ആരോഗ്യം: ഭക്ഷണ ശൈലി മാറി, ഇന്ത്യയില്‍ രോഗങ്ങള്‍ കുത്തനെ കൂടി;ഇന്ത്യക്കാരുടെ ഭക്ഷണക്രമത്തില്‍ മാര്‍ഗനിര്‍ദേശവുമായി ഐസിഎംആര്‍

0

ഇന്ത്യയില്‍ മൊത്തം ആരോ​ഗ്യപ്രശ്നങ്ങളുടെ 56 ശതമാനവും അനാരോഗ്യകരമായ ഭക്ഷണക്രമം മൂലമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി ഇന്ത്യക്കാരുടെ ഭക്ഷണശീലങ്ങളിൽ കാര്യമായ മാറ്റങ്ങൾ സംഭവിച്ചു. ഇത് പോഷകക്കുറവിനും സാംക്രമികേതര രോഗങ്ങളുടെ വ്യാപനത്തിനും കാരണമായെന്നും ഐസിഎംആർ ഡയറക്ടറർ ജനറൽ രാജീവ് ഭാൽ ചൂണ്ടിക്കാണിക്കുന്നു.

രാജ്യത്തെ സാംക്രമികേതര രോ​ഗങ്ങളുടെ അപകടസാധ്യതകൾ പരിഹരിക്കുന്നതിനും പോഷകാഹാരക്കുറവ് തടയുന്നതിനും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും ചേർന്ന് 17 ഡയറ്ററി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.

പഞ്ചസാരയും കൊഴുപ്പും അടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങളുടെ ഉയര്‍ന്ന ഉപഭോഗം, ശാരീരിക പ്രവർത്തനങ്ങൾ കുറയുകയും വൈവിധ്യമാർന്ന ഭക്ഷണങ്ങള്‍ അധികം കഴിക്കാതെയിരിക്കുകയും ചെയ്യുന്നതു മൂലം മൈക്രോ ന്യൂട്രിയൻറ് കുറവുകൾ, അമിതഭാരം, പൊണ്ണത്തടി തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളിലേക്ക് ഇന്ത്യയിലെ ജനങ്ങള്‍ നയിച്ചുവെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും പിന്തുടരുന്നത് കൊറോണറി ഹൃദ്രോ​ഗം (സിഎച്ച്ഡി), ഹൈപ്പർടെൻഷൻ, ടൈപ്പ് 2 പ്രമേഹം 80% വരെയും നിയന്ത്രിക്കാൻ കഴിയുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. സമീകൃതാഹാരം പോഷകാഹാരക്കുറവ് തടയാനും ഒപ്റ്റിമൽ വളർച്ചയും വികാസവും ഉറപ്പാക്കാന്‍ സഹായിക്കുമെന്ന് ഭക്ഷണ മാർഗനിർദേശത്തില്‍ പ്രസ്താവിച്ചു.

ആരോഗ്യകരമായ ജീവിതം നയിക്കേണ്ടതിന് ഒരു ബാലൻസ്ഡ് ഡയറ്റ് പിന്തുടരേണ്ടത് ആവശ്യമാണെന്ന് മാര്‍ഗനിര്‍ദേശത്തില്‍ ഐസിഎംആര്‍ ചൂണ്ടിക്കാണിക്കുന്നു. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പോഷകാഹാരം, ശിശുക്കൾക്കും കുട്ടികൾക്കും കൗമാരക്കാർക്കും ഭക്ഷണം, പ്രായമായവർക്കുള്ള പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങൾ ഉൾപ്പെടെ സുരക്ഷിതവും ശുദ്ധവുമായ ഭക്ഷണം കഴിക്കുക. ആവശ്യത്തിന് വെള്ളം കുടിക്കുകയും വേണം.

ദിവസേന ഡയറ്റില്‍ എട്ട് ഭക്ഷണ ഗ്രൂപ്പുകള്‍ ഉള്‍പ്പെടുത്തേണ്ടതിന്‍റെ പ്രാധാന്യനും മാര്‍ഗനി‍ര്‍ദേശത്തില്‍ ചൂണ്ടിക്കാണിക്കുന്നു. മാക്രോ ന്യൂട്രിയൻ്റുകളും മൈക്രോ ന്യൂട്രിയൻ്റുകളും ലഭിക്കുന്നതിന് പച്ചക്കറികൾ, പഴങ്ങൾ, പച്ച ഇലക്കറികൾ, കിഴങ്ങുവർഗങ്ങൾ ആദ്യ ഗ്രൂപ്പും ധാന്യങ്ങളും മിലെറ്റുകളും രണ്ടാം ഗ്രൂപ്പും പയറുവർഗങ്ങൾ, മാംസം, മുട്ട, പരിപ്പ്, എണ്ണ, പാൽ അല്ലെങ്കിൽ തൈര് എന്നിവ മൂന്നാം ഗ്രൂപ്പുമാണ്.

ധാന്യങ്ങളുടെ ഉപഭോഗം മൊത്തം ഊർജ്ജത്തിൻ്റെ 45% ആയി പരിമിതപ്പെടുത്തണം, അതേസമയം പയർവർഗ്ഗങ്ങൾ, മുട്ട, മാംസം എന്നിവയ്ക്ക് മൊത്തം ഊർജ്ജ ശതമാനം 14 മുതൽ 15% വരെ ആയിരിക്കണം. മൊത്തം കൊഴുപ്പിന്‍റെ ഉപഭോഗം 30% ഊർജ്ജത്തിൽ കുറവോ തുല്യമോ ആയിരിക്കണം. പരിപ്പ്, എണ്ണ വിത്തുകൾ, പാൽ, പാൽ ഉൽപന്നങ്ങൾ എന്നിവ യഥാക്രമം പ്രതിദിനം മൊത്തം ഊർജ്ജത്തിൻ്റെ 8-10% സംഭാവന ചെയ്യണം.

ഉപ്പിന്‍റെ ഉപയോഗം പരിമിതപ്പെടുത്തുകയും എണ്ണ, കൊഴുപ്പ് എന്നിവ നിയന്ത്രിക്കുകയും വേണം. വ്യായാമം നിലനിര്‍ത്തിയുള്ള ആരോഗ്യകരമായ ഒരു ജീവിത ശൈലി പിന്തുടരേണ്ടതും ആവശ്യമാണ്. കൂടാതെ ഭക്ഷണ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ലേബല്‍ നോക്കി മാത്രം വാങ്ങുക. പ്രോട്ടീന്‍ സപ്ലിമെന്‍റുകള്‍ ഒഴിവാക്കാനും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

You might also like

Leave A Reply

Your email address will not be published.