എന്താണ് പ്രകൃതി ചികിത്സ?

0

പ്രകൃതി ചികിത്സ എന്നാൽ മനുഷ്യന്റെ തെറ്റായ ജീവിത രീതിയിൽ നിന്നും ശരിയായ ജീവിതരീതി പഠിപ്പിക്കുന്ന ചികിത്സയാണ്. അല്ലാതെ പച്ചവെള്ളം കുടിക്കലോ മണ്ണ് തേയ്ക്കലോ മാത്രമല്ല. അനന്തര ദൂഷ്യഫലങ്ങളോ വിഷൗഷധ പ്രയോഗമോ അനാവശ്യ ശസ്ത്രക്രിയകളോ ഇല്ലാത്ത സമ്പൂർണ്ണ ശാസ്ത്രീയ ചികിത്സയാണ് പ്രകൃതിചികിത്സ. നാം എന്ത് ഭക്ഷണമാണ് കഴിക്കേണ്ടതെന്നോ, എപ്പോൾ, എങ്ങനെ, എത്രമാത്രം കഴിക്കണം, ഒഴിവാക്കേണ്ട ഭക്ഷണം ഏത് എന്നതിനെക്കുറിച്ചൊന്നും നമുക്കറിയില്ല. അറിഞ്ഞാൽത്തന്നെ ഈ രീതികളൊക്കെ മാറ്റാൻ നാം തയ്യാറുമല്ല. ഇതൊക്കെ പ്രകൃതി ചികിത്സ നമ്മെ പഠിപ്പിക്കുന്നു.

നാം എന്ത് ഭക്ഷണമാണ് കഴിക്കേണ്ടത്? കഴിക്കുമ്പോഴും കഴിച്ചു കഴിഞ്ഞാലും സുഖമുള്ള ഭക്ഷണമായിരിക്കണം നാം കഴിക്കേണ്ടത്. അതിന് നാം ആദ്യമായി ചെയ്യേണ്ടത് ദഹിക്കാൻ എളുപ്പമുള്ള ഭക്ഷണം കഴിക്കണം. നാം ഒരു ഭക്ഷണം കഴിച്ചാൽ ആരോഗ്യമുള്ള ഒരു വ്യക്തിയാണെങ്കിൽ 18 മുതൽ 24 മണിക്കൂറിനകം കഴിച്ച ഭക്ഷണം ദഹിച്ച് ഔഷധഗുണം സ്വീകരിച്ച് വിസർജ്ജനം നടക്കണം. എൻസൈമും ഉമിനീരും കലർന്നാൽ ദഹിക്കാത്ത ഭക്ഷണം നമ്മൾ കഴിച്ചാൽ അത് ദഹിക്കാൻ കാൽസ്യം വേണം. ഈ കാൽസ്യം വലിയവർക്ക് എല്ലിനകത്തുനിന്നും കുട്ടികൾക്ക് പല്ലിനകത്തുനിന്നും ആണ് വലിച്ചെടുക്കുന്നത്. അതുകൊണ്ടാണ് ഒരു ജോലിയും ചെയ്യാത്തവർക്കും തേയ്മാനം വരുന്നത്. തേയ്മാനം വരുന്നത് ജോലി ചെയ്തിട്ടല്ല. അതുപോലെ കുട്ടികളുടെ പല്ല് ദ്രവിക്കുന്നതും ഇതിനാലാണ്. നാം എപ്പോഴാണ് ഭക്ഷണം കഴിക്കേണ്ടത്. എല്ലാസമയവും ഭക്ഷണം കഴിക്കരുത്. വിശക്കുമ്പോൾ മാത്രം അതായത് ഒരു സമയത്തെ ഭക്ഷണം ദഹിച്ചിട്ടെ അടുത്തത് കഴിക്കാവൂ. കഴിയുന്നതും 3 നേരം മാത്രം ഭക്ഷണം കഴിക്കുക. ഉറങ്ങുന്നതിനു മുമ്പ് തന്നെ ദഹിക്കുന്ന ഭക്ഷണം കഴിക്കണം.

