പ്രവാസികൾ നാടിന്റെ നട്ടെല്ലുകളാണ് അവരെ സംരക്ഷിക്കുന്ന ശ്രമങ്ങൾ സർക്കാർ അനുസൂതം തുടരും; അഡ്വ. ഐ ബി സതീഷ് എംഎൽഎ

0

തിരുവനന്തപുരം : പ്രവാസികൾ എന്നും നാടിന്റെ നട്ടെല്ലുകളാണെന്നും അവരെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്തു വരുന്ന സർക്കാരിന്റെ സംരംഭങ്ങൾ അനുസൂതം ഇനിയും തുടരുമെന്നും അഡ്വ. ഐ.ബി. സതീഷ് എംഎൽഎ അഭിപ്രായപ്പെട്ടു.പ്രവാസി പ്രതിഭയും ശിവഗിരി എസ്എൻഡിപി യോഗം പ്രസിഡണ്ടുമായ ശ്രീ. ബി. ജയപ്രകാശന് കൃപ ചാരിറ്റീസ് ഇന്ത്യയുടെ 77-ാമത് റിപ്ലബ്ലിക് ദിനത്തിൽ നൽകിയ പുരസ്കാര സമർപ്പണം സമുല്‍ഘടനം ചെയ്യുകയായിരുന്നു ഐ. ബി.സതീഷ് എംഎൽഎ.
സർക്കാരിന്റെ ചൈത്രം ഹോട്ടൽ ഹാളിൽ നടന്ന സമ്മേളനത്തിൽ കേരള സ്റ്റേറ്റ് മൈനോറിറ്റി കമ്മിഷൻ ചെയർമാൻ അഡ്വ. എ.എ.റഷീദ് അധ്യക്ഷത വഹിച്ചു.സിപിഐ നേതാവ് ശ്രീ. പന്ന്യൻ രവീന്ദ്രൻ എക്സ്. എം. പി. പ്രകാശനെ പൊന്നാട അണിയിച്ചു.
ജീവിക്കുന്നതിനും ജീവിപ്പിക്കുന്നതിനുമായി അക്കരകളിലെത്തി മരം കോച്ചുന്ന മഞ്ഞത്തും എരിപൊരിയുന്ന വെയിലത്തും മരുഭൂമിയിലെ മണലാരണ്യത്തിലെ മലകളോടും മണ്ണിനോടും പടവെട്ടിയും അവിടെ പാലങ്ങൾ പണിതും മണിമന്ദിരങ്ങൾ നിർമ്മിച്ചും അധ്വാനിച്ച് ചോര നീരാക്കിയ പ്രവാസികളെ ഇടതുപക്ഷ ജനാധിപത്യസർക്കാരാണ് അകം നിറഞ്ഞ് സഹായിച്ചു കൊണ്ടിരിക്കുന്നുവെന്നത് ആരും വിസ്മരിക്കയില്ലെന്ന് കരുതുന്നതായും സതീഷ് പ്രസ്താവിച്ചു.
അറബ്യൻ നാടുകളിലെ അധ്വാനം കൊണ്ട് സമ്പന്നനായ ബി. പ്രകാശൻ അബുദാബിയിലും സ്വന്തം നാട്ടിലും സേവനത്തിന്റെ പ്രകാശ ഗോപുരങ്ങൾ കെട്ടിപ്പൊക്കിയിട്ടുള്ളത് നാം കാണുകയും കേൾക്കുകയും ചെയ്യുന്നതാണെന്നും ഐ ബി പറഞ്ഞു.
അദ്ദേഹം തുടർന്നു… ഈ മഹത്തായ ദിനത്തിൽ കുടുംബസമേതമെത്തിയ പ്രകാശനെയും മറ്റും അഭിനന്ദിക്കുവാനും ആദരിക്കുവാനും ആവേശമുണ്ട്.
നന്മയുടെ പൂമരങ്ങൾ വെച്ചുപിടിപ്പിച്ചുകൊണ്ടുള്ള പ്രകാശന്റെ പ്രയാണ പാതയിൽ ആശംസകളുടെ ചുവന്ന പൂക്കൾ വാരി വിതറുന്നു.
മുൻ മന്ത്രി അഡ്വ. വിഎസ് ശിവകുമാർ പ്രകാശിന് പ്രശംസ പത്രം നൽകി. കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ പ്രകാശനുള്ള സ്നേഹോപഹാര സന്ദേശം പാരായണം ചെയ്തു.
എൻ.ആർ. ഐ. കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് ആമുഖപ്രഭാഷണം നടത്തി. സെന്റ്. ജൂഡ് പാരീഷ് വികാരി ജനറൽ റവ: ഫാദർ സേവിയർ തോമസ് സാധുക്കൾക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു.
ഇൻഡോ – അറബ് ഫ്രണ്ട്ഷിപ്പ് സെന്റർ ചീഫ് കോഡിനേറ്റർ ബഷീർ ബാബു, മാപ്പിള കലാസാഹിത്യസംഘം പ്രസിഡന്റ് ആതിര രതീഷ്, അശ്വധ്വനി കൾച്ചറൽ ഫോറം കൺവീനർ എസ്. കമാലുദ്ദീൻ, സ്നേഹ സാന്ദ്രം ചാരിറ്റബിൾ ചെയർപേഴ്സൺ ഷീജ സാന്ദ്ര, കിംസ് ഹെൽത്ത് കെയർ ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടർ ഇ. എം. നജീബ്, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ കൗൺസിൽ ഷംശുദ്ദീൻ എന്നിവർ ആശംസകൾ നേർന്നു പ്രസംഗിച്ചു.
എഫ് ജി എ കോഡിനേറ്റർ അഡ്വ. ആഷിഖ് മുഹമ്മദ് സ്വാഗതം ആശംസിച്ചു. മനസ്സ് ജനറൽ സെക്രട്ടറി ബാബു ജോസഫ് ജോൺ നന്ദി രേഖപ്പെടുത്തി.

You might also like
Leave A Reply

Your email address will not be published.