തിരുവനന്തപുരം: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പില്‍ സുസ്ഥിര മാലിന്യ സംസ്കരണം പ്രധാന അജണ്ടയാകട്ടെയെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. സംസ്ഥാനത്തുടനീളമുള്ള സുസ്ഥിര മാലിന്യ സംസ്കരണ യജ്ഞം രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ അതിനു ആക്കം കൂട്ടാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാലിന്യമുക്തം നവകേരളം കാമ്പയിനിന്‍റെ ജില്ലാതല പ്രവര്‍ത്തകര്‍ക്കായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍ (കില) സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാന കര്‍ത്തവ്യങ്ങളില്‍ ഒന്നാണ് മാലിന്യ സംസ്കരണം. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ തദ്ദേശ സ്ഥാപനങ്ങളുടെ പ്രകടനം ജനങ്ങള്‍ക്ക് വിലയിരുത്തുന്നതിനുള്ള പ്രധാന മാനദണ്ഡമായി മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ മാറുമെന്നും രാജേഷ് പറഞ്ഞു.
മാലിന്യമുക്തം നവകേരളം കാമ്പയിനിന്‍റെ ആദ്യ വര്‍ഷത്തില്‍ തന്നെ മാലിന്യ സംസ്കരണത്തില്‍ പ്രശംസനീയമായ പുരോഗതി കൈവരിക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ടെന്നത് അഭിനന്ദനാര്‍ഹമാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതിനാല്‍ ഈ പുരോഗതി അലംഭാവത്തിനു കാരണമാകരുതെന്നും മന്ത്രി പറഞ്ഞു.
പ്രചാരണത്തിന്‍റെ വിജയത്തിനു പിന്നില്‍ താഴേത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്ക് വലിയ പങ്കുണ്ട്. പ്രചാരണം രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ അവരുടെ നിസീമമായ സഹകരണം പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നല്ല മാറ്റം സൃഷ്ടിക്കാന്‍ മാലിന്യ മുക്ത നവകേരളം കാമ്പയിനിലൂടെ സാധിച്ചിട്ടുണ്ട്. എന്നാല്‍ ആത്യന്തിക ലക്ഷ്യം കൈവരിക്കുന്നതിന് 2024-25 ലും ആ പ്രവര്‍ത്തനരീതി നിലനിര്‍ത്തേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അനുഭവങ്ങള്‍ വിലയിരുത്തി കൂടുതല്‍ മെച്ചപ്പെടുത്തേണ്ട മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാലിന്യ സംസ്കരണ രീതികളില്‍ ജനങ്ങളുടെ മനോഭാവം മാറാതെ നൂറ് ശതമാനം വിജയവും സുസ്ഥിരതയും കൈവരിക്കാനാകില്ല. ജനകീയാസൂത്രണത്തിന് സമാനമായ ഒരു ബഹുജന മുന്നേറ്റം കാലഘട്ടത്തിന്‍റെ ആവശ്യമാണ്. വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും പങ്കാളിത്തത്തോടെ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
മാലിന്യ സംസ്കരണത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കേണ്ടത് ആവശ്യമാണ്. ശരിയായ നിരീക്ഷണവും സമയബന്ധിതമായ ഇടപെടലുകളും ഉറപ്പാക്കാന്‍ സമ്പൂര്‍ണ ഡിജിറ്റൈസേഷനിലൂടെ സാധിക്കും. സാനിറ്ററി മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രത്യേക വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്‍എസ് ജിഡി അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, എല്‍എസ് ജിഡി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സാംബശിവ റാവു, എല്‍എസ് ജിഡി സ്പെഷ്യല്‍ സെക്രട്ടറി അനുപമ .ടി വി, ശുചിത്വ മിഷന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ യു വി. ജോസ്, കില ഡിജി ജോയ് ഇളമണ്‍, ക്ലീന്‍ കേരള കമ്പനി എംഡി ജി. സുരേഷ് കുമാര്‍, എല്‍എസ് ജിഡി ചീഫ് എഞ്ചിനീയര്‍ സന്ദീപ് .എസ് എന്നിവരും സന്നിഹിതരായിരുന്നു.