‍ എന്നിവയുണ്ട്.പുഷ്ബാക്ക് സംവിധാനമുള്ള സീറ്റുകള്‍, ബാക്ടീരിയ രഹിതമായ എയര്‍കണ്ടിഷനിങ്, കേന്ദ്രീകൃത കോച്ച്‌ മോണിട്ടറിങ്, ഓരോ കോച്ചിലും നാല് എമര്‍ജന്‍സി വാതിലുകള്‍ എന്നിവയുണ്ട്. ബോഗിക്കടിയിലേക്ക് വെള്ളം കയറാത്ത ഡിസൈന്‍, വൈദ്യുതിയില്ലെങ്കിലും കത്തുന്ന എമര്‍ജന്‍സി ലൈറ്റുകള്‍ എന്നിവയെല്ലാമുള്ള ഒരു ട്രെയിനിന്റെ നിര്‍മ്മാണചെലവ് 100കോടി രൂപയാണ്.വന്ദേഭാരത് കേരളത്തിലെത്തിയാലും 160കിലോമീറ്റര്‍ വേഗത്തിലോടാനാവില്ല. പ്രധാനതടസം ട്രാക്കുകളിലെ വളവുകളാണ്. വേഗം കൂട്ടണമെങ്കില്‍ നിലവിലെ ട്രാക്കില്‍ 36ശതമാനം നിവര്‍ത്തിയെടുക്കണം. നഗരമദ്ധ്യത്തിലാണ് വളവുകളേറെയും. നിരവധി സ്റ്റേഷനുകള്‍ മാറ്റിസ്ഥാപിക്കേണ്ടിയും വരും. എന്നാല്‍ ഡല്‍ഹി-വാരണാസി ട്രെയിനിന് 81കിലോമീറ്ററും ഡല്‍ഹി-കത്ര ട്രെയിനിന് 94കിലോമീറ്ററുമാണ് ശരാശരി വേഗത. കേരളത്തില്‍ 80കിലോമീറ്ററിനു മേല്‍ വന്ദേഭാരതിന് വേഗം കൈവരിക്കാനാവില്ലെന്ന് കെ-റെയില്‍ അധികൃതര്‍ പറയുന്നു. നിലവില്‍ എറണാകുളം-ഷൊര്‍ണൂര്‍ പാതയില്‍ 80കിലോമീറ്ററാണ് ശരാശരി വേഗമെങ്കിലും ഷൊര്‍ണൂര്‍-മംഗലാപുരം പാതയില്‍ 110കിലോമീറ്റര്‍ സാദ്ധ്യമാണ്. ജനശതാബ്ദി, രാജധാനി ട്രെയിനുകളെപ്പോലെ മുന്‍ഗണന നല്‍കി, മറ്റുചില ട്രെയിനുകള്‍ പിടിച്ചിട്ട് വന്ദേഭാരത് കടത്തിവിടേണ്ടിവരും.

You might also like

Leave A Reply

Your email address will not be published.