പാര്‍വ്വതിയുടെ തീരുമാനം ധീരവും ത്യാഗോജ്വലവുമാണെന്നും സ്ത്രീകള്‍ക്ക് മുഴുവന്‍ അപമാനകരമായ പരാമര്‍ശമാണ് ‘അമ്മ’ ജനറല്‍ സെക്രട്ടറിയില്‍ നിന്നും ഉണ്ടായതെന്നും പുകസ സംസ്ഥാന കമ്മിറ്റിയുടെ പ്രസ്താവനയില്‍ പറയുകയാണ്. പ്രസിഡന്‍റ് ഷാജി എന്‍ കരുണിന്‍റെയും ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവിലിന്‍റെയും പേര് വച്ചുള്ളതാണ് ഈ പ്രസ്താവന.പാര്‍വ്വതിക്ക് പിന്തുണയുമായി പുരോഗമന കലാസാഹിത്യ സംഘം;-നടി പാര്‍വ്വതി തിരുവോത്തിന് അഭിവാദ്യങ്ങള്‍. AMMA എന്ന താരസംഘടനയുടെ പുരുഷാധിപത്യ നീക്കങ്ങളില്‍ പ്രതിഷേധിച്ച് അതില്‍ നിന്നും രാജിവെച്ച പ്രശസ്ത നടി പാര്‍വ്വതി തിരുവോത്തിനെ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അഭിവാദ്യം ചെയ്യുന്നു. സിനിമാരംഗത്ത് മാത്രമല്ല, പൊതുവെ സ്ത്രീകള്‍ക്ക് മുഴുവന്‍ അപമാനകരമായ പരാമര്‍ശമാണ് ആ സംഘടനയുടെ ജനറല്‍ സെക്രട്ടറിയില്‍ നിന്നുണ്ടായത്.പാര്‍വ്വതിയുടെ തീരുമാനം ധീരവും ത്യാഗോജ്വലവുമാണ്. ഇതുമൂലം പ്രൊഫഷനില്‍ തനിക്ക് ഉണ്ടാവാനിടയുള്ള നഷ്ടങ്ങളെ അഭിമാനബോധമുള്ള കലാകാരി എന്ന നിലയില്‍ അവര്‍ അവഗണിച്ചു. സിനിമാരംഗത്തെ സംഘടനകള്‍ സംഘടിതശക്തി എന്ന നിലവിട്ട് പലപ്പോഴും ആ മേഖലയിലെ കലാകാരന്മാരുടെ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും നിയന്ത്രിക്കുകയും പലപ്പോഴും ഊരുവിലക്ക് കല്‍പ്പിക്കുകയും പതിവുണ്ട്. താരമേധാവിത്തവും പുരുഷമേധാവിത്തവും മാത്രമല്ല ഒരു വക മാഫിയ സ്വഭാവവും അതു പുലര്‍ത്താറുണ്ട്.ഏതൊരു കലയും എന്നപോലെ സിനിമയും സമൂഹത്തിന്‍റെ ജനാധിപത്യവല്‍ക്കരണത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. സ്ത്രീകളും ദളിതരുമടക്കം അടിച്ചമര്‍ത്തപ്പെടുന്ന ജനവിഭാഗങ്ങളുടെ വിമോചന സംരംഭങ്ങളില്‍ സിനിമയും മുന്നില്‍ നിന്നിട്ടുണ്ട്. എന്നാല്‍ മൂലധനത്തിന്‍റെ മേല്‍ക്കൈയുള്ളതുകൊണ്ട് തിരശ്ശീലക്കു പിന്നില്‍ സ്ത്രീയും ദളിതനും അവഗണിക്കപ്പെടുന്നു. അടിച്ചമര്‍ത്തപ്പെടുന്നു. രണ്ടാം തരം പൗരന്മാരായി പരിഗണിക്കപ്പെടുന്നു. ഈയൊരു ദുസ്വഭാവം കലാകാരനെ അസ്വതന്ത്രനാക്കുകയും സമുന്നതമായ കല എന്ന നിലയില്‍ സിനിമയുടെ സാധ്യതകളെ പരിമിതപ്പെടുത്തുകയും ചെയ്യുന്നുണ്ട്. സിനിമാ നിര്‍മ്മാണമേഖലയില്‍ നടക്കുന്ന അവഗണനക്കും അടിച്ചമര്‍ത്തലിനുമെതിരെ യുവതലമുറ ശക്തമായി പ്രതികരിക്കുന്നതായി കാണുന്നു. ഇത് സിനിമ എന്ന കലാരൂപത്തിന്‍റെ പ്രതീക്ഷയാണ്. ആ പ്രതീക്ഷയുടെ പ്രതീകമാണ് പാര്‍വ്വതി തിരുവോത്ത് എന്ന അഭിനയപ്രതിഭ.അഭിവാദ്യങ്ങളോടെ,
ഷാജി എന്‍.കരുണ്‍ (പ്രസിഡണ്ട്)
അശോകന്‍ ചരുവില്‍ (ജനറല്‍ സെക്രട്ടറി)
You might also like