ചൂടുകാലം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ഉച്ചസമയത്തെ പുറംജോലികള്‍ക്ക് രാജ്യത്ത് വിലക്ക്
ഉച്ച 12.30 മുതല്‍ 3.30 വരെയാണ് നിര്‍മാണ തൊഴിലാളികള്‍ക്കും തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും വിശ്രമമനുവദിക്കുക. വേനല്‍ ശക്തിപ്പെടുന്ന ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ വിലക്ക് തുടരുമെന്ന് തൊഴില്‍ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും പരിഗണിച്ചാണ് തീരുമാനം. നിയമത്തിലെ ആര്‍ട്ടിക്ള്‍ 16 പ്രകാരം തൊഴിലാളികളുടെ ആരോഗ്യത്തിനും സുരക്ഷക്കും ഭീഷണിയുള്ള സാഹചര്യങ്ങളില്‍ ജോലികള്‍ ഭാഗികമായോ പൂര്‍ണമായോ നിര്‍ത്തിവെക്കാന്‍ മന്ത്രാലയത്തിന് അധികാരമുണ്ട്. ഇതുപ്രകാരമാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ വര്‍ഷങ്ങളിലും സമാനമായ നിയന്ത്രണം കൊണ്ടുവന്നിരുന്നു.ഒമാനിലെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കനത്ത ചൂടാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 47 ഡിഗ്രി വരെ ചിലയിടങ്ങളില്‍ ചൂടുണ്ടായി. വരും ദിവസങ്ങളില്‍ ഇത് ഇനിയും കൂടുമെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.നിലവില്‍ ആളുകള്‍ പകല്‍സമയങ്ങളില്‍ പുറത്തിറങ്ങുന്നത് വളരെ കുറഞ്ഞിട്ടുണ്ട്. നിര്‍ജലീകരണവും സൂര്യാതപവും ഉണ്ടാകുമെന്ന മുന്നറിയിപ്പും ആരോഗ്യ വിദഗ്ധര്‍ നല്‍കിയിരുന്നു. അതിനാല്‍ കൂടുതല്‍ വെള്ളം കുടിക്കുകയും ശരീരത്തില്‍ സൂര്യപ്രകാശം നേരിട്ട് പതിക്കുന്നത് ശ്രദ്ധിക്കുകയും വേണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.