കേരളത്തിന്‍റെ കരുത്തുറ്റ എഐ ആവാസവ്യവസ്ഥയ്ക്ക് അന്താരാഷ്ട്ര ജനറേറ്റീവ് എഐ സമ്മേളനം വേദിയൊരുക്കും നിര്‍മ്മിതബുദ്ധി വളര്‍ത്തല്‍, സംയോജനം, സാധ്യമാക്കല്‍ എന്നിവയ്ക്കായി സംസ്ഥാനം സജ്ജമെന്ന് മന്ത്രി രാജീവ്

0
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍ നിര്‍മ്മിത ബുദ്ധി മേഖലയിലെ കരുത്ത് തെളിയിക്കാനൊരുങ്ങി കേരളം. രാജ്യത്ത് നിര്‍മ്മിത ബുദ്ധിയില്‍ കരുത്തുറ്റ കേന്ദ്രമായി മുന്നേറുന്ന സംസ്ഥാനം ഈ മേഖലയില്‍ വൈവിധ്യമാര്‍ന്ന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനും നിക്ഷേപം ആകര്‍ഷിക്കുന്നതിനും പൂര്‍ണസജ്ജമെന്ന് സമ്മേളനം തെളിയിക്കും. മികച്ച ഐടി അടിസ്ഥാന സൗകര്യങ്ങളും ഉയര്‍ന്ന നൈപുണ്യമുള്ള തൊഴില്‍ ശക്തിയും കേരളത്തിന് അനുകൂല ഘടകങ്ങളാണ്.ലോകം എഐ തരംഗത്തില്‍ മുന്നേറുകയും ആഗോള തലത്തില്‍ ഇന്ത്യ പ്രമുഖ സ്ഥാനത്തേക്ക് കുതിക്കുകയും ചെയ്യുമ്പോള്‍ കമ്പനികള്‍ക്ക് വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഏറ്റവും അനുയോജ്യ സ്ഥലമാണ് കേരളമെന്ന് വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. നിര്‍മ്മിതബുദ്ധി വളര്‍ത്തല്‍, സംയോജനം, സാധ്യമാക്കല്‍ എന്നിവയിലൂടെ കേരളം മികവ് തെളിയിക്കുന്ന ഘട്ടത്തിലാണ് രാജ്യത്തെ ആദ്യ എഐ കോണ്‍ക്ലേവ് കൊച്ചിയില്‍ നടക്കുന്നത് എന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.
2023 ലെ വ്യാവസായിക നയത്തില്‍ എഐ യെ പ്രത്യേക പ്രാധാന്യം നല്‍കേണ്ട മേഖലയായി സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തുകയും നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ മുന്‍ഗണന നല്‍കുകയും ചെയ്തിട്ടുണ്ട്. അതിന്‍റെ ഭാഗമായുള്ള ആദ്യത്തെ ഇടപെടലാണ് കൊച്ചിയില്‍ നടക്കുന്ന കോണ്‍ക്ലേവ്. എഐ മേഖലയിലെ ലോകമെമ്പാടുമുള്ള പ്രഗത്ഭരായ പങ്കാളികള്‍ പങ്കെടുക്കുന്ന സമ്മേളനം കേരളത്തിന് മികച്ച നേട്ടവും അവസരവും ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ മുന്‍നിര എഐ ഡെസ്റ്റിനേഷനായി അതിവേഗം മാറുന്ന കേരളം, ഈ മേഖലയിലെ നിക്ഷേപത്തിന് അനുകൂലമായ ആവാസവ്യവസ്ഥയാണ് അവതരിപ്പിക്കുന്നത്. സമീപകാല നയ നടപടികളും പ്രോത്സാഹനങ്ങളും ഇതിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ്.സാഫ്രാന്‍, അത്താച്ചി, ഐബിഎം, ഡി സ്പേസ് പോലുള്ള ആഗോള പ്രമുഖര്‍ കേരളത്തിന്‍റെ എ.