നെന്മാറ അയിലൂരില്‍ യുവതി 11 വര്‍ഷം ഭര്‍ത്താവിന്റെ വീട്ടില്‍ ഒളിച്ചുതാമസിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്നു പൊലീസ് റിപ്പോര്‍ട്ട്
സംഭവത്തില്‍, ദമ്ബതികളായ റഹ്‌മാനും സജിതയും പറഞ്ഞത് ശരിവച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് പൊലീസ് സംസ്ഥാന വനിതാ കമ്മിഷനു കൈമാറി.സാഹചര്യത്തെളിവുകളും മൊഴികളും പുനപ്പരിശോധിച്ചശേഷമാണു നെന്മാറ സിഐ റിപ്പോര്‍ട്ട് തയാറാക്കിയത്. സംഭവത്തിലെ ദുരൂഹത നീക്കാനും മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനുമാണ് വനിതാ കമ്മിഷന്‍ പൊലീസ് റിപ്പോര്‍ട്ട് തേടിയത്. സജിതയും റഹ്‌മാനും പറഞ്ഞത് ഒരേ തരത്തിലുള്ള മൊഴികളാണെന്ന് വ്യക്തമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.റഹ്‌മാന്റെ വീട്ടിലെ മുറിയില്‍ സജിത ഒളിച്ചുതാമസിച്ചതിന്റെ സാഹചര്യത്തെളിവുകള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഇതോടൊപ്പം മുറിയില്‍ കഴിഞ്ഞതിന്റെ വിശദാംശങ്ങള്‍ സജിത പറഞ്ഞതും പൊലീസ് രേഖപ്പെടുത്തി. അത് അവിശ്വസിക്കേണ്ട കാര്യമില്ലെന്നും യുവതി മറ്റെവിടെയെങ്കിലും താമസിച്ചതിനു തെളവില്ലെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.റഹ്‌മാന്റെയും സജിതയുടെയും കൂടാതെ ഇരുവരുടെയും മാതാപിതാക്കളുടെയും മൊഴികളും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സജിത തങ്ങളുടെ വീട്ടിലല്ല, മറ്റെവിടെയോ ആണ് താമസിച്ചതെന്നായിരുന്നു റഹ്‌മാന്റെ മാതാപിതാക്കള്‍ നേരത്തെ പറഞ്ഞിരുന്നത്. ഒരു പെണ്‍കുട്ടിയെ അങ്ങനെ ഒളിപ്പിക്കാന്‍ പറ്റുമോ എന്ന് ചോദിച്ച അവര്‍ മുന്‍പ് മുറിയില്‍ കയറിയപ്പോള്‍ ആരെയും കണ്ടില്ലെന്നും പറഞ്ഞിരുന്നു.അതിനിടെ, സംഭവത്തില്‍ വനിതാ കമ്മിഷന്‍ ഇന്നു തെളിവെടുക്കും. കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍, അംഗം ഷിജി ശിവജി എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ്. ആദ്യം, റഹ്‌മാനെയെയും സജിതയെയുമാണു കമ്മിഷന്‍ സന്ദര്‍ശിക്കുക. ഇരുവരും വിത്തനശേരിയിലെ വാടകവീട്ടിലാണു താമസം. തുടര്‍ന്ന് അയിലൂരിലെത്തി ഇരുവരുടെയും മാതാപിതാക്കളുടെ മൊഴിയും രേഖപ്പെടുത്തും. സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസ് എടുത്തിരുന്നു.റഹ്‌മാനൊപ്പം ജീവിക്കാനായി 2010 ഫെബ്രുവരി രണ്ടിനാണു പതിനെട്ട് വയസുള്ളപ്പോള്‍ സജിത വീടുവിട്ടിറങ്ങിയത്. വിവാഹിതരായ ഇരുവരും റഹ്‌മാന്റെ കൊച്ചുവീട്ടിലെ മുറിയില്‍ കഴിയുകയായിരുന്നു. തൊട്ടടുത്ത മുറികളിലുണ്ടായിരുന്ന വീട്ടുകാര്‍ പോലും ഇക്കാര്യം അറിഞ്ഞിരുന്നില്ല. വീട്ടുകാരുടെ പരാതിയില്‍ നെന്മാറ പൊലീസ് വ്യാപകമായി അന്വേഷണം നടത്തിയെങ്കിലും സജിതയെ കണ്ടെത്താനായിരുന്നില്ല.ഇലക്‌ട്രിക്കല്‍ ജോലിയും പെയിന്റിങ്ങും ചെയ്യുന്ന യുവാവ് പുറത്തുനിന്ന് മുറി പൂട്ടിയശേഷമാണു പണിക്കു പോയിരുന്നത്. വീട്ടുകാരെ അകറ്റിനിര്‍ത്താന്‍ മുറിയുടെ വാതില്‍ പൂട്ടാന്‍ യുവാവ് സ്വന്തം സ്വന്തം സാങ്കേതിക വിദ്യയില്‍ വികസിപ്പിച്ച ഇലക്‌ട്രിക് സംവിധാനമുള്ള ഓടാമ്ബലാണ് ഉപയോഗിച്ചിരുന്നത്.യുവാവ് പണിക്കു പോയി വരുന്ന സമയമത്രയും യുവതി കൊച്ചുമുറിയില്‍ ഒറ്റയ്ക്കായിരിക്കും. യുവതി മുറിയിലെ ടിവി പ്രവര്‍ത്തിപ്പിക്കുമ്ബോള്‍ ശബ്ദം അവര്‍ക്കു മാത്രം കേള്‍ക്കാനായി ഇയര്‍ഫോണ്‍ സംവിധാനമൊരുക്കി. മുറിയുടെ വാതിലിനു പുറകിലായി ടീപോയ് ചേര്‍ത്തുപിടിപ്പിച്ചും സുരക്ഷയൊരുക്കിയിരുന്നു. ജനലഴി മുറിച്ചുമാറ്റി പകരം പലക ഘടിപ്പിക്കുകയും ചെയ്തു. ഈ പലക മാറ്റിയാണ് അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങിയിരുന്നത്. ആളില്ലാത്ത സമയം നോക്കി, ഈ ജനല്‍ വഴിയാണ് യുവതി ശുചിമുറിയില്‍ പോയിരുന്നത്.സ്വന്തം വീട്ടില്‍ കഴിയുകയായിരുന്ന റഹ്‌മാനെ കാണാനില്ലെന്ന പരാതിയുമായി വീട്ടുകാര്‍ മൂന്നുമാസം നെന്മാറ പൊലീസിനെ സമീപിച്ചിരുന്നു. ഈ പരാതിയിലും പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഈ സമയം റഹ്‌മാനും സജിതയും വിത്തനശേരിയില്‍ വാടക വീട്ടില്‍ കഴിയുകയായിരുന്നു. ഇതിനിടെ കഴിഞ്ഞയാഴ്ച നെന്മാറ ടൗണില്‍ വച്ച് യുവാവിനെ സഹോദരന്‍ യാദൃശ്ചികമായി കണ്ടതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളുടെ തുടക്കം. സഹോദരന്‍ വിവരം ധരിപ്പിച്ചതിനെത്തുടര്‍ന്ന് നെന്മാറ ടൗണില്‍ വച്ച് പൊലീസ് പിടികൂടിയതോടെ റഹ്‌മാന്‍ കുടംബജീവിതം വെളിപ്പെടുത്തുകയായിരുന്നു.