യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം: കെഎസ് യുഎം ഇന്നവേറ്റേഴ്സ് പ്രിവിലേജ് കാര്‍ഡ് അഞ്ച് ടീമിന്

0

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷനും (കെഎസ് യുഎം) കേരള ഡെവലപ്മെന്‍റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്ക്കും) സംയുക്തമായി നടത്തിയ യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമില്‍ (വൈഐപി) തിരഞ്ഞെടുക്കപ്പെട്ട അഞ്ച് ടീമുകള്‍ കെഎസ് യുഎമ്മിന്‍റെ ഇന്നൊവേറ്റേഴ്സ് പ്രിവിലേജ് കാര്‍ഡ് കരസ്ഥമാക്കി. സ്കൂള്‍-കോളേജ് തലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രിവിലേജ് കാര്‍ഡ് സ്വന്തമായത്. ഇതോടെ ഈ ടീമുകള്‍ക്ക് കെഎസ് യുഎമ്മിന്‍റെ സ്കീമുകള്‍, ഗ്രാന്‍റുകള്‍, നിക്ഷേപം, മാര്‍ഗനിര്‍ദേശം, ഫാബ് ലാബ്, ക്രോസ് സെയില്‍ പ്ലാറ്റ് ഫോമുകള്‍, ഇന്‍കുബേഷന്‍ എന്നിവയില്‍ മുന്‍ഗണന ലഭിക്കും. കെഎസ് യുഎം സംഘടിപ്പിക്കുന്ന ഉച്ചകോടികളിലും ബിഗ് ഡെമോ ഡേ സമ്മേളനങ്ങളിലും മറ്റ് ആനുകൂല്യങ്ങള്‍ക്ക് വേണ്ടിയുള്ള മത്സരങ്ങളിലും ഇവര്‍ക്ക് സൗജന്യമായി പങ്കെടുക്കാനാകും.

തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഉല്പ്പന്നങ്ങളുടെ ആദ്യ രൂപകല്പന പൂര്‍ത്തിയായി. ആലപ്പുഴ സനാതന ധര്‍മ്മ കോളേജ്, അങ്കമാലി ചുള്ളിയിലെ സെന്‍റ് ജോര്‍ജ് ഇംഗ്ലീഷ് മീഡിയം എല്‍പി സ്കൂള്‍, നോര്‍ത്ത് പറവൂരിലെ പുല്ലംകുളം എസ് എന്‍ എച്ച് എസ് എസ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളുടെ അഞ്ച് ആശയങ്ങളാണ് ഉല്പന്ന രൂപത്തിലെത്തിച്ചത്. ഫിംഗര്‍പ്രിന്‍റ് ബൈക്ക് സ്റ്റാര്‍ട്ടര്‍, ഓട്ടോമാറ്റിക് വാട്ടര്‍ ലെവല്‍ ഇന്‍ഡിക്കേറ്റര്‍, കുളവാഴയെ ഫലപ്രദമായി നിയന്ത്രിക്കാനും ഉപയോഗപ്രദമാക്കാനുമുള്ള സാങ്കേതികവിദ്യ, സോളാര്‍ വാട്ടര്‍ ഹീറ്ററും ഡ്രയറും, ഊര്‍ജ്ജം ലാഭിക്കുന്ന പാചക പാത്രങ്ങള്‍ എന്നിവയാണ് ഇവര്‍ നിര്‍മ്മിച്ചത്.

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ഇത്തരം പുതിയ ആശയങ്ങള്‍ ഉയര്‍ന്നുവരുന്നതില്‍ സന്തോഷമുണ്ട്. വിദ്യാര്‍ത്ഥികളുടെ ആശയങ്ങള്‍ പ്രശംസനീയമാണെന്നും അവ വികസിപ്പിക്കാന്‍ ആവശ്യമായ പിന്തുണ കെഎസ് യുഎം നല്‍കുമെന്നും സിഇഒ അനൂപ് അംബിക പറഞ്ഞു.  വളര്‍ന്നുവരുന്ന പ്രതിഭകളെ ശരിയായി പരിപോഷിപ്പിക്കേണ്ടതുണ്ട്. അത് സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷം വര്‍ദ്ധിപ്പിക്കുന്നതിനുള്ള കെഎസ് യു എമ്മിന്‍റെ ശ്രമങ്ങള്‍ക്ക് പ്രോത്സാഹനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെഎസ് യുഎമ്മും കെ-ഡിസ്‌ക്കും സംയുക്തമായി നടത്തിയ യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമിന്‍റെ (വൈഐപി) ഭാഗമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ (കെഎസ് യുഎം) ഇന്നൊവേറ്റേഴ്സ് പ്രിവിലേജ് കാര്‍ഡ് നേടിയ ആലപ്പുഴ എസ്ഡി കോളജിലെ വിദ്യാര്‍ഥികളായ അനൂപ് കുമാര്‍ .വി, ആര്യ .എസ്, ഹരികൃഷ്ണ എന്നിവര്‍.

വൈ ഐ പി യുടെ ഭാഗമായി 2019 ല്‍ തിരഞ്ഞെടുക്കപ്പെട്ട 15 പ്രോജക്ടുകള്‍ക്ക് കെഎസ് യുഎം സാമ്പത്തിക സഹായം നല്കിയിരുന്നു. ഇതില്‍ അഞ്ച് പ്രോജക്ടുകളുടെ ആദ്യ രൂപകല്പന വിജയകരമായി പൂര്‍ത്തിയാക്കുകയും കെഎസ് യുഎമ്മിനു മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.

ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന വിധം പുതിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യുവജനങ്ങളെ ശാക്തീകരിക്കാന്‍ വൈ ഐ പി യിലൂടെ ലക്ഷ്യമിടുന്നു.

You might also like

Leave A Reply

Your email address will not be published.