ഗ്രേ-വാട്ടര്‍ ട്രീറ്റ്മെന്‍റിനും പുനരുപയോഗത്തിനും പിന്തുണയുമായി സിഎസ്ഐആര്‍-എന്‍ഐഐഎസ് ടി

0
തിരുവനന്തപുരം: മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ദേശീയ മിഷന്‍ പരിപാടികളുടെ ലക്ഷ്യം കൈവരിക്കുന്നതിന് ആവശ്യമായ സാങ്കേതിക വൈദഗ്ധ്യം നല്കാന്‍ തയ്യാറാണെന്ന് സിഎസ്ഐആര്‍-എന്‍ഐഐഎസ് ടി ഡയറക്ടര്‍ ഡോ.സി. അനന്തരാമകൃഷ്ണന്‍ പറഞ്ഞു.

കേരള റൂറല്‍ വാട്ടര്‍ സപ്ലൈ & സാനിറ്റേഷന്‍ ഏജന്‍സി (കെആര്‍ഡബ്ല്യുഎസ്എ) ഉദ്യോഗസ്ഥരെ ഗ്രേ വാട്ടര്‍ ട്രീറ്റ്മെന്‍റ് ആന്‍ഡ് മാനേജ്മെന്‍റില്‍ പ്രാപ്തരാക്കുന്നതിനായി സംഘടിപ്പിച്ച ദ്വിദിന പരിപാടിയില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വികസിപ്പിച്ചെടുത്ത സാങ്കേതിക വൈദഗ്ധ്യം ഇത്തരം പരിപാടികളിലൂടെ സമൂഹത്തിന്‍റെ പ്രയോജനത്തിനായി ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ ജില്ലകളിലെ എഴുപതോളം ഉദ്യോഗസ്ഥര്‍ പങ്കെടുത്ത പരിപാടി കെആര്‍ഡബ്ല്യുഎസ്എ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ദിനേശന്‍ സി ഐഎഎസ് ഉദ്ഘാടനം ചെയ്തു.

ഗ്രേ വാട്ടര്‍ ട്രീറ്റ്മെന്‍റിന്‍റെ വിവിധ വശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള സാങ്കേതിക സെഷനുകള്‍ക്ക് പുറമെ എന്‍ഐഐഎസ് ടി കാമ്പസിലെ ഗ്രേ വാട്ടര്‍ ട്രീറ്റ്മെന്‍റ്-പുനരുപയോഗ പ്ലാന്‍റുകളിലേക്കുള്ള സന്ദര്‍ശനവും നടത്തി. പരിസ്ഥിതി സാങ്കേതിക വിഭാഗത്തിലെ ശാസ്ത്രജ്ഞരാണ് പരിപാടി ഏകോപിപ്പിച്ചത്.

ഗാര്‍ഹികമായും വാണിജ്യപരമായും വ്യാവസായികമായും ഉപയോഗിച്ചു കഴിഞ്ഞ ജലമാണ് ഗ്രേ വാട്ടര്‍. വാഷിംഗ് മെഷീനുകള്‍, ബാത്ത് ടബ്ബുകള്‍, ബാത്ത്റൂം സിങ്കുകള്‍ തുടങ്ങിയവയില്‍ നിന്നുള്ള ഇത്തരം മലിനജലത്തെ ശുദ്ധീകരിക്കുന്ന പ്ലാന്‍റുകള്‍ എന്‍ഐഐഎസ് ടി യില്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

കൗണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്‍റെ (സി.എസ്.ഐ.ആര്‍) കീഴില്‍ തിരുവനന്തപുരത്തെ പാപ്പനംകോട് പ്രവര്‍ത്തിക്കുന്ന ഗവേഷണ വികസന സ്ഥാപനമാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി (എന്‍.ഐ.ഐ.എസ്.ടി).

You might also like
Leave A Reply

Your email address will not be published.