കേരളത്തെ എല്ലാ സീസണിനും അനുയോജ്യമായ അനുഭവവേദ്യ ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റുന്നതിന്‍റെ ഭാഗമായി 7.54 കോടിയുടെ 9 പദ്ധതികള്‍ക്ക് ടൂറിസം വകുപ്പ് അനുമതി നല്‍കി

0
തിരുവനന്തപുരം: കേരളത്തെ എല്ലാ സീസണിനും അനുയോജ്യമായ അനുഭവവേദ്യ ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റുന്നതിന്‍റെ ഭാഗമായി 7.54 കോടിയുടെ 9 പദ്ധതികള്‍ക്ക് ടൂറിസം