മുന്‍ പ്രസിഡന്റ് ട്രംപിനെപ്പോലെ ചൈനയ്ക്കെതിരെ കടുത്ത നിയന്ത്രണങ്ങള്‍ കൈക്കൊണ്ടില്ലെങ്കിലും ചൈനയുടെ ഭീഷണികളെ ഫലപ്രദമായി നേരിടുകതന്നെ ചെയ്യുമെന്ന് ബൈഡന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്ത് എത്തിയതിന് ശേഷം ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായി സംസാരിച്ചിട്ടില്ല. എന്നാല്‍ ഏറെക്കാലമായി അദ്ദേഹത്തെ അറിയാം.സമര്‍ത്ഥനും കര്‍ക്കശക്കാരനുമായ ഷി ജനാധിപത്യമൂല്യങ്ങളോട് മുഖംതിരിക്കുകയാണ്. ബൈഡന്‍ പറഞ്ഞു. ചൈന അയല്‍രാജ്യങ്ങള്‍ക്കു ഭീഷണിയെങ്കില്‍ ഇടപെടുകതന്നെ ചെയ്യുമെന്നു അധികാരത്തില്‍ എത്തിയ ഉടനെ ബൈഡന്‍ വ്യക്തമാക്കി. അതേസമയം ഇന്ത്യ അതിവേഗം വളരുന്ന ആഗോള ശക്തിയെന്ന് അമേരിക്കന്‍ സര്‍ക്കാര്‍ വക്താവ് അഭിപ്രായപ്പെട്ടു . ഇന്തോ- പസഫിക് മേഖലയിലെ ഇന്ത്യയുമായുള്ള പങ്കാളിത്തത്തില്‍ അഭിമാനമെന്നും നെഡ് പ്രൈസ് അഭിപ്രായപ്പെട്ടു.ഇന്തോ- പസഫിക് മേഖലയുടെ സുരക്ഷയില്‍ ഇന്ത്യക്ക് നിര്‍ണ്ണായക സ്ഥാനമാണുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിരോധം, ഭീകര വിരുദ്ധത, പ്രാദേശിക സഹകരണം, സമാധാന പരിപാലനം, പരിസ്ഥിതി സംരക്ഷണം, ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം, സാങ്കേതിക രംഗം, കാര്‍ഷിക മേഖല, ബഹിരാകാശ ഗവേഷണം, സമുദ്ര പര്യവേഷണം എന്നീ മേഖലകളില്‍ അമേരിക്കയുടെ സുപ്രധാന പങ്കാളിയാണ് ഇന്ത്യ. നയതന്ത്ര മേഖലയിലും സുരക്ഷാ മേഖലയിലും ഇന്ത്യയുമായുള്ള സൗഹൃദം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.ഐക്യരാഷ്ട്ര രക്ഷാസമിതിയുമായി ബന്ധപ്പെട്ട ഇന്ത്യന്‍ നയങ്ങളെ അമേരിക്ക സ്വാഗതം ചെയ്യുന്നതായും പ്രൈസ് വ്യക്തമാക്കി. അമേരിക്കയുടെ ഏറ്റവും അടുത്ത വാണിജ്യ പങ്കാളിയാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. ബഹുമുഖവും വിശാലവുമായ പങ്കാളിത്തമാണ് ഇന്ത്യയുമായി ആഗ്രഹിക്കുന്നതെന്നും അതിന്റെ സൂചനയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി അമേരിക്കന്‍ പ്രതിനിധി ബ്ലിങ്കന്‍ നടത്തിയ സംഭാഷണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന നടത്തുന്ന കടന്നുകയറ്റ ശ്രമങ്ങളെയും അമേരിക്ക അപലപിച്ചു.