ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാവാന്‍ സാധ്യത

0

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാവാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ന് അര്‍ധരാത്രി മുതല്‍ കേരള തീരത്തുനിന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോവുന്നത് പൂര്‍ണമായും നിരോധിച്ചു. ഡിസംബര്‍ 1 മുതല്‍ കടല്‍ അതിപ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ നിലവില്‍ മത്സ്യബന്ധനത്തിന് പോയിട്ടുള്ളവര്‍ നവംബര്‍ 30 അര്‍ധരാത്രിയോടെ ഏറ്റവും അടുത്തുള്ള സുരക്ഷിതതീരത്ത് എത്തേണ്ടതാണെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഡിസംബര്‍ 1 മുതല്‍ ഇനിയൊരറിയിപ്പുണ്ടാവുന്നത് വരെ കേരള തീരത്തുനിന്ന് കടലില്‍ പോവുന്നതിന് പൂര്‍ണനിരോധനം ഏര്‍പ്പെടുത്തി. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനം കേരളത്തിലും പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ തെക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവം കേരളത്തിലുണ്ടാകാനുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നതിനാല്‍ പൊതുജനങ്ങളോട് ജാഗ്രത പാലിക്കാനും സര്‍ക്കാര്‍ സംവിധാനങ്ങളോട് തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചിരിക്കുകയാണ്. നിലവില്‍ കാലവസ്ഥാ മോഡലുകളുടെ സൂചന അനുസരിച്ച്‌ തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലാണ് അതീവ ജാഗ്രത ആവശ്യമുള്ളത്. എന്നിരുന്നാലും തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജാഗ്രത പാലിക്കണമെന്നും ഇനിയുള്ള മുന്നറിയിപ്പുകള്‍ ശ്രദ്ധയോടെ വീക്ഷിക്കണമെന്നും നിര്‍ദേശിക്കുന്നു.

You might also like

Leave A Reply

Your email address will not be published.