കന്നുകാലികള്‍ക്കുള്ള ശാസ്ത്രീയ തീറ്റക്രമം: ബോധവത്ക്കരണ കാമ്പയിന്‍ ആരംഭിക്കും- മന്ത്രി ചിഞ്ചുറാണി കേരള ഫീഡ്സിന്‍റെ ‘മഹിമ’ കാലിത്തീറ്റ മന്ത്രി പുറത്തിറക്കി

0
തിരുവനന്തപുരം: കന്നുകാലി പരിചരണത്തില്‍ ശാസ്ത്രീയ തീറ്റക്രമത്തിന്‍റെ പ്രാധാന്യവുമായി ബന്ധപ്പെട്ട് ക്ഷീരകര്‍ഷകര്‍ക്കിടയില്‍ ബോധവത്ക്കരണ കാമ്പയിന്‍ ആരംഭിക്കുമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. കേരള ഫീഡ്സ് ലിമിറ്റഡിന്‍റെ (കെഎഫ്എല്‍) പോഷകസമൃദ്ധമായ ‘മഹിമ’ കാലിത്തീറ്റ പുറത്തിറക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

തീറ്റക്രമത്തിലെ പാളിച്ചകള്‍ കാരണം കന്നുകാലികള്‍ ചത്തതിന്‍റെ പശ്ചാത്തലത്തില്‍ വളര്‍ത്തു മൃഗങ്ങള്‍ക്ക് നല്കുന്ന വിവിധതരം തീറ്റകളെ സംബന്ധിച്ച് നിയമസഭയില്‍ പുതിയ നിയമം പാസാക്കിയിട്ടുണ്ട്. ഈ നിയമപ്രകാരം തീറ്റ കഴിച്ച് കന്നുകാലി ചത്താല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഈ വര്‍ഷം കടുത്ത വേനലില്‍ 450 പശുക്കളെ നഷ്ടപ്പെട്ട ക്ഷീരകര്‍ഷകര്‍ക്കും ചര്‍മമുഴ ബാധിച്ച് 800 പശുക്കളെ നഷ്ടപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ സഹായം ലഭ്യമാക്കും. പശുക്കളെ വാങ്ങുന്നതിന് പലിശരഹിത വായ്പ നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പാലുത്പാദത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ആറുമാസത്തില്‍ കൂടുതല്‍ പ്രായമുള്ള പശുക്കുട്ടികള്‍ക്ക് ‘മഹിമ’ തീറ്റ നല്‍കാനാകും. പശുക്കള്‍ക്ക് ഗുണമേന്മയും പാലുത്പാദന ശേഷിയും വര്‍ധിപ്പിക്കുന്നതിന് ഉയര്‍ന്ന നിലവാരമുള്ള തീറ്റ ആവശ്യമാണ്. ക്ഷീരകര്‍ഷകര്‍ക്ക് ചെലവ് നിയന്ത്രിച്ച് മാന്യമായ വരുമാനം നേടാന്‍ കുറഞ്ഞ വിലയ്ക്ക് തീറ്റ ലഭിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
മികച്ച കന്നുകുട്ടി പരിപാലനത്തിനും ഉത്പാദനക്ഷമതയുള്ള നല്ലയിനം പശുക്കളെ ലഭ്യമാകുന്നതിനും പോഷക ഗുണങ്ങളടങ്ങിയ ‘മഹിമ’ കാലിത്തീറ്റ സഹായകമാകുമെന്ന് കെഎഫ്എല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി ശ്രീകുമാര്‍ പറഞ്ഞു.
കറവ ഇല്ലാത്ത പശുക്കള്‍ക്ക് ചെലവ് കുറഞ്ഞ കാലിത്തീറ്റ ലഭിക്കുന്നത് വഴി ക്ഷീര കര്‍ഷകരുടെ തീറ്റച്ചെലവ് കുറയുകയും മികച്ച വരുമാനം ലഭിക്കുകയും ചെയ്യും. ഇത് സംബന്ധിച്ച് ശാസ്ത്രീയ അവബോധം സൃഷ്ടിക്കാന്‍ കെഎഫ്എല്‍ ലക്ഷ്യമിടുന്നു. കിടാരികള്‍ക്ക് നല്കാന്‍ കഴിയുന്ന പോഷക സമ്പുഷ്ടമായ ഇത്തരമൊരു തീറ്റ ആദ്യമായാണ് വിപണിയിലെത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ കെഎഫ്എല്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ജയചന്ദ്രന്‍ ബി, ഡെപ്യൂട്ടി മാനേജര്‍മാരായ പി. പി ഫ്രാന്‍സിസ്, ഷൈന്‍ എസ്. ബാബു എന്നിവരും പങ്കെടുത്തു.

20 കിലോ തൂക്കം ഉള്ള കേരള ഫീഡ്സ് മഹിമ കാലിത്തീറ്റക്ക് ചാക്ക് ഒന്നിന് 540 രൂപയാണ് വില. കന്നുകുട്ടിയുടെ ശരിയായ വളര്‍ച്ച ഉറപ്പ് വരുത്തുന്നതിനും കൃത്യസമയത്ത് പ്രായപൂര്‍ത്തിയായി മദിലക്ഷണം പ്രകടമാക്കുന്നതിനും ആവശ്യമായ വിവിധ ഇനം പോഷകങ്ങള്‍ ശരിയായ അനുപാതത്തില്‍ കേരള ഫീഡ്സ് മഹിമ കാലിത്തീറ്റയില്‍ അടങ്ങിയിരിക്കുന്നു.

പശുക്കുട്ടിയുടെ ശരീര ഭാരം അനുസരിച്ച് പ്രതിദിനം 2 മുതല്‍ 3 കിലോ വരെ കേരള ഫീഡ്സ് മഹിമ കാലിത്തീറ്റ നല്‍കാനാകും. ശരീര ഭാരം വര്‍ദ്ധനവിനായി പോത്തുകുട്ടികള്‍ക്കും കേരള ഫീഡ്സ് മഹിമ കാലിത്തീറ്റ നല്‍കാവുന്നതാണ്.

ഇത് കൂടാതെ ക്ഷീര കര്‍ഷകര്‍ക്ക് മണ്‍സൂണ്‍ കാലത്ത് പാല്‍ ഉത്പാദനത്തിന്‍റെ ചെലവ് കുറയ്ക്കുന്നതിനായി കേരള ഫീഡ്സ് ഉത്പാദിപ്പിക്കുന്ന വിവിധ ഇനം കാലിത്തീറ്റകള്‍ക്ക് ജൂണ്‍ 5 മുതല്‍ പ്രത്യേക മണ്‍സൂണ്‍ കാല വിലക്കിഴിവ് നല്‍കി വരുന്നുണ്ട്.
കേരള ഫീഡ്സ് ഡയറി റിച്ച് പ്ലസ് കാലിത്തീറ്റക്ക് 45 കിലോ ചാക്ക് ഒന്നിന് 50 രൂപയും, 50 കിലോ തൂക്കമുള്ള കേരള ഫീഡ്സ് മിടുക്കി, കേരള ഫീഡ്സ് എലൈറ്റ് കാലിത്തീറ്റകള്‍ക്ക് യഥാക്രമം 40 രൂപയും, 25 രൂപയും,  പ്രത്യേക മണ്‍സൂണ്‍കാല വിലക്കിഴിവായി കമ്പനി നല്‍കി വരുന്നു.

You might also like

Leave A Reply

Your email address will not be published.