വേണ്ടി വന്നാൽ വീണ്ടും സമരം : വി കെ സദാനന്ദൻ

വേണ്ടി വന്നാൽ വീണ്ടും സമരം : വി കെ സദാനന്ദൻ

ആശാ സമ്മേളനം രണ്ടാം ദിവസം

വേണ്ടിവന്നാൽ കഴിഞ്ഞതിനെക്കാൾ ശക്തമായ സമരം നടത്തുമെന്ന് 266 ദിവസം നീണ്ട ആശാ സമരത്തിന് നേതൃത്വം നൽകിയ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് വി കെ സദാനന്ദൻ പറഞ്ഞു. സമ്മേളനത്തിന്റെ രണ്ടാം ദിവസം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 19 വർഷം ആശയായും അതിനു മുമ്പ് എം എസ് എസ് എന്ന പേരിലും ഫീൽഡ് തല പ്രവർത്തനം നടത്തിവരുന്നവരാണ് ആശമാർ. അവർ ജോലി അവസാനിപ്പിക്കുമ്പോൾ 5 ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യമായി നൽകണമെന്ന് സംഘടന ദീർഘകാലമായി ആവശ്യപ്പെടുന്നതാണ്. ഇക്കാലത്ത് അത് ഒരു വലിയ തുകയല്ല കൈക്കാശ് മാത്രമാണ്. പിരിഞ്ഞുപോകുന്ന ആശമാർക്ക് വിരമിക്കൽ ആനുകൂല്യവും പെൻഷനും ഉടനടി നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണം. സ്ത്രീകൾക്ക് മിനിമം കൂലിയായ 21,000 രൂപ ഓണറേറിയം ലഭിക്കണം എന്ന ആവശ്യത്തിൽ നിന്ന് നാം അല്പം പോലും പിന്നോട്ട് പോയിട്ടില്ല. ജീവിക്കാനുള്ള മിനിമം കൂലി എന്നത് മിനിമം അവകാശമാണ് എന്നും അദ്ദേഹം പറഞ്ഞു.

ജനറൽ സെക്രട്ടറി എം.എ ബിന്ദു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ ഷൈല കെ ജോൺ, എസ് മിനി, ബിനി സുദർശൻ, മിനി സി.സി, ആശാരാജ് യു ജെ, എ. സബൂറ എന്നിവർ പ്രസംഗിച്ചു.

Comments (0)
Add Comment