ആശുപത്രി മാലിന്യങ്ങള്‍ ജൈവവളമാക്കുന്ന സാങ്കേതികവിദ്യ അവതരിപ്പിച്ച് സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി

0

തിരുവനന്തപുരം: രോഗകാരികളായ ആശുപത്രി മാലിന്യങ്ങള്‍ ജൈവവളമാക്കുന്ന നൂതന സംവിധാനം അവതരിപ്പിച്ച് സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി. എന്‍ഐഐഎസ്ടിയുടെ പാപ്പനംകോട് കാമ്പസില്‍ നടന്ന ബയോമെഡിക്കല്‍ വേസ്റ്റ് മാനേജ്മെന്‍റ് കോണ്‍ക്ലേവിലാണ് ഈ സാങ്കേതികവിദ്യ അവതരിപ്പിച്ചത്.
സമ്മേളനം ന്യൂഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ. എം. ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. ബയോമെഡിക്കല്‍ മാലിന്യങ്ങളുടെ അളവ് ആശുപത്രികളില്‍ ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ടെന്നും ഇത് കൃത്യമായി സംസ്കരിക്കുന്നത് രോഗവ്യാപനത്തോത് കുറയ്ക്കുന്നതില്‍ നിര്‍ണായകമാണെന്ന് അദ്ദേഹം പറഞ്ഞുഅപകടകാരികളായ ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ കൃത്യമായി ഉറവിടങ്ങളില്‍ തന്നെ സംസ്കരിക്കുന്നതിനുള്ള വികേന്ദ്രീകൃത പരിഹാരങ്ങള്‍ക്ക് പ്രസക്തിയേറെയാണെന്ന് അധ്യക്ഷത വഹിച്ച ഡിഎസ്ഐആര്‍ സെക്രട്ടറിയും സിഎസ്ഐആര്‍ ഡയറക്ടര്‍ ജനറലുമായ ഡോ.എന്‍ കലൈസെല്‍വി പറഞ്ഞു.
ഒരു കിലോഗ്രാം മെഡിക്കല്‍ മാലിന്യം മൂന്ന് മിനിറ്റ് കൊണ്ട് കാര്‍ഷികാവശ്യത്തിന് അനുയോജ്യമായ സോയില്‍ അഡിറ്റീവായി മാറ്റിയെടുക്കാന്‍ സാധിക്കുന്ന ഉത്പന്നമാണ് വികസിപ്പിച്ചെടുത്തതെന്ന് സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ. സി. അനന്തരാമകൃഷ്ണന്‍ പറഞ്ഞു. രാജ്യത്ത് ഉടനീളുള്ള ആശുപത്രികളില്‍ ഈ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താന്‍ ദേശീയ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ അനുമതി മാത്രം മതിയാകും.സുരക്ഷിതമായി ഈ മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് സഹായിക്കുന്നതായിരിക്കും എന്‍ഐഐഎസ്ടിയുടെ സാങ്കേതികവിദ്യയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡ്യുവല്‍ ഡിസിന്‍ഫെക്ഷന്‍ സോളിഡിഫിക്കേഷന്‍ എന്ന സാങ്കേതികവിദ്യയാണ് എന്‍ഐഐഎസ്ടി വികസിപ്പിച്ചെടുത്തത്. ഇതുവഴി രക്തം, കഫം, മൂത്രം, മറ്റ് ശരീര സ്രവങ്ങള്‍, ദന്തമാലിന്യങ്ങള്‍, ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള മാലിന്യങ്ങള്‍, കോട്ടണ്‍ ബാന്‍ഡേജ്, ലാബ് മാലിന്യങ്ങള്‍ എന്നിവ വളരെ പെട്ടന്ന് തന്നെ അണുനശീകരണം നടത്തുകയും ഖരമാലിന്യമാക്കി മാറ്റുകയും ചെയ്യും. ആശുപത്രി മാലിന്യങ്ങള്‍ ഉറവിടത്തില്‍ വച്ച് തന്നെ സംസ്ക്കരിക്കാനാകുമെന്നതാണ് മെച്ചം. ആശുപത്രി മാലിന്യങ്ങളില്‍ നിന്നും ഗുരുതരമായ രോഗചംക്രമണം ഉണ്ടാകുന്നത് തടയാനും സാധിക്കും.
‘ബയോമെഡിക്കല്‍ മാലിന്യ സംസ്കരണത്തിന്‍റെ പ്രധാന്യം’ എന്ന വിഷയത്തില്‍ കോണ്‍ക്ലേവില്‍ പാനല്‍ ചര്‍ച്ച നടന്നു. ബയോമെഡിക്കല്‍ മാലിന്യങ്ങളുടെ ഉറവിടങ്ങളില്‍ നിന്നും ജലത്തിലൂടെയോ അന്തരീക്ഷത്തിലൂടെയോ മനുഷ്യനിലേക്കോ മൃഗങ്ങളിലേക്കോ രോഗാണുക്കള്‍ എത്തുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.
ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി ഡയറക്ടര്‍ ഡോ.സഞ്ജയ് ബെഹാരി, കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍ പേഴ്സണ്‍ ശ്രീകല എസ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ഡോ. ജോസഫ് ബെനാവെന്‍, നാഗ്പൂര്‍ ഐ.സി.എം.ആര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഒക്യുപേഷണല്‍ ഹെല്‍ത്ത് ഡയറക്ടര്‍ ഇന്‍ ചാര്‍ജും പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വൈറോളജിയിലെ ബി.എസ്.എല്‍ – 4 ഫെസിലിറ്റി വിഭാഗം മേധാവിയുമായ  ഡോ. പ്രഖ്യാ യാദവ്, തിരുവനന്തപുരം നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടര്‍ എം.എസ് ഫൈസല്‍ ഖാന്‍, ദേശീയ മലിനീകരണ നിയന്ത്രണ ബോര്‍ഡ് റീജിയണല്‍ ഡയറക്ടര്‍ ജെ. ചന്ദ്ര ബാബു, സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി സീനിയര്‍ സയിന്‍റിസ്റ്റ് ഡോ. ശ്രീജിത്ത് ശങ്കര്‍, എന്നിവര്‍ പങ്കെടുത്തു.
രാജ്യത്തെ പ്രമുഖ മെഡിക്കല്‍ കോളജുകള്‍, ആശുപത്രികള്‍ എന്നിവടങ്ങളിലെ വിദഗ്ദ്ധര്‍, നയരൂപകര്‍ത്താക്കള്‍, എന്‍ജിഒ, സാങ്കേതിക വിദഗ്ദ്ധര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ 250 ല്‍ അധികം പ്രതിനിധികള്‍ സമ്മേളനത്തിന്‍റെ ഭാഗമായി.
ദുര്‍ഗന്ധം വമിക്കുന്ന ആശുപത്രി മാലിന്യങ്ങളെ വളമാക്കി മാറ്റാനുള്ള സാങ്കേതികവിദ്യ എന്‍ഐഐഎസ്ടി വികസിപ്പിച്ച് അങ്കമാലിയിലെ ബയോ വസ്തും
സൊല്യൂഷന്‍സ് എന്ന കമ്പനിക്കാണ് കൈമാറിയത്.

You might also like

Leave A Reply

Your email address will not be published.