97 വയസായിരുന്നു. മലയാള സിനിമയില്‍ ഏറ്റവും മുതിര്‍ന്ന നടനായിരുന്നു അദ്ദേഹം.1954ല്‍ പുറത്തിറങ്ങിയ സ്‌നേഹസീമയിലൂടെയാണ് ജി.കെ പിളള എന്ന ജി.കേശവപിളള മലയാള സിനിമയിലേക്കെത്തിയത്.തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴില്‍ പെരുംപാട്ടത്തില്‍ ഗോവിന്ദപിള്ളയുടെയും ജാനകിയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. ചിറയിന്‍കീഴ് ശ്രീചിത്തിരവിലാസം സ്‌കൂളില്‍ വിദ്യാഭ്യാസം. പല ക്ലാസുകളിലായി ഇക്കാലയളവില്‍ ഇദ്ദേഹത്തോടൊപ്പം പ്രേംനസീര്‍, ഭരത് ഗോപി, ശോഭന പരമേശ്വരന്‍ നായര്‍ തുടങ്ങിയവര്‍ ഈ സ്‌കൂളില്‍ പഠിച്ചിരുന്നു.97 കഴിഞ്ഞ ജി കെ പിള്ളയുടെ അഭിനയജീവിതം 67 വര്‍ഷം നീണ്ടുനിന്നു. കളിക്കൂട്ടുകാരനായ പ്രേംനസീര്‍ നായകനായ സിനിമകളിലാണ് ജി.കെ പിളള വില്ലനായി ഏറ്റവും കൂടുതല്‍ അഭിനയിച്ചതും. സിനിമയില്‍ പ്രേംനസീറാണ് പ്രചോദനം. പട്ടാളജീവിതം ഉപേക്ഷിച്ചാണ് സിനിമാപ്രവേശം. 14ാം വയസ്സില്‍ സ്വാതന്ത്ര്യസമരക്കാര്‍ക്കൊപ്പം കൂടിയ വിദ്യാര്‍ത്ഥി. കര്‍ക്കശക്കാരനായ അച്ഛന്റെ എതിര്‍പ്പിനെ തുടര്‍ന്ന് എങ്ങോട്ടെന്നില്ലാതെ പലായനം. ചെന്നെത്തിയത് ബ്രിട്ടീഷ് പട്ടാളത്തില്‍. സ്വാതന്ത്ര്യാനന്തരം വര്‍ഗീയകലാപങ്ങളില്‍ മരിച്ചുവീണ മനുഷ്യരെ എടുത്തുമാറ്റാനും ലഹളക്കാരെ അടിച്ചമര്‍ത്താനും നിയോഗിക്കപ്പെട്ടവരില്‍ ജി കെയും ഉണ്ടായിരുന്നു. ‘പത്മശ്രീ’ തുടങ്ങിയ പുരസ്‌കാരങ്ങള്‍ പടിവാതില്‍വരെ എത്തി പിന്‍വലിഞ്ഞ ചരിത്രമുളള കലാകാരനാണ്.പട്ടാളത്തില്‍ നിന്നും വിരമിച്ച ശേഷം നാട്ടിലും കോടാമ്ബക്കത്തുമായുളള ഏറെ അലച്ചിലുകള്‍ക്കും അന്വേഷണങ്ങള്‍ക്കും ഒടുവില്‍1954 ല്‍ ‘സ്‌നേഹസീമ’ എന്ന ചിത്രത്തില്‍ പൂപ്പള്ളി തോമസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ അവസരം ലഭിച്ചു. തുടര്‍ന്ന് ഹരിശ്ചന്ദ്ര, മന്ത്രവാദി, സ്‌നാപക യോഹന്നാന്‍, പട്ടാഭിഷേകം, നായരു പിടിച്ച പുലിവാല്, കൂടപ്പിറപ്പ് എന്നി ചിത്രങ്ങളില്‍ വേഷമിട്ടു. കണ്ണൂര്‍ ഡീലക്‌സ്, സ്ഥാനാര്‍ഥി സാറാമ്മ, ലോട്ടറി ടിക്കറ്റ്, കോട്ടയം കൊലക്കേസ്, കൊച്ചിന്‍ എക്‌സ്‌പ്രസ് എന്നിവയില്‍ പ്രധാന വില്ലന്‍ ജി.കെ. പിള്ളയായിരുന്നു. ജി.കെ. പിള്ളയുടെ ഉയരമേറിയ ശരീരപ്രകൃതവും ഘനഗാഭീര്യമുളള ശബ്‌ദവും വില്ലന്‍ വേഷങ്ങള്‍ക്ക് കൂടുതല്‍ തന്മയത്വം നല്‍കി. തുടര്‍ന്ന് പ്രേംനസീര്‍ ചിത്രങ്ങളിലെ സ്ഥിരം വില്ലനായി. വടക്കന്‍പാട്ട് ചിത്രങ്ങളിലെ വേഷങ്ങളിലാണ് ഏറെ തിളങ്ങിയത്. 350 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു. വില്ലന്‍ വേഷങ്ങള്‍ കൂടാതെ സ്വഭാവ നടനായും അദ്ദേഹം തിളങ്ങി.എണ്‍പതുകളുടെ അവസാനം വരെ സിനിമകളില്‍ സജീവമായിരുന്നു അദ്ദേഹം. അതിനു ശേഷം വളരെ കുറച്ചു സിനിമകളിലെ ജി കെ പിള്ള അഭിനയിച്ചിട്ടുള്ളൂ,. 1972ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരം എന്ന സിനിമയില്‍ അസിസ്റ്റന്റ് സംവിധായകനും അസിസ്റ്റന്റ് എഡിറ്ററുമായി ജി കെ പിള്ള പ്രവര്‍ത്തിച്ചു. 2005മുതലാണ് ജി കെ പിള്ള ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിക്കാന്‍ തുടങ്ങിയത്. കടമറ്റത്തു കത്തനാര്‍ ആയിരുന്നു അദ്ദേഹം അഭിനയിച്ച ആദ്യ സീരിയല്‍. തുടര്‍ന്ന് വിവിധ ചാനലുകളിലായി നിരവധി സീരിയലുകളില്‍ ജി കെ പിള്ള അഭിനയിച്ചു. 2011-14 കാലത്ത് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ‘കുങ്കുമപ്പൂവ്’ എന്ന സീരിയലില്‍ ജി കെ പിള്ള അവതരിപ്പിച്ച കഥാപാത്രം കുടുംബപ്രേക്ഷകര്‍ക്കിടയില്‍ അദ്ദേഹത്തെ പ്രിയങ്കരനാക്കി.ജി കെ പിള്ളയുടെ ഭാര്യ ഉത്പലാക്ഷിയമ്മ വര്‍ഷങ്ങള്‍ക്കു മുന്‍പ് മരണപ്പെട്ടു. ആറ് മക്കളാണ് അവര്‍ക്കുള്ളത്. മക്കള്‍ പ്രതാപചന്ദ്രന്‍, ശ്രീകല ആര്‍ നായര്‍, ശ്രീലേഖ മോഹന്‍, ശ്രീകുമാരി ബി പിള്ള, ചന്ദ്രമോഹന്‍, പ്രിയദര്‍ശന്‍.