തൊഴില്‍ നൈപുണ്യം തിരിച്ചറിയുന്നതിന് ആര്‍ടിഡി മാതൃക സ്വീകരിക്കണമെന്ന് വിദഗ്ധര്‍

0

തിരുവനന്തപുരം: യഥാര്‍ത്ഥ കഴിവുകള്‍ തിരിച്ചറിയാന്‍ സാധിക്കുന്ന ആര്‍ടിഡി (റിക്രൂട്ട്, ട്രെയിന്‍ ഡിപ്ലോയ്) മാതൃകയില്‍ നിയമനങ്ങള്‍ നടപ്പാക്കാന്‍ വ്യവസായ ലോകം തയ്യാറാകണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.ആര്‍ടിഡി മാതൃക മികച്ച ഫലങ്ങള്‍ ഉണ്ടാക്കാന്‍ പര്യാപ്തമാണെന്നത് കൊണ്ട് തന്നെ വ്യവസായം മെച്ചപ്പെട്ട തൊഴില്‍ നിയമനങ്ങള്‍ തെരഞ്ഞെടുക്കുന്നതിനുള്ള മാതൃക സ്വീകരിക്കണം. ‘ബ്രിഡ്ജ് ദി ഗ്യാപ് 2.0: ഫോസ്റ്ററിംഗ് ഫ്യൂച്ചര്‍ സ്കില്‍സ് ഇന്‍ എഡ്യൂക്കേഷന്‍’ എന്ന സെമിനാറിലാണ് ഈ അഭിപ്രായമുയര്‍ന്നത്.കേരളത്തിലെ ഐടി കമ്പനികളുടെ കൂട്ടായ്മയായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ് (ജി-ടെക്)  ഐടി വ്യവസായത്തില്‍ വൈദഗ്ധ്യമുള്ള വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കുന്ന തങ്ങളുടെ ഡിജിറ്റല്‍ പ്ലാറ്റ് ഫോമായ മ്യുലേണും ചേര്‍ന്നാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ജി-ടെക്കിന്‍റെ വാര്‍ഷിക പരിപാടിയായ പെര്‍മ്യൂട്ടിന്‍റെ ഭാഗമായാണ് പരിപാടി നടന്നത്.
തങ്ങളുടെ വകുപ്പ് ഒരു വര്‍ഷത്തോളമായി ആര്‍ടിഡി മാതൃക പിന്തുടരുകയാണെന്നും മികച്ച വിജയം കൈവരിക്കാന്‍ ഇതിലുടെ സാധിച്ചെന്നും പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി പ്രശാന്ത് എന്‍ പറഞ്ഞു. കെഎഎസ്ഇ, കെല്‍ട്രോണ്‍ എന്നിവയെ കൂടാതെ അയാട്ട (ഐഎടിഎ) പോലുള്ള വ്യോമയാന മേഖലയിലും തങ്ങള്‍ക്ക് സഹകരണമുണ്ടാക്കാന്‍ ഈ മാതൃകയിലൂടെ സാധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.ഗോത്ര വിഭാഗത്തില്‍ നിന്ന് ഒരു എയര്‍ഹോസ്റ്റസിനെ സൃഷ്ടിക്കാനായി മറ്റൊരാള്‍ പൈലറ്റ് പരിശീലനത്തിലാണ്. മുന്‍കാലങ്ങളില്‍ 10 മുതല്‍ 20 കോടിയോളം നൈപുണ്യ വികസനത്തിനായി ചെലവിട്ടിരുന്നെങ്കിലും മെച്ചപ്പെട്ട ഫലം കിട്ടിയിരുന്നില്ല. ആര്‍ടിഡി മാതൃകയിലൂടെ വിവിധ വ്യവസായ മേഖലകളുമായി മികച്ച ബന്ധം സാധ്യമാക്കാനായെന്നും അദ്ദേഹം പറഞ്ഞു.വിദ്യാഭ്യാസത്തിനിടെ നൈപുണ്യം സ്വായത്തമാക്കുന്നത് പ്രധാനമാണെന്ന് കേരള സാങ്കേതിക സര്‍വകലാശാല ആന്‍ഡ് ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് പറഞ്ഞു. മ്യുലേണ്‍ ഈ രംഗത്ത് പ്രസക്തമാണ്. പുതുമയാര്‍ന്ന പാഠ്യപദ്ധതി അടുത്തവര്‍ഷം മുതല്‍ സാങ്കേതിക സര്‍വകലാശാല നടപ്പാക്കും. ഇന്‍റേണ്‍ഷിപ്പിന് മാത്രമായി ഒരു സെമസ്റ്റര്‍ മാറ്റിവയ്ക്കുന്ന രീതി നടപ്പിലാക്കാന്‍ തങ്ങള്‍ ശ്രമിക്കുകയാണെന്നും സര്‍വകലാശാല ആവശ്യപ്പെടുന്ന സമയത്ത് ഇന്‍റേണ്‍ഷിപ്പിനുള്ള അവസരങ്ങള്‍ ലഭ്യമാക്കാന്‍ ചിലപ്പോള്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് കഴിയാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.കോളേജുകളും സര്‍വകലാശാലകളും വ്യവസായവുമായി ചേര്‍ന്ന് നൈപുണ്യ വികസന പരിശീലനം സംഘടിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് കെഡിഐഎസ്സി മെമ്പര്‍ സെക്രട്ടറി ഡോ. പി വി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് ജോയിന്‍റ് ഡറക്ടര്‍ ഡോ. ആശാലത, ജി-ടെക് സെക്രട്ടറിയും ടാറ്റ എല്‍എക്സ്ഐ സെന്‍റര്‍ ഹെഡുമായ ശ്രീകുമാര്‍ വി എന്നിവര്‍ സംസാരിച്ചു.ഡിസിഎസ്എംഎടി സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ഡോ. ജയശങ്കര്‍ പ്രസാദ് മോഡറേറ്ററായിരുന്നു. സംസ്ഥാനത്തെ 80 ശതമാനം ഐടി പ്രൊഫഷണലുകളും 300 ലധികം ഐടി കമ്പനികളും ജി-ടെക്കില്‍ അംഗങ്ങളാണ്. ടിസിഎസ്, വിപ്രോ, ഇന്‍ഫോസിസ്, കോഗ്നിസെന്‍റ്, യുഎസ്ടി, ഇവൈ, ഐബിഎസ് സോഫ്റ്റ് വെയര്‍, ടാറ്റാ എല്‍എക്സ്ഐ തുടങ്ങി കേരളത്തിലെ എല്ലാ പ്രമുഖ ഐടി കമ്പനികളും ജി-ടെക്കിലുണ്ട്.

You might also like

Leave A Reply

Your email address will not be published.