സമരവേലിയേറ്റത്തെ തുടര്‍ന്ന് സ്തംഭിച്ചിരുന്ന വിഴിഞ്ഞം തുറമുഖത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും ആരംഭിച്ചു

0

കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും കൂറ്റന്‍ ട്രക്കുകളില്‍ കല്ല് എത്തിച്ച്‌ തുടങ്ങി. കൊല്ലം ജില്ലയിലെ കുമ്മിളില്‍ നിന്നാണ് 14 ട്രക്കുകളിലായി പദ്ധതി പ്രദേശത്ത് കല്ലുകളെത്തിക്കുന്നത്. തമിഴ്നാട്ടിലെ ക്വാറികളില്‍ നിന്നുള്ള കല്ലും വിഴിഞ്ഞത്ത് എത്തിത്തുടങ്ങി.തുറമുഖത്തേക്ക് കടല്‍വെള്ളത്തിന്റെ ഒഴുക്ക് തടയുന്നതിനുള്ള ബ്രേക്ക് വാട്ടര്‍ (പുലിമുട്ട്) നിര്‍മാണത്തിനാണ് പ്രധാനമായും കല്ലെത്തിക്കുന്നത്. ഇത് പൂര്‍ത്തിയാക്കുന്നതിന് മാത്രം 70 ലക്ഷം ടണ്‍ കല്ല് വേണ്ടിവരും. 3.1 കിലോമീറ്റര്‍ ദൂരത്തിലുള്ള പുലിമുട്ടിന്റെ 800 മീറ്റര്‍ മാത്രമാണ് ഇതുവരെ പൂര്‍ത്തീകരിക്കാനായത്. പൈലിംഗ് പൂര്‍ത്തിയായ ബെര്‍ത്തിന്റെ നിര്‍മാണത്തിന് 10 ലക്ഷം ടണ്‍ കല്ലാണ് വേണ്ടത്. പുലിമുട്ട് നിശ്ചിതസമയത്തിന് മുമ്ബ് പൂര്‍ത്തിയാക്കണമെങ്കില്‍ തുടര്‍ച്ചയായി കല്ലെത്തിക്കണം. പദ്ധതിയുടെ വേഗത്തിലുള്ള പൂര്‍ത്തീകരണത്തിന് പ്രതിദിനം 10000 ടണ്‍ കല്ലെങ്കിലും വേണം. കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് തുറമുഖ നിര്‍മാണത്തിനായി പാറപൊട്ടിക്കാന്‍ അനുമതി നല്‍കിയത്. തിരമാലയെ പ്രതിരോധിക്കാന്‍ പുലിമുട്ടിന്റെ ഇരുവശങ്ങളിലും സ്ഥാപിക്കാനുള്ള കോണ്‍ക്രീറ്റ് ടെട്രോപോഡിന്റെ നിര്‍മാണം ഏകദേശം പൂര്‍ത്തിയായി. 12 ടണ്‍ ഭാരമുള്ള 12000 ടെട്രോപോഡാണ് ആകെ വേണ്ടത്.

തിരിച്ചടിയായത് സമരങ്ങള്‍

2015 ഡിസംബര്‍ അഞ്ചിനായിരുന്നു അന്താരാഷ്ട്ര തുറമുഖത്തിന്റെ നിര്‍മാണോദ്ഘാടനം. കരാര്‍ പ്രകാരം 2019 ഡിസംബര്‍ 19ന് ഒന്നാംഘട്ട പദ്ധതി പൂര്‍ത്തിയാക്കണമായിരുന്നു. സര്‍ക്കാരുമായുള്ള കരാര്‍ പ്രകാരം 1465 ദിവസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കണം. എന്നാല്‍ പദ്ധതിപ്രദേശത്ത് നിന്ന് ഒഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസ പ്രശ്നങ്ങള്‍ പരിഹരിക്കാനുണ്ടായ കാലതാമസം, അതിനെ തുടര്‍ന്നുണ്ടായ സമരങ്ങള്‍ എന്നിവ കാരണം വിവിധ ഘട്ടങ്ങളായുള്ള നിര്‍മ്മാണം വൈകിപ്പിച്ചു. 2020 ഡിസംബറോടെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി തുറമുഖത്ത് കപ്പലടിപ്പിക്കാമെന്നായിരുന്നു പ്രതീക്ഷ. ഇതിനാണ് സമരങ്ങള്‍ കാരണം തടസം നേരിട്ടത്.

നിര്‍മ്മാണം പുരോഗമിക്കുന്നു

തുറമുഖത്തോട് ചേര്‍ന്നുള്ള വര്‍ക്ക്‌ഷോപ്പിന്റെയും കണ്ടെയ്നറുകള്‍ തീരത്ത് നിരത്തിവയ്ക്കാനുള്ള കണ്ടെയ്നര്‍ പ്ലാറ്റ്‌ഫോമുകളുടെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇവിടെ തറയോടുപാകി നിര്‍മ്മാണം പൂര്‍ത്തിയാക്കി.തീരത്തെ ആവശ്യങ്ങള്‍ക്കായുള്ള സബ് സ്റ്റേഷന്റെ നിര്‍മ്മാണവും അവസാന ഘട്ടത്തിലാണ്. തുറമുഖത്തിന്റെ ബെര്‍ത്തിനോട് ചേര്‍ന്ന് കണ്ടെയ്നറുകള്‍ക്ക് ആവശ്യമായ വൈദ്യുതി എത്തിക്കുന്നതിനുള്ള ചെറിയ സബ് സ്റ്റേഷനും നിര്‍മ്മിച്ച്‌ കഴിഞ്ഞു.

പുലിമുട്ടിന്റെ നീളം: 3.1 കി.മീ

പൂര്‍ത്തിയായത്: 800 മീറ്റര്‍ മാത്രം

വേണ്ടത്: 70 ലക്ഷം ടണ്‍ കല്ല്

ബെര്‍ത്ത് നിര്‍മ്മാണത്തിന്: 10 ലക്ഷം ടണ്‍

ഒരു ദിവസം വേണ്ടത്:10000 ടണ്‍ കല്ല്

സംഭരണ കേന്ദ്രങ്ങള്‍, നാവിഗേഷന്‍ ഉപകരണങ്ങള്‍ സ്ഥാപിക്കുന്ന കെട്ടിടങ്ങള്‍, ഭരണ നിര്‍വഹണത്തിനുള്ള കെട്ടിടങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണവും പൂര്‍ത്തിയാകുന്നു. തുറമുഖത്ത് വിവിധയിടങ്ങളിലായി ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിച്ചു കഴിഞ്ഞു.നിര്‍മ്മാണ കമ്ബനി അധികൃതര്‍

You might also like

Leave A Reply

Your email address will not be published.