കോളേജ് വിദ്യാര്‍ത്ഥികളുടെ വിനോദയാത്ര ; തൂക്കിയെടുത്ത് എംവിഡി; പെര്‍മിറ്റ് റദ്ദാക്കി പിഴ ചുമത്തി

0

എടത്തല എംഇഎസ് കോളേജില്‍ നിന്ന് പുറപ്പെട്ട ‘ എക്‌സ്‌പ്ലോഡ്’ എന്ന ബസാണ് വാഴക്കുളത്ത് വച്ച്‌ പിടികൂടിയത്.ആലുവ ജോയിന്റ് ആര്‍ടിഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് ടൂറിസ്റ്റ് ബസ് പിടിച്ചടുത്തത്.കൊടൈക്കനാലിലേക്കായിരുന്നു യാത്ര.വിനോദ യാത്ര പോകുന്നതിന് മുന്‍പ് വാഹനങ്ങളുടെ വിവരങ്ങള്‍ എംവിഡിയ്‌ക്ക് നല്‍കണമെന്ന് കോളേജിനെ അറിയിച്ചിരുന്നു. അങ്ങനെ നടത്തിയ അടിയന്തര പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.പരിശോധനയില്‍ ബസില്‍ ഒട്ടേറെ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനാലാണ് വിനോദയാത്ര മുടക്കി ബസ് കൈയ്യോടെ പിടികൂടിയത്. ബസിന്റെ ബോഡിയുടെ നിറം മാറ്റിയെന്നും അനധികൃത കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയെന്നും നിയമവിധേയമല്ലാത്ത ലൈറ്റുകളും ഉയര്‍ന്ന ശബ്ദക്രമീകരണങ്ങളും നടത്തിയിരുന്നതായി എംവിഡി വ്യക്തമാക്കി. ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി. 17,000 രൂപ പിഴ ചുമത്തി.അതേസമയം ഓപ്പറേഷന്‍ ഫോക്കസ് 3യുടെ ആദ്യദിനം മാത്രം 1279 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.സ്പീഡ് ഗവേര്‍ണര്‍ ഉപയോഗിക്കാത്തതിന് 85 ബസ്സുകള്‍ പിടികൂടി. അനധികൃത രൂപമാറ്റം നടത്തിയ 68 ബസ്സുകള്‍ക്കെതിരെയും നടപടിയെടുത്തു.രണ്ട് ബസ്സുകളുടെ രജിസ്‌ട്രേഷനും 9 ഡ്രൈവര്‍മാരുടെ ലൈസന്‍സും റദ്ദാക്കി. 26.15 ലക്ഷം രൂപയാണ് പിഴയായി ചുമത്തിയത്. എട്ടു ബസുകളുടെ ഫിറ്റ്‌നസും റദ്ദാക്കി.

You might also like

Leave A Reply

Your email address will not be published.