ജീവിതശൈലി രോഗങ്ങൾ

0

ജീവിത ശൈലിയിലുള്ള മാറ്റങ്ങളാണ് ജീവിതശൈലി രോഗങ്ങൾക്ക് കാരണമെന്ന് നമുക്കെല്ലാവർക്കും അറിയാം. കേരളത്തിൽ ഏതൊക്കെ ജീവിതശൈലിരോഗങ്ങൾ ആണുള്ളത് എന്ന് നമുക്ക് നോക്കാം. ഏറ്റവും കൂടുതലായി കാണുന്ന ജീവിതശൈലി രോഗം പ്രമേഹമാണ് ഒന്നാമത്തേത്, രണ്ടാമത്തേത് ഉയർന്ന രക്തസമ്മർദം, മൂന്നാമത്തെ രോഗം ശരീരത്തിൽ കൊഴുപ്പിന്റെ അളവ് കൂടുന്ന ഹൈപ്പർലൈപ്പിഡീമിയ എന്ന അവസ്ഥ, നാലാമത്തേത് അമിതവണ്ണം അല്ലെങ്കിൽ പൊണ്ണത്തടി,
അഞ്ചാമത്തേത് ഹൃദ്രോഗം, ആറാമത്തേത് ക്യാൻസർ.കേരളത്തിലെ കണക്കുകൾ സൂചിപ്പിക്കുന്നത് ഏകദേശം നാലിൽ ഒരാൾക്ക് പ്രമേഹം ഉണ്ടെന്നാണ്. അതായത് നൂറിൽ 25 പേർക്ക് പ്രമേഹരോഗം ഉണ്ട്. 45 വയസ്സിന് മുകളിലുള്ള ഉള്ള 100 പേരെ എടുത്താൽ 65 പേർക്കാണ് ഈ രോഗം ഉള്ളത്. 25 വയസ്സിന് താഴെയുള്ള ഉള്ളവർക്ക് പോലും ടൈപ്പ് 2 പ്രമേഹരോഗം ധാരാളമായി നമ്മുടെ നാട്ടിൽ കണ്ടുവരുന്നുണ്ട്. ഇന്ന് ഇന്ത്യയിലെ പ്രമേഹരോഗത്തിൻറെ തലസ്ഥാനമായി അറിയപ്പെടുന്നത് കേരളമാണ്.

ആരോഗ്യരംഗത്ത് വളരെ പുരോഗതി നേടിയ നമ്മുടെ സംസ്ഥാനത്തിന് എന്തുകൊണ്ടാണ് ജീവിതശൈലി രോഗങ്ങൾ പിടിച്ചുകെട്ടാൻ പറ്റാതെ വരുന്നത് എന്നതൊരു വലിയ ചോദ്യചിഹ്നമാണ്.

നമ്മുടെ ജീവിതശൈലിയിൽ ഏറ്റവും പ്രധാനപ്പെട്ടത് നാം കഴിക്കുന്ന ഭക്ഷണരീതി തന്നെയാണ്.

ഏതെങ്കിലും ഒരു രോഗം വന്ന് നമ്മൾ ഡോക്ടറുടെ അടുത്ത് പോയി ചികിത്സ തേടുമ്പോൾ നാം ചോദിക്കാറുള്ള പ്രധാനപ്പെട്ട കാര്യങ്ങളാണ് ഏതൊക്കെ ഭക്ഷണം കഴിക്കാം, ഏതൊക്കെ ഭക്ഷണം കഴിക്കാൻ പാടില്ല, എന്നതു കൂടാതെ, നിങ്ങൾ ഈ ഭക്ഷണം കഴിച്ചത് കൊണ്ടാണ് കൊളസ്ട്രോൾ വന്നത് എന്ന ഡോക്ടറുടെ സ്ഥിരം ഡയലോഗും നമുക്ക് സുപരിചിതമാണ്. എന്നാൽ എന്ത് കഴിക്കണമെന്നോ, എങ്ങനെ കഴിക്കണമെന്നോ എന്തൊക്കെ വർജിക്കണമെന്നുള്ള കൃത്യമായ അറിവ് നമ്മുടെ സമൂഹത്തിന് തുലോം കുറവാണ്. അതിനാൽ തന്നെ മലയാളികൾ ഇന്ന് കണ്ടുവരുന്ന ജീവിതശൈലി രോഗങ്ങൾക്ക് അടിമ ആകുകയും അതിൽ നിന്ന് ഒരു മോചനം നേടാത്ത രീതിയിൽ അതു നമ്മെ കാർന്നു തിന്നുന്ന ഒരു അവസ്ഥയിലേക്ക് എത്തിച്ചേരുന്ന സ്ഥിതിവിശേഷമാണുള്ളത്.