ഐ ആവാസവ്യവസ്ഥയില്‍ ആകൃഷ്ടരായി ഇതിനകം തന്നെ സംസ്ഥാനത്ത് നിക്ഷേപം നടത്തിയിട്ടുണ്ട്. എഐക്ക് മികച്ച വിപണിയാണ് കേരളത്തിലുള്ളത്. കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും പിശകുകള്‍ കുറയ്ക്കുന്നതിനുമായി എഐ കേന്ദ്രീകൃത സേവനങ്ങള്‍ക്കുള്ള സംസ്ഥാനത്തിന്‍റെ ആവശ്യകത വര്‍ധിച്ചുവരികയാണ്. ഈ രംഗത്തെ കമ്പനികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും മികച്ച അവസരങ്ങള്‍ സംസ്ഥാനം ലഭ്യമാക്കുന്നുണ്ട്.കേരളത്തിന്‍റെ വ്യാവസായിക നയത്തിലെ മുന്‍ഗണനാ മേഖലയില്‍ ഉള്‍പ്പെടുന്ന എഐ അധിഷ്ഠിത സംരംഭങ്ങളുടെ വളര്‍ച്ചയയ്ക്ക് സംസ്ഥാനത്ത് മികച്ച സാഹചര്യമാണുള്ളത്. സ്ഥിര മൂലധനത്തില്‍ നിക്ഷേപ സബ്സിഡി, സംസ്ഥാന ചരക്ക് സേവന നികുതി റീ ഇംബേഴ്സ്മെന്‍റ്, എംഎസ്എംഇകള്‍ക്കുള്ള അപ്രന്‍റിസ്ഷിപ്പ്, ഗ്രാന്‍റുകള്‍, കുറഞ്ഞ പലിശനിരക്കുള്ള വായ്പകള്‍, നികുതിയിളവുകള്‍ എന്നിവയടക്കം 18 ഇന്‍സെന്‍റീവുകളാണ് ഇതിനായി വാഗ്ദാനം ചെയ്യുന്നത്.എഐ കോണ്‍ക്ലേവിന് മുന്നോടിയായി കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ (കെഎസ്ഐഡിസി) നടത്തിയ സമഗ്ര പഠനത്തില്‍ എഐ സാധ്യതകള്‍ പ്രയോജനപ്പെടുത്തുക വഴി സംസ്ഥാനത്തെ കമ്പനികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും മികച്ച അവസരങ്ങള്‍ ലഭ്യമാകുമെന്നും സേവനങ്ങളില്‍ കാര്യക്ഷമതയും കൃത്യതയും ഉറപ്പാക്കാന്‍ സാധിക്കുമെന്നും പറയുന്നു.2030 എത്തുമ്പോള്‍ ആഗോള സമ്പദ് വ്യവസ്ഥയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് 15.7 ട്രില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ക്കുമെന്നാണ് വിലയിരുത്തല്‍. മാത്രമല്ല ലോകത്തിലെ മികച്ച  എഐ പ്രതിഭകളുള്ള മൂന്നാമത്തെ ടാലന്‍റ് പൂളാകാനുള്ള സാധ്യതയും ഇന്ത്യയ്ക്കുണ്ടെന്ന് പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ ലോകത്തിലെ തന്നെ ഏറ്റവും മികച്ചതാണെന്ന് ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം (ജിഎസ്ഇആര്‍) റിപ്പോര്‍ട്ട് വിലയിരുത്തിയിട്ടുണ്ട്. എഐ, മെഷീന്‍ ലേണിംഗ് എന്നിവയുടെ സാധ്യതകള്‍ ഇതിന് കൂടുതല്‍ ഊര്‍ജ്ജം പകരും. എ.ഐ മേഖലയില്‍ 300 ഓളം സ്റ്റാര്‍ട്ടപ്പുകള്‍ ഇപ്പോള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.