നാം എങ്ങനെയാണ് ഭക്ഷണം കഴിക്കേണ്ടത്? ഭക്ഷണം നമ്മൾ ചവച്ചരച്ച് കഴിക്കണം. ഭക്ഷണം കഴിക്കുമ്പോൾ വെള്ളം കുടിക്കാതിരിക്കുകയും വെള്ളം കുടിക്കുമ്പോൾ ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്യണം. ഭക്ഷണത്തിന്റെകൂടെ വെള്ളം കുടിക്കുമ്പോൾ ദഹനരസത്തിന്റെ കട്ടി കുറഞ്ഞു പോകുന്നു. അപ്പോൾ ഭക്ഷണം ദഹിക്കാൻ കൂടുതൽ സമയമെടുക്കും. ഭക്ഷണം കഴിഞ്ഞ് അരമണിക്കൂർ കഴിഞ്ഞേ വെള്ളം കുടിക്കാവൂ. അമ്മയുടെ മുലപ്പാൽ കുടിക്കുന്നതു പോലെ ചുണ്ടിൽ വെച്ച് വലിച്ചു കുടിക്കുക. ഇരുന്ന് കുടിക്കുക. ഒരു സമയത്ത് 400ml വെള്ളത്തിൽ അധികം കുടിക്കരുത്. ഭക്ഷണം കഴിക്കുമ്പോൾ വെള്ളം കുടിച്ച് ശീലിച്ചവർക്ക് പെട്ടെന്ന് മാറ്റം വരുത്താൻ സാധിക്കാതെ വരുമ്പോൾ വെള്ളത്തിന്റെ അളവ് കുറച്ച് കൊണ്ടുവരിക. അങ്ങനെ ചെയ്യുമ്പോൾ ഭക്ഷണം കഴിക്കുമ്പോൾ വെള്ളം കുടിക്കാത്ത അവസ്ഥയിലേക്ക് നമുക്ക് മാറാൻ കഴിയും. ഭക്ഷണം കഴിക്കുമ്പോൾ എഴുന്നേറ്റ് പോകരുത്. ഭക്ഷണം കഴിക്കുന്നതിനിടയ്ക്ക് സംസാരിക്കരുത്. അങ്ങനെ ചെയ്‌താൽ ഭക്ഷണം ചവയ്ക്കാതെ ഇറക്കേണ്ടി വരുന്നു. അപ്പോൾ ഭക്ഷണത്തിനിടയ്ക്ക് വെള്ളം കുടിക്കേണ്ടി വരും. ചോറിലും കഞ്ഞി വെള്ളത്തിലും ഒരുതരം എൻസൈം ആയതു കൊണ്ടാണ് കഞ്ഞി പെട്ടെന്ന് ദഹിക്കുന്നത്.

വിരുദ്ധാഹാരങ്ങൾ ഏതെല്ലാം? അതായത് ഒരുമിച്ച് കഴിച്ചാൽ ദഹിക്കാൻ പാടുള്ളവ.

  1. എരിവും മധുരവും.
  2. മധുരവും പുളിയും.
  3. ചൂടു ചോറും തൈരും
  4. തൈരും മാംസവും.
  5. തൈരും മീനും.
  6. പുട്ടും കടലയും ദഹിക്കാൻ സമയമെടുക്കും അല്ലെങ്കിൽ കടല മുളപ്പിച്ച് കറി വെയ്ക്കണം. അപ്പോൾ ഇലക്കറിയ്ക്ക് സമമായി.
  7. പുട്ടും പഴവും. പുട്ട് വേവിച്ചതും പഴം വേവിക്കാത്തതുമാവുമ്പോൾ ദഹിക്കാൻ സമയമെടുക്കും.

ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ: മൈദ, വെളുത്ത പഞ്ചസാര, ചുവന്ന മുളക്, ചായ, കാപ്പി, കരിച്ചതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, മസാലകൾ. മദ്യം, മാംസം ഇവ കഴിക്കുമ്പോൾ പെട്ടെന്ന് ദേഷ്യം വരും, ശരീരത്തിൽ ചൂട് കൂടുതലായിരിക്കും. ഉള്ളി ഒഴിവാക്കുന്നതും നന്നായിരിക്കും. ശരീരത്തിന്റെ ചൂട് കുറയ്ക്കാനും വിയർപ്പു നാറ്റം ഇല്ലാതാക്കാനും ഇത് സഹായിക്കും. അലൂമിനിയം പാത്രങ്ങൾ, നോൺസ്റ്റിക്, പ്ലാസ്റ്റിക് ഇവ ഒഴിവാക്കി മൺപാത്രങ്ങൾ, ചെമ്പ്, സ്റ്റീൽ ഇവ ഉപയോഗിക്കുക. ചായ, കാപ്പി ഇവ പുകവലി പോലെ തന്നെ ദോഷം ചെയ്യും. ചായ, കാപ്പി ഇവ ഉപയോഗിക്കരുതെന്നു പറയുമ്പോൾ ഒരു സംശയം വരാം, അപ്പോൾ പണ്ടത്തെ ആളുകളോ എന്ന്. അന്ന് ആളുകൾ ചായ, കാപ്പി ഇവ ഉപയോഗിച്ചിരുന്നു എങ്കിലും ആ വിഷത്തിനെ പുറന്തള്ളാനുള്ള ഇലക്കറികളും, വാഴപ്പിണ്ടി, വാഴക്കൂമ്പ് മുതലായവ ഉപയോഗിച്ചിരുന്നു. അപ്പോൾ വലിയ രീതിയിൽ ദോഷം ചെയ്യില്ലായിരുന്നു. ചായയുടെ നിറം കറുപ്പാണ്. നമ്മുടെ മൂത്രമാകട്ടെ പച്ചവെള്ളം പോലെയും. ചായയുടെ കറുപ്പിനെ മൂത്രത്തിലൂടെ പുറന്തള്ളാനുള്ള കഴിവ് നമ്മുടെ ശരീരത്തിനില്ല. നമ്മുടെ ശരീരത്തിൽ പുരുഷന്മാർക്ക് 4 തരം വിസ്സർജ്ജനാവയവങ്ങളും സ്ത്രീകൾക്ക് 5 തരം വിസർജ്ജനാവയവങ്ങളുമാണുള്ളത്. മലം, മൂത്രം, കഫം, വിയർപ്പ്, ആർത്തവം, ഇതിൽ ചായയിലെ വിഷപദാർഥത്തെ ശരീരം പുറത്ത് വിടുന്നത് തൊലിയിലൂടെയാണ്. ഏറ്റവും കൂടുതൽ കാലിന്റെ കക്ഷത്തിലൂടെയും കയ്യിന്റെ കക്ഷത്തിലൂടെയുമാണ്. എത്ര വെളുത്ത ശരീരം ആയാലും കയ്യിന്റെ കക്ഷവും കാലിന്റെ കക്ഷവും ഡ്രൈ ആണെന്നും ചൊറിച്ചിലാണ്, കറുപ്പാണ് എന്നൊക്കെ പറയുന്നത് ഇതുകൊണ്ടാണ്. ചായക്കറ നമ്മുടെ ഞരമ്പിലും കോശങ്ങളിലും മറ്റും പറ്റിപ്പിടിച്ച് കിടക്കുമ്പോൾ രക്തയോട്ടം കുറയുന്നു. കടച്ചിലും വേദനയും വരുന്നു.

ശരീരത്തിൽ മണ്ണ് തേയ്ക്കുന്നത്കൊണ്ടുള്ള ഗുണങ്ങൾ: ശരീരത്തിലെ ചൂടിനെ വലിച്ചെടുക്കുന്നു. തൊലി മിനുസമുള്ളതാക്കുന്നു. നല്ല രക്തയോട്ടം കിട്ടുന്നു.

എന്താണ് യോഗ?
യോഗ എന്നാൽ കൂടിച്ചേരൽ എന്നാണർത്ഥം. മനസ്സിന്റെയും ശരീരത്തിന്റെയും കൂടിച്ചേരലാണ് യോഗ. യോഗ എന്ന് കേൾക്കുമ്പോൾ ഇത് ഒരു പ്രത്യേക മതവിഭാഗത്തിന്റെതാണെന്ന തെറ്റായ ധാരണ നാം ഒഴിവാക്കണം. നമ്മൾ അമ്മയുടെ ഗർഭപാത്രത്തിൽ നിന്നേ ആരംഭിക്കുന്ന ഒന്നാണ് ശ്വസനം. യോഗ ചെയ്യുമ്പോൾ ആദ്യമായി ശരിയായ രീതിയിൽ ശ്വസിക്കേണ്ടത് എങ്ങനെയെന്നാണ് പഠിപ്പിക്കുന്നത്. യോഗ ചെയ്യുമ്പോൾ ശരീരത്തിൽ അമിതമായ കൊഴുപ്പ് അടിഞ്ഞുകൂടാതെ വടിവൊത്ത ശരീരം ആകുന്നു. അമിതമായ മാനസിക സമ്മർദ്ദം കുറയുന്നു. യോഗ ചെയ്യുമ്പോൾ നമ്മുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന എല്ലാ കഴിവുകളേയും പുറത്തെടുക്കാൻ പറ്റും. യോഗ നന്നായി ചെയ്യുന്ന ആളുടെ ശരീരം എപ്പോഴും നല്ല ആരോഗ്യമുള്ളതായിരിക്കും. പ്രകൃതി ഉണരുമ്പോൾ ഉണരുകയും പ്രകൃതി ഉറങ്ങുമ്പോൾ ഉറങ്ങുകയും ചെയ്യുന്ന ആളുകൾക്ക് അസുഖങ്ങൾ കുറവായിരിക്കും. യോഗയുടെ കൂടെ ധ്യാനവും കൂടി ശീലമാക്കിയാൽ നല്ല ഏകാഗ്രത കിട്ടുന്നു. അതിന്റെ കൂടെ പ്രകൃതിജീവനം കൂടി നമ്മൾ തുടരുകയാണെങ്കിൽ മരുന്നില്ലാതെ നമുക്ക് ജീവിക്കാൻ പറ്റും.

You might also like

Leave A Reply

Your email address will not be published.