ഇരട്ടവോട്ട് തടയാനുള്ള നാലു നിര്‍ദേശങ്ങള്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
ഒന്നിലധികം വോട്ടുള്ളവര്‍ വോട്ട് ചെയ്യുന്നത് എവിടെയെന്ന് വ്യക്തമാക്കണം, ഇരട്ടവോട്ടുള്ളവര്‍ അവരുടെ ഫോട്ടോ സെര്‍വറില്‍ അപ് ലോഡ് ചെയ്യണം, സോഫ്റ്റ് വെയര്‍ സഹായത്തോടെ ഫോട്ടകള്‍ പരിശോധിക്കണം, ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് സത്യവാങ്മൂലം നല്‍കണം എന്നീ നിര്‍ദേശങ്ങളാണ് സത്യവാങ്മൂലത്തില്‍ കോടതി മുമ്ബാകെ സമര്‍പ്പിച്ചത്.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കിയ ഹരജിയില്‍ ഇരട്ട വോട്ടുണ്ടെങ്കിലും ഒരാള്‍ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈകോടതി തെരഞ്ഞെടുപ്പ് കമീഷനോട് നിര്‍ദേശിച്ചിരുന്നു. ഒന്നിലേറെ പട്ടികയില്‍ പേരുള്ളവരെ ഒരിടത്ത് മാത്രമേ വോട്ട് ചെയ്യാന്‍ അനുവദിക്കാവൂ. സമാധാനപരവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താന്‍ പോളിങ് ബൂത്തുകളില്‍ മതിയായ സംസ്ഥാന, കേന്ദ്ര സേനകളുടെ സേവനം ഉറപ്പുവരുത്തണം.യുദ്ധകാലാടിസ്ഥാനത്തില്‍ ഇതിന് നടപടികള്‍ സ്വീകരിക്കണമെന്നും പരാതിക്കിടയില്ലാത്ത വിധം നടപ്പാക്കണമെന്നും നിര്‍ദേശിച്ച ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച്, കമീഷനോട് കൂടുതല്‍ വിശദീകരണവും തേടിയിരുന്നു. സംസ്ഥാനത്തെ വോട്ടര്‍പട്ടികയില്‍ വ്യാജമായി പേരുകള്‍ ചേര്‍ത്തതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കിയ ഹരജിയാണ് കോടതി ഉത്തരവ്.