ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചിനു താഴെയെത്തി. കോവിഡ് കുന്നു കയറി ഇറങ്ങുന്നതിന്റെ സൂചനയാണ് കണക്കുകളില്‍. കഴിഞ്ഞ രണ്ടുദിവസങ്ങളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 നു താഴെയാണ്.ജനുവരി ആദ്യം എഴുപതിനായിരം കടന്ന രോഗികളുടെ എണ്ണം 45,000 ത്തിനു താഴെയെത്തി. പ്രതിദിന മരണസംഖ്യയിലും കുറവുണ്ട്. രോഗബാധിതരാകുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. വ്യാപക പരാതിക്കിടയാക്കിയ വാക്സീന്‍ വിതരണത്തിലെ അപാകതകള്‍ പരിഹരിക്കാനും നടപടി തുടങ്ങി. മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്തെത്തുന്നവര്‍ക്ക് ഇനി ടോക്കണ്‍ വേണ്ട. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ടോക്കണ്‍ സംവിധാനം തുടരും. വന്‍ തിരക്കനുഭവപ്പെട്ട തിരുവനന്തപുരം മെഡിക്കല്‍ കോളജ്, ജനറല്‍ ആശുപത്രി, പാങ്ങപ്പാറ ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളില്‍ ഒരാഴ്ചത്തേക്ക് സ്പോട്ട് റജിസ്ട്രേഷന്‍ ഉണ്ടാകില്ല.