ദേശീയ പാതയില്‍ പാലത്തിന്റെ ഒരുഭാഗം തകര്‍ന്നു; തിരുവനന്തപുരത്ത് കനത്ത മഴ; വ്യാപക നാശനഷ്ടം

0

12 മണിക്കൂറായി തോരാത്ത മഴയാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പെയ്യുന്നത്.

ശക്തമായ മഴയെ തുടര്‍ന്ന് നെയ്യാറ്റിന്‍കര ടിബി ജങ്ഷനില്‍ ദേശീയപാതയില്‍ പാലത്തിന്റെ ഒരുഭാഗം തകര്‍ന്നു നദിയിയിലേക്ക് താഴ്ന്നു. ഒരുവശത്തുകൂടി മാത്രമാണ് വാഹനം കടത്തിവിടുന്നത്. ഗതാഗതം ഭാഗികമായി തടസപ്പെടും.

വിഴിഞ്ഞത്ത് ഗംഗയാര്‍ തോട് കരകവിഞ്ഞൊഴുകുന്നു. സമീപത്തെ കടകളില്‍ വെള്ളം കയറി. കോവളം വാഴമുട്ടത്ത് മണ്ണിടിഞ്ഞ് വീണ് രണ്ട് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ആളുകള്‍ ഇറങ്ങി ഓടിയതുകൊണ്ടാണ് അപകടം ഒഴിവായത്. വാമനപുരം നദിയിലെ ജലനിരപ്പ് ഉയര്‍ന്നു. വിതുര പൊന്‍മുടി പാലോട്, നെടുമങ്ങാട് എന്നിവിടങ്ങളിലും കനത്ത മഴ തുടരുകയാണ്.

ഓറഞ്ച് അലര്‍ട്ട്

അതേസമയം സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്കു സാധ്യത. ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും (അതിശക്തമായ മഴ) മറ്റു ജില്ലകളില്‍ യെലോ അലര്‍ട്ടും (ശക്തമായ മഴ) പ്രഖ്യാപിച്ചു. നാളെ ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റു ജില്ലകളില്‍ യെലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. 15നും 16നും പരക്കെ മഴ തുടരും. കേരള തീരത്ത് മത്സ്യബന്ധനത്തിനു പോകരുത്. കേരളത്തില്‍ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.

പുതിയ ന്യൂനമര്‍ദങ്ങള്‍ക്ക് സാധ്യത

അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും വരും ദിവസങ്ങളില്‍ പുതിയ ന്യൂനമര്‍ദങ്ങള്‍ക്കു സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്നു രൂപം കൊള്ളുന്ന ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി ആന്ധ്ര തീരത്തു കയറുമെന്നാണു വിലയിരുത്തല്‍. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നു തമിഴ്‌നാട്ടില്‍ കരയിലെത്തിയ തീവ്ര ന്യൂനമര്‍ദം ദുര്‍ബലമായി പടിഞ്ഞാറോട്ടു നീങ്ങി അറബിക്കടലിലെത്തി വീണ്ടും ശക്തി പ്രാപിച്ച്‌ കേരള തീരത്ത് ന്യൂനമര്‍ദമായി മാറാനും ഇടയുണ്ട്. ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പ്രവചനം.

You might also like

Leave A Reply

Your email address will not be published.