കൃഷി, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങി നിരവധി മേഖലകളില്‍ സംസ്ഥാനത്ത് ഇതിനോടകം തന്നെ എഐ അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. ബിസിനസ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇന്‍ഡസ്ട്രി (ബിഎഫ്എസ്ഐ), കണ്‍സ്യൂമര്‍ ഗുഡ്സ് ആന്‍ഡ് റീറ്റെയില്‍, എച്ച്ആര്‍, സ്മാര്‍ട്ട് മൊബിലിറ്റി ആന്‍ഡ് ട്രാന്‍സ്പോര്‍ട്ടേഷന്‍, സാമ്പത്തിക മേഖല, സാമാര്‍ട്ട് സിറ്റികള്‍, നഗര കേന്ദ്രീകൃത അടിസ്ഥാന സൗകര്യങ്ങള്‍ എന്നീ മേഖലകളില്‍ വമ്പന്‍ മാറ്റം വരുത്താനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.വിദ്യാഭ്യാസ മേഖലയില്‍ എഐ അധിഷ്ഠിത കോഴ്സുകളും ഗവേഷണങ്ങളും നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. എഐ, റോബോട്ടിക്സ്, മെഷീന്‍ ലേണിംഗ് കോഴ്സുകളുള്ള ഇരുപതോളം കോളേജുകള്‍ കേരളത്തിലുണ്ട്. എഐ, കോഡിംഗ് എന്നിവ ചെറിയ പ്രായത്തില്‍ തന്നെ പഠിപ്പിക്കുന്നതില്‍ സംസ്ഥാനം മുന്‍പന്തിയിലാണ്. ഒന്നാം ക്ലാസ് മുതല്‍ പാഠ്യപദ്ധതിയില്‍ ഐടി കോഡിംഗ് അവതരിപ്പിച്ച ആദ്യ സംസ്ഥാനമെന്ന ബഹുമതിയും കേരളത്തിനാണ്. ക്ലാസ് മുറികളില്‍ എഐ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് 80,000 സെക്കന്‍ഡറി സ്കൂള്‍ അധ്യാപകരെ പരിശീലിപ്പിക്കുന്നതിനുള്ള വിപുലമായ പരിപാടിയും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.കാര്‍ഷിക മേഖലയില്‍ എഐ സേവനങ്ങള്‍ നടപ്പാക്കിയ ആദ്യ സംസ്ഥാനമെന്ന ഖ്യാതിയും കേരളത്തിന് സ്വന്തമാണ്. കാലാവസ്ഥയെ പ്രതിരോധിക്കുന്ന വിളകള്‍ തിരഞ്ഞെടുക്കുന്നതിനും കീടങ്ങളില്‍ നിന്ന് വിളകള്‍ക്ക് സംരക്ഷണം നല്‍കുന്നതിനുള്ള നിര്‍ദേശങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കുന്നതിനുമെല്ലാം എഐ സാധ്യതകള്‍ ഉപയോഗിച്ചു വരുന്നു.മികച്ച ബിസിനസ് അന്തരീക്ഷം, കരുത്താര്‍ന്ന ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍, നിരവധി സോഫ്ട് വെയര്‍ പാര്‍ക്കുകള്‍, ടെക്നോളജി ഇന്‍കുബേറ്ററുകള്‍, എഐ നവീനത പ്രോത്സാഹിപ്പിക്കുന്നതിനായി അക്കാദമിക്-ഗവേഷണ-വ്യവസായ സ്ഥാപനങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ എന്നിവ സംസ്ഥാനത്ത് എഐ മേഖലയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്ന ഘടകങ്ങളാണ്. പൊതുജനങ്ങളുടെ പ്രവര്‍ത്തന മേഖലകളില്‍ ഉപയോഗപ്രദമായ സാങ്കേതികവിദ്യകള്‍ രൂപപ്പെടുത്തുന്നതിന് എഐ രംഗത്തെ നവീകരിക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് കേരളമെന്നതും ശ്രദ്ധേയമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
You might also like

Leave A Reply

Your email address will not be published.