കോവിഡ് മാനദണ്ഡപ്രകാരം പുതുവര്‍ഷത്തില്‍ വിദ്യാര്‍ത്ഥികളെ വരവേറ്റ് ജില്ലയിലെ വിവിധ സ്‌കൂളുകള്‍

0

10, പ്ലസ്ടു ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളാണ് ഇന്നലെ മുതല്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചത്.വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ ഷിഫ്റ്റായാണ് ക്ലാസുകള്‍ ഒരുക്കിയിരിക്കുന്നത്. മഹാമാരിയുടെ പശ്ചാത്തലത്തില്‍ അടച്ചിട്ട വിദ്യാലയം വിപുലമായ സുരക്ഷാ സജ്ജീകരണങ്ങളോടെയാണ് തുറന്നത്. തൊടുപുഴ എ.പി.ജെ. അബ്ദുള്‍ കലാം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കുമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട് പുതുവര്‍ഷത്തില്‍ ക്ലാസുകള്‍ ആരംഭിച്ചത്.സര്‍ക്കാര്‍ നിര്‍ദേശപ്രകാരം പ്രത്യേകം ബാച്ചുകള്‍ ആയിട്ടാണ് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പ്ലസ്ടു രണ്ടാം വര്‍ഷം കുട്ടികള്‍ക്കാണ് നിലവില്‍ എപിജെ സ്‌കൂളില്‍ പഠന സൗകര്യം ഒരുക്കിയിരിക്കുന്നത്. 287 വിദ്യാര്‍ത്ഥികളാണ് ഈ വിഭാഗത്തിലുള്ളത്. രാവിലെയും ഉച്ചകഴിഞ്ഞുമായി രണ്ട് സെഷനിലായാണ് ക്ലാസ് സജ്ജീകരിച്ചിരിക്കുന്നത്. ഒരു സെഷനില്‍ 50 ശതമാനം കുട്ടികളെ പങ്കെടുപ്പിക്കും. 14 കുട്ടികള്‍ക്ക് ഒരു ക്ലാസ് മുറി എന്ന നിലയില്‍ 10 ക്ലാസ് മുറികളിലായാണ് ഇരുത്തുക. ഓരോരുത്തര്‍ക്കും പ്രത്യേകം ബെഞ്ചും ഡസ്‌കുമുണ്ട്.മൂന്ന് മണിക്കൂറാണ് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്. പ്രത്യേക ടൈംടേബിള്‍ പ്രകാരം രാവിലെ 9 മുതല്‍ 12 വരെയും ഉച്ചയ്ക്ക് 1 മുതല്‍ 4 വരെയുമാണ് ക്ലാസ്. ഇന്റെര്‍വെല്‍ സമയം ടീച്ചറുടെ സാന്നിധ്യത്തില്‍ ഓരോ ക്ലാസിനും പ്രത്യേകം സമയക്രമം അനുസരിച്ചായിരിക്കും. പ്രവേശന കവാടത്തില്‍ തന്നെ ശരീര ഊഷ്മാവ് പരിശോധിച്ച ശേഷമാണ് വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്ക് പ്രവേശിപ്പിക്കുക. ഇതിന് ശേഷം വിദ്യാര്‍ഥികള്‍ക്ക് സാനിറ്റൈസര്‍ നല്‍കിയാണ് ക്ലാസ് മുറികളിലേക്ക് കയറ്റുന്നത്.കുടിവെള്ളം കൊണ്ടുവരാമെങ്കിലും മറ്റുള്ളവരുമായി പങ്കുവെക്കരുത്. ഭക്ഷണം കൊണ്ടുവരാന്‍ അനുവാദമില്ല. അസ്വസ്ഥത അനുഭവപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിശ്രമിക്കുന്നതിനായി പ്രത്യേക മുറികളും സജ്ജമാക്കിയിട്ടുണ്ട്. കുട്ടികളിലെ മാനസിക പിരിമുറുക്കവും ആകുലതകളും ഒഴിവാക്കുന്നതിനായി സ്‌കൂളില്‍ കൗണ്‍സിലര്‍മാര്‍ പ്രത്യേക ക്ലാസുകള്‍ നല്‍കും. ഡിസംബര്‍ പകുതിയോടെ തന്നെ അധ്യയനം ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. ഫെയ്സ് ഷീല്‍ഡും മാസ്‌കും ധരിച്ചാണ് അധ്യാപകര്‍ ക്ലാസുകള്‍ എടുക്കുന്നത്. പരീക്ഷകള്‍ക്കായുള്ള റിവിഷനും വിദ്യാര്‍ത്ഥികള്‍ക്ക് സംശയമുള്ള പാഠഭാഗങ്ങള്‍ വിശകലനം ചെയ്യുന്നതിനുമാണ് മുന്‍ഗണന.മാസങ്ങളോളം വിദ്യാലയം അടച്ചിട്ടതിനാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയാക്കി. സ്‌കൂള്‍ പരിസരം ടോയ്ലറ്റ്, ക്ലാസ്മുറികള്‍, വാട്ടര്‍ ടാപ്പ്, എന്നിവിടങ്ങളിലും അണുനശീകരണം നടത്തി. സ്‌കൂള്‍ അധ്യാപകര്‍, ജീവനക്കാര്‍, നഗരസഭാ അധികൃതര്‍, സ്‌കൂളിലെ എന്‍എസ്‌എസ്. വോളണ്ടിയര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം.വിദ്യാലയം തുറന്നു പ്രവര്‍ത്തിക്കുന്നതിനോട് അനുബന്ധിച്ച്‌ ഗൂഗിള്‍ മീറ്റ് വഴി രക്ഷിതാക്കളുടെ പിടിഎ ചേര്‍ന്നിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചു കൊണ്ടാണ് ക്ലാസുകള്‍ പ്രവര്‍ത്തനമാരംഭിച്ചതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.ജി. അനില്‍ കുമാര്‍ പറഞ്ഞു.

You might also like

Leave A Reply

Your email address will not be published.