പലയിടങ്ങളിലും വീടുകള്‍ തകരുകയും, മരങ്ങള്‍ കടപുഴകുകയും ചെയ്തു. വന്‍തോതില്‍ കൃഷിനാഷവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജില്ലയിലെ ആലങ്ങാട്, വൈപ്പിന്‍, പെരുന്പാവൂര്‍, കോലഞ്ചേരി, കാലടി എന്നിവിടങ്ങളിലാണ് ശക്തമായി വീശിയടിച്ച ചുഴലിക്കാറ്റ് കനത്തനാശം വിതച്ചത്.ആലങ്ങാട് പഞ്ചായത്തില്‍ നീറിക്കോട് കരിങ്ങാംതുരുത്ത്, തത്തപ്പിള്ളി പ്രദേശങ്ങളിലാണ് കാറ്റ് നാശനഷ്ടം വരുത്തിയത്. നീറിക്കോട് സെന്റ് ജോസഫ് പള്ളിയിലെ പാരീഷ് ഹാളിന്റെ മേല്‍ക്കൂരയും കൊടിമരവും തകര്‍ന്നു. പള്ളിയുടെ മുകളിലെ ഷീറ്റുകള്‍ കാറ്റില്‍ പറന്നുപോയി. പള്ളി അങ്കണത്തില്നിന്നിരുന്ന 50 ഓളം മരങ്ങള്‍ കടപുഴകി വീണു. പള്ളിയുടെ സമീപത്തെ നവദര്‍ശന്‍ കെട്ടിടവും തകര്‍ന്നു. ഏകദേശം രണ്ടു ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചട്ടുണ്ടെന്നാണ് കണക്ക്.നീറിക്കോടുനിന്നും കോളനി പടിവരെയുള്ള റോഡിനരികിലെ മരങ്ങളാണ് കടപുഴുകി വീണത്. പ്രദേശത്തെ വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു വീണു. ആര്‍ക്കും ആളാപായമില്ല. നീറിക്കോട് മേഖലയിലെ വിടുകളിലെ മുകളില്‍ ഷീറ്റ് കൊണ്ടുള്ള മേല്ക്കടുകള് കാറ്റില്‍ പറന്നുപോയി. തത്തപ്പള്ളിയില്‍, കരുമാലൂര്‍ പ്രദേശങ്ങളില്‍ നൂറോളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.വൈപ്പിന്‍ മേഖലയില്‍ കടല്‍ക്ഷോഭത്തിനിടെ നായരമ്ബലം പുത്തന്‍ കടപുറത്ത് ശക്തമായ ചുഴലികാറ്റില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. പുത്തന്‍ കടപ്പുറം പള്ളി കവലയില്‍ മരം കടപുഴകി വൈദ്യുതി ലൈനുകളില്‍ വീണ് വൈദ്യുതിയും ഗതാഗതവും തടസപ്പെട്ടു. രാവിലെ വൈദ്യുതി ബോര്‍ഡ് ജീവനക്കാരെത്തി മരങ്ങള്‍ മുറിച്ച് മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.പെരുമ്ബാവൂര്‍ മേഖലയിലെ കുവപ്പടി പഞ്ചായത്തില്‍ മദ്രാസ്ക്കവലയിലും എംഎം റോഡില്‍ ഓടക്കാലിയിലും ശക്തമായ കാറ്റില്‍ മരങ്ങള്‍ മറിഞ്ഞുവീണു. ഫയര്‍ഫോഴ്സ് എത്തിയാണ് നീക്കം ചെയ്തത്. കൂടാതെ പലയിടങ്ങളിലും മരങ്ങള്‍ കടപുഴകിയതിനാല്‍ വൈദ്യുതി പൂര്‍ണമായും തകരാറിലായി. ജാതി, കപ്പ, വാഴ തുടങ്ങിയവ കാറ്റില്‍ നിലംപൊത്തി.ഒക്കല്‍ പഞ്ചായത്തില്‍ കൂടാലപ്പാടത്താണ് ഏറെ നാശനഷ്ടമുണ്ടായത്. കൊടുവേലിപ്പടിയിലും പലയിടങ്ങളില്‍ വീടുകള്‍ക്ക് മുകളിലേക്ക് മരങ്ങള്‍ വീണു. ഒരു വിവാഹ പന്തലിനു മുകളിലേക്കും മരം വീണു നാശനഷ്ടമുണ്ടായി.കോലഞ്ചേരിയില്‍ കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ മഴുവന്നൂര്‍ പഞ്ചായത്തിലെ വലമ്ബൂര്‍, തട്ടാംമുകള്‍, മഴുവന്നൂര്‍ പ്രദേശങ്ങളില്‍ ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. ഒരു പ്രദേശം മുഴുവന്‍ മഴകെടുതിയില്‍ അകപ്പെട്ടിരിക്കുകയാണ്. അനേകം വീടുകള്‍ തകര്‍ന്നു. നിരവധി വൈദ്യുതി പോസ്റ്റുകളും മരങ്ങളും നിലംപൊത്തിയിട്ടുണ്ട്.കാലടി പഞ്ചായത്തില്‍ കൈപ്പട്ടൂര്‍ ഇഞ്ചയ്ക്ക കവല പ്രദേശത്താണ് കാറ്റ് വലിയ നാശം വിതച്ചത്. വന്‍ മരങ്ങള്‍ കടപുഴകി റോഡില്‍ വീണതിനാല്‍ ഗതാഗതം തടസപ്പെട്ടു. മരങ്ങള്‍ വൈദ്യുത പോസ്റ്റിലേക്ക് വീണതിനാല്‍ വൈദ്യുത ബന്ധവും താറുമാറായി. പല സ്ഥലങ്ങളിലും വീടുകളുടെ മുകളിലേക്കും മരങ്ങള്‍ വീണിട്ടുണ്ട്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.