കള്ളിക്കാട് സെന്റ് അന്നാസ് എൽ.പി. സ്കൂളിൽ ഫ്രൂട്ട്സ് മേള സംഘടിപ്പിച്ചു

കള്ളിക്കാട് സെന്റ് അന്നാസ് എൽ.പി. സ്കൂളിൽ ഫ്രൂട്ട്സ് മേള സംഘടിപ്പിച്ചു

കള്ളിക്കാട്: കുട്ടികളിൽ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വളർത്തുന്നതിനും പഴങ്ങളുടെ പോഷകമൂല്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമായി കള്ളിക്കാട് സെന്റ് അന്നാസ് എൽ.പി. സ്കൂളിൽ ഫ്രൂട്ട്സ് മേള സംഘടിപ്പിച്ചു.

ഡോക്ടർ സോജാ ജോൺ മേള ഉദ്ഘാടനം ചെയ്തു. വിവിധ പഴങ്ങളുടെ പോഷകമൂല്യങ്ങൾ, ഔഷധഗുണങ്ങൾ, അവ നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് ഉദ്ഘാടക കുട്ടികൾക്ക് വിശദീകരിച്ചു. ആരോഗ്യകരമായ ജീവിതത്തിന് പഴങ്ങൾ വഹിക്കുന്ന പങ്കിനെക്കുറിച്ചുള്ള ഈ ബോധവത്കരണം കുട്ടികൾക്ക് ഏറെ പ്രയോജനകരമായി.

നൂറിലധികം ഇനം പഴങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്. പൈനാപ്പിൾ, തണ്ണിമത്തൻ, പേരയ്ക്ക, പപ്പായ, മുന്തിരി, ചക്കപ്പഴം, വിവിധയിനം വാഴപ്പഴങ്ങൾ തുടങ്ങി നാട്ടിൽ സുലഭമായി ലഭിക്കുന്ന പഴങ്ങൾക്കൊപ്പം കിവി, ഡ്രാഗൺ ഫ്രൂട്ട് തുടങ്ങിയ വിദേശയിനം പഴങ്ങളും മേളയുടെ ആകർഷണമായി. വൈവിധ്യമാർന്ന പഴങ്ങളെ അടുത്തറിയാനും അവയുടെ പ്രത്യേകതകൾ മനസ്സിലാക്കാനും കുട്ടികൾക്ക് മേള അവസരമൊരുക്കി.

പാഠപുസ്തകങ്ങളിലൂടെ കുട്ടികൾ പരിചയപ്പെടുന്ന പഴങ്ങളെ നേരിൽ കാണാനും അവയുടെ പേരുകളും സവിശേഷതകളും തിരിച്ചറിയാനും സഹായിക്കുന്ന രീതിയിലാണ് മേള ഒരുക്കിയത്. പഠനത്തോടൊപ്പം അനുഭവങ്ങളിലൂടെയുള്ള അറിവ് പകരുന്നതിനും ആരോഗ്യകരമായ ഭക്ഷണശീലം ചെറുപ്രായത്തിൽത്തന്നെ വളർത്തുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ സഹായകരമാണ്.

അധ്യാപികമാരായ കവിത ജെസ്റ്റിൻ, സിൻസി കെ. ഫ്രാൻസിസ്, ലിജി, രീഷ്മ ദാസ് എന്നിവർ മേളയ്ക്ക് നേതൃത്വം നൽകി. സ്കൂൾ ഹെഡ്മാസ്റ്റർ സെൽവരാജ് സ്വാഗതവും അധ്യാപിക ആൻസലീന സുമി നന്ദിയും രേഖപ്പെടുത്തി.ℵ

Comments (0)
Add Comment