മഞ്ചസ്റ്റര്‍ സിറ്റിയെ ഞെട്ടിച്ച തിരിച്ചുവരവുമായി റയല്‍ മാഡ്രിഡ് ചാമ്ബ്യന്‍സ് ലീഗ് ഫൈനലില്‍

0

ആദ്യ പാദത്തിലെ 4-3 പോരാട്ടം മതിയാവാത്തവര്‍ക്ക് അതിനേക്കാള്‍ വലിയൊരു എന്റര്‍ടെയ്നര്‍ ഇന്ന് ബെര്‍ണബെയുവില്‍ ലഭിച്ചു. 90ആം മിനുട്ട് വരെ പിറകിലായിരുന്ന റയല്‍ മാഡ്രിഡ് 80 സെക്കന്‍ഡുകള്‍ക്ക് ഇടയില്‍ പിറന്ന രണ്ട് ഗോളുകളുടെ ബലത്തില്‍ കളി തിരിച്ചു പിടിക്കുന്ന കണ്ട അത്ഭുത രാത്രി.
ഇന്ന് 3-1ന് വിജയിച്ച റയല്‍ മാഡ്രിഡ് 6-5ന്റെ അഗ്രിഗേറ്റ് സ്കോറിലാണ് മാഞ്ചസ്റ്റര്‍ സിറ്റിയെ മറികടന്നത്.ഇന്ന് ബെര്‍ണബെയുവില്‍ റയല്‍ മാഡ്രിഡ് ആണ് നന്നായി കളി തുടങ്ങിയത്. ബെന്‍സീമയ്ക്ക് ആദ്യ പകുതിയില്‍ രണ്ട് നല്ല അവസരങ്ങള്‍ ലഭിച്ചു എങ്കിലും പതിവില്‍ നിന്ന് മാറി ബെന്‍സീമയുടെ കിക്ക് ലക്ഷ്യത്തിലേക്ക് പോയില്ല. കളിച്ചത് റയല്‍ മാഡ്രിഡ് ആണെങ്കിലും ആദ്യ പകുതിയിലെ രണ്ട് നല്ല അവസരങ്ങള്‍ സിറ്റിക്ക് ആണ് ലഭിച്ചത്‌. ബെര്‍ണാടോ സില്‍വയുടെയും ഫോഡന്റെയും ഒരോ ഷോട്ടുകള്‍ കോര്‍തോ ഇത്തിരി പണി എടുത്താണ് സേവ് ചെയ്തത്.രണ്ടാം പകുതി റയല്‍ മാഡ്രിഡ് മനോഹരമായാണ് തുടങ്ങിയത്‌. കിക്കോഫില്‍ നിന്ന് തുടങ്ങിയ ആക്രമണം വിനീഷ്യസില്‍ എത്തി എങ്കിലും വിനീഷ്യസിന് പന്ത് ടാര്‍ഗറ്റിലേക്ക് പോലും തൊടുക്കാന്‍ ആയില്ല. അധികം അവസരങ്ങള്‍ സൃഷ്ടിക്കപ്പെടാതെ പോയ മത്സരത്തില്‍ 72ആം മിനുട്ടിലാണ് മാഞ്ചസ്റ്റര്‍ സിറ്റി ഗോള്‍ കണ്ടെത്തിയത്.ബെര്‍ണാടോ സില്‍വയുടെ പാസില്‍ നിന്ന് മഹ്റെസിന്റെ ഇടം കാലന്‍ ഷോട്ട് തടയാന്‍ കോര്‍തോക്ക് ആയില്ല. സ്കോര്‍ 0-1. ഇതിനു ശേഷം ആഞ്ചലോട്ടി മാറ്റങ്ങള്‍ നടത്തി നോക്കി. അവസാനം 90ആം മിനുട്ടില്‍ റോഡ്രിഗോയിലൂടെ ഒരു ഗോള്‍ റയല്‍ മാഡ്രിഡ് മടക്കി. ബെന്‍സീമയുടെ അസിസ്റ്റില്‍ നിന്നായിരുന്നു റോഡ്രിഗീയുടെ ഗോള്‍. സ്കോര്‍ 1-1. അഗ്രിഗേറ്റില്‍ 4-5 ഇനി നിമിഷങ്ങള്‍ മാത്രം ബാക്കി. മാഞ്ചസ്റ്റര്‍ സിറ്റി ഭയന്നത് തന്നെ സംഭവിച്ചു നിമിഷങ്ങള്‍ക്ക് അകം റോഡ്രിഗോയുടെ രണ്ടാം ഗോള്‍. കാര്‍വഹാലിന്റെ ക്രോസില്‍ നിന്നായിരുന്നു ഹെഡര്‍. ആദ്യ 90 മിനുട്ടില്‍ ഒരു ഷോട്ട് ടാര്‍ഗറ്റില്‍ ഇല്ലാത്ത റയല്‍ മാഡ്രിഡ് ആണ് അവസാനം ഞെട്ടിച്ചത്.കളി എക്സ്ട്രാ ടൈമിലേക്ക് എത്തി. എക്സ്ട്രാ ടൈമില്‍ അധികം താമസിയാതെ റയലിന് അനുകൂലമായ പെനാള്‍ട്ടി വന്നു. 95ആം മിനുട്ടില്‍ പെനാള്‍ട്ടി എടുത്ത ബെന്‍സീമ പന്ത് ലക്ഷ്യത്തില്‍ എത്തിച്ചു. ബെന്‍സീമയുടെ സീസണിലെ 43ആം ഗോള്‍. സ്കോര്‍ 3-1 അഗ്രിഗേറ്റ് 6-5. പിന്നീട് ബെന്‍സീമയെ പിന്‍വലിക്കേണ്ടി വന്നു എങ്കിലും റയല്‍ വിജയം ഉറപ്പിച്ച്‌ ഫൈനലിലേക്ക് മാര്‍ച്ച്‌ ചെയ്തു.ലിവര്‍പൂളിനെ ആകും റയല്‍ മാഡ്രിഡ് ഫൈനലില്‍ നേരിടുക.

You might also like

Leave A Reply

Your email address will not be published.