യൂണിഫോം ധരിച്ചില്ല; ഓട്ടോ ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

0

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറില്‍ ഓട്ടോ ഡ്രൈവറോട് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെയും സംഘത്തിന്റെയും പരാക്രമം. യൂണിഫോം ധരിക്കാത്തതിന്റെ പേരില്‍ ഡ്രൈവറെ കള്ളക്കേസില്‍ കുടുക്കി കേസെടുത്തു. വണ്ടിപ്പെരിയാര്‍ ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ റഫീക്കിനെയാണ് സിഐയുടെ നേതൃത്വത്തിലെത്തിയ സംഘം കേസെടുത്തത്.കഴിഞ്ഞ ദിവസം വൈകുന്നേരം ഓട്ടോയിലെ യാത്രക്കാരെ ഇറക്കിവിടാന്‍ റോഡരികില്‍ വാഹനം പാര്‍ക്ക് ചെയ്യവെ എസ്‌ഐയുടെ നേതൃത്വത്തിലെത്തിയ സംഘം യൂണിഫോം ധരിക്കാത്തതിന്റെ പേരില്‍ ഇയാള്‍ക്കെതിരെ പെറ്റിക്കേസ് രജിസ്റ്റര്‍ ചെയ്തു. ലോക്ക് ഡൗണ്‍ കാരണം പിഴ അടയ്ക്കാന്‍ കയ്യില്‍ പണമില്ലെന്നും കോടതില്‍ പിഴ ഒടുക്കിക്കൊള്ളാമെന്ന് പറഞ്ഞതോടെ ക്ഷുഭിതനായ എസ്ഐ റഫീക്കിനോട് ഓട്ടോയുമായി സ്റ്റേഷനിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. ഓട്ടോ കസ്റ്റടിയിലെടുക്കേണ്ട തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഇയാള്‍ പറഞ്ഞതോടെ വാഹനത്തില്‍ നിന്നും ഇറങ്ങിവന്ന എസ്‌ഐ റഫീക്കിനെ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ കൂടിയതോടെ പിന്‍വലിഞ്ഞു. ഈ സമയം അതുവഴിയെത്തിയ സിഐ സുനില്‍ക്കുമാറിനോട് എസ്‌ഐ കാര്യങ്ങള്‍ പറഞ്ഞതോടെ കൊടുംകുറ്റവാളിയെ പിടികൂടുന്നതുപോലെ റഫീക്കിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.  സ്റ്റേഷനില്‍ കൊണ്ടുപോയശേഷം പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ചു എന്നാരോപിച്ചു ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു. വണ്ടിപ്പെരിയാറില്‍ ഓട്ടോ ഓടിക്കുന്ന റഫീക്കിനെതിരെ മുമ്പും കേസുകളുണ്ടെന്നും റോഡിന്റെ നടുക്ക് വാഹനം നിര്‍ത്തിയതാണ് എസ്ഐയുടെ നേതൃത്വത്തിലെത്തിയ സംഘം ചോദ്യം ചെയ്തതെന്നാണ് പൊലീസ് ഭാഷ്യം.

You might also like

Leave A Reply

Your email address will not be published.