നമ്മുടെ മാറിയ ശീലങ്ങൾ

തവിടുള്ള അരി കഴിക്കാറുണ്ടായിരുന്ന നമ്മളിപ്പോൾ കഴിക്കുന്നത് തവിട് കളഞ്ഞ റിഫൈൻഡ് അരിയും അതുകൊണ്ടുണ്ടാക്കുന്ന പലഹാരങ്ങളുമാണ് കഴിക്കുന്നത്.വെളിച്ചെണ്ണയ്ക്ക് പകരം റിഫൈന്‍ഡ് വെജിറ്റബിൾ ഓയിലാണ് നമ്മുടെ അടുക്കളയിൽ കൂടുതലായി ഉപയോഗിക്കുന്നത്.തേങ്ങാപ്പാലുപയോഗിച്ച് മീൻകറി വെച്ചു കഴിച്ചിരുന്ന നമ്മൾ ഇന്ന് റിഫൈന്‍ഡ് വെജിറ്റബിൾ ഓയിൽ വറുത്ത മത്സ്യമാണ് കഴിക്കുന്നത്, അതുപോലെ തന്നെയാണ് മാംസാഹാരങ്ങളും കഴിക്കുന്നത്.പച്ചപുല്ല് തിന്നുന്ന പശുവിൻ്റെ പാലും, നെയ്യും, വെണ്ണയും തൈരും ഉപയോഗിച്ചുകൊണ്ടിരുന്ന നമ്മളിപ്പോൾ ഡാൽഡയും, പാക്കറ്റ് പാലും, പാക്കറ്റ് തൈര്നെയുമാണ് ആശ്രയിച്ചിരിക്കുന്നത്.തൊടിയിൽ നിന്നുള്ള പേരക്കയും ചാമ്പങ്ങയും, ആത്തച്ചക്ക (സീതപ്പഴം), സപ്പോട്ട, എന്നിവ ഒഴിവാക്കി പാക്കറ്റിൽ വരുന്ന ബിസ്ക്കറ്റ്, ചോക്കളേറ്റ്, ചിപ്സുകൾ, എന്നിവയാണ് നമ്മുടെ കുട്ടികൾ ഇന്ന് ലഘുഭക്ഷണമായി കഴിക്കുന്നത്. കശുവണ്ടിയും കപ്പലണ്ടിയും കഴിച്ചു നടക്കുന്ന കൗമാരക്കാരെ പോലും ഇന്ന് കാണാനില്ല.കപ്പയും മധുരക്കിഴങ്ങും, കാച്ചിലും ആഴ്ചയിൽ ഒരിക്കലെങ്കിലും പുഴുങ്ങി കഴിച്ചിരുന്ന നമ്മൾ ഇന്ന് ബ്രെഡും പിസയും ബർഗറും ആണ് ആഴ്ചയിൽ ഒരു തവണയിൽ കൂടുതൽ കഴിക്കുന്നത്.താള്, തകര, തഴുതാമ, ചുവന്ന ചീര, മലബാർ ചീര, പച്ചചീര, മുരിങ്ങയില, ചേമ്പില, ചേനയില, മത്തൻ ഇല, കുമ്പളത്തിന്റെ ഇല, ചൊറിയണത്തിന്റെ ഇല, എന്നിവ നമ്മൾ മലയാളികളുടെ ഒഴിച്ചുകൂടാനാവാത്ത ഭക്ഷണശീലം ആയിരുന്നുവെങ്കിൽ ഇന്ന് ഈ ഇലകളിൽ ഏതെങ്കിലുമൊന്ന് മാസത്തിൽ ഒരു തവണ എങ്കിലും കഴിക്കുന്ന ആൾക്കാരുടെ എണ്ണം വളരെ വളരെ കുറവാണ്.