തിരുവനന്തപുരം: വയനാട്ടിലെ ദുരിതബാധിത മേഖലയിലേക്ക് സഹായഹസ്തവുമായി പാപ്പനംകോട് സിഎസ്ഐആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി (സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി).
എന്‍ഐഐഎസ്ടി യുടെ സാമൂഹ്യ പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭക്ഷ്യവസ്തുക്കളടങ്ങിയ 3000 കിറ്റുകളാണ് ആദ്യഘട്ടത്തില്‍ ദുരന്തബാധിതരായ ആളുകളിലേക്കും രക്ഷാപ്രവര്‍ത്തകരിലേക്കും എത്തിക്കുന്നത്.
എന്‍ഐഐഎസ്ടി ജീവനക്കാരും വിദ്യാര്‍ത്ഥികളും സംയുക്തമായി തയ്യാറാക്കിയ ഉപ്പുമാവ്, റസ്ക്, ചെറുധാന്യം കൊണ്ടുള്ള ലഘുഭക്ഷണങ്ങള്‍ തുടങ്ങിയവയാണ് വയനാട്ടിലേക്ക് എത്തിക്കുക.
രണ്ടു മുതല്‍ നാലാഴ്ച വരെ കേടാവാത്തതും ഉയര്‍ന്ന നിലവാരമുള്ള ചേരുവകള്‍ ഉപയോഗിച്ച് തയ്യാറാക്കിയതുമായ ഭക്ഷ്യവസ്തുക്കള്‍ പോഷകസമൃദ്ധമാണ്. ഇവയെ സാധാരണ താപനിലയില്‍ സംഭരണ ഉപകരണങ്ങളുടെ സഹായമില്ലാതെ സൂക്ഷിക്കാനുമാകും.
അത്യാധുനിക ഭക്ഷ്യ സംസ്കരണ ഉപകരണങ്ങളായ വാട്ടര്‍ സ്പ്രേ റിട്ടോര്‍ട്ട്, ട്വിന്‍ സ്ക്രൂ എക്സ്ട്രൂഡര്‍, ഫ്ളൂയിഡൈസ്ഡ് ബെഡ് ഡീഹൈഡ്രേറ്റര്‍, ബേക്കറി പ്രോസസ്സിംഗ് ലൈന്‍ എന്നിവ ഉപയോഗിച്ചാണ് എന്‍ഐഐഎസ്ടി യില്‍ ഭക്ഷ്യ ഉത്പന്നങ്ങളും ലഘുഭക്ഷണങ്ങളും തയ്യാറാക്കുന്നത്.
ദുരിതബാധിത പ്രദേശങ്ങളിലെ ഭക്ഷ്യ ഉത്പന്നങ്ങളുടെ ആവശ്യകത കണക്കിലെടുത്ത് ഉത്പാദനം കൂട്ടാനും എന്‍ഐഐഎസ്ടി പദ്ധതിയിടുന്നുണ്ട്.
Related Posts
You might also like