ചേന, ചേമ്പ് , വാഴക്കൂമ്പ്, വാഴപ്പിണ്ടി, പപ്പായ, ചക്ക, ശീമചക്ക, എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന കറികൾ ഇപ്പോൾ യൂട്യൂബിൽ മാത്രം കാണാൻ പറ്റുന്ന നാടൻ കറികൾ ആണ്. ഇവയൊന്നും നമ്മുടെ അടുക്കളയിൽ കാലാകാലങ്ങളായി കയറാറില്ല.ജീരകവെള്ളം, ഉലുവ തിളപ്പിച്ച വെള്ളം, കരിങ്ങാലി വെള്ളം, കരിക്കിൻ വെള്ളം എന്നിവയ്ക്കു പകരം കൊക്കക്കോള, പെപ്സി എന്നീ കാർബണേറ്റഡ് പാനിയങ്ങളോടാണ് നമുക്ക് താല്പര്യം.നമ്മുടെ ശരീരം നിർമ്മിച്ചിരിക്കുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നുമുള്ള വിവിധ ഘടകങ്ങൾ ഉപയോഗിച്ചാണ്, ശരീരത്തിനാവശ്യമായ സർവ്വപ്രധാനമായ ഘടകങ്ങളെ പോഷകാംശങ്ങൾ എന്നാണ് പറയുക. ഇതിൻ്റെ ഏറ്റക്കുറച്ചിലുകൾ പല അസുഖങ്ങളിലേക്കും വഴി തെളിച്ചേക്കാം. മുകളിൽ പറഞ്ഞ മാറിയ ഭക്ഷണരീതി കാരണം നമ്മുടെ ശരീരത്തിലേക്ക് എത്തേണ്ട പല പോഷകാംശങ്ങൾ എത്താതിരിക്കുകയും അവയിൽ ചിലത് അമിതമായി എത്തുകയും ചെയ്തതിന്റെ പരിണിത ഫലമായാണ് ജീവിതശൈലി രോഗങ്ങൾ (മെറ്റബോളിക് സിൻഡ്രോം) ഉണ്ടാകുന്നത്.ഒരു മരുന്നു മാത്രം കഴിച്ചത് കൊണ്ട് മാറുന്ന ഒരു അസുഖമല്ല ഈ ജീവിതശൈലി രോഗങ്ങൾ, അങ്ങനെയാണെങ്കിൽ ഈ സമയം കൊണ്ട് ജീവിതശൈലിരോഗങ്ങൾ പൂർണ്ണമായും മാറേണ്ട ഒന്നായിരുന്നു, മാറിയില്ല എന്ന് മാത്രമല്ല ഈ അസുഖങ്ങൾ പതിന്മടങ്ങ് കൂടുകയാണ് ഉണ്ടായത് . അതിനാൽ ഈ അസുഖങ്ങൾ ഉള്ള ആളുകൾ അവരുടെ ഭക്ഷണ രീതിയിൽ ഉണ്ടാക്കുന്ന ഗുണപരമായ മാറ്റങ്ങൾ കൊണ്ടു ജീവിതശൈലി രോഗങ്ങളിൽ നിന്നും പൂർണ്ണമായും പുറത്തു കടക്കുവാൻ പറ്റുകയുള്ളൂ.മുകളിൽ പറഞ്ഞ നല്ല ശീലങ്ങളിൽ കുറച്ചെങ്കിലും തിരിച്ചു കൊണ്ടുവരികയും മോശം ശീലങ്ങൾ ഒഴിവാക്കുകയും ചെയ്താൽ അത് ജീവിതശൈലി രോഗങ്ങൾ ഉള്ള പലർക്കും ഉപകാരപ്പെട്ടേക്കാം.

You might also like

Leave A Reply

Your email address will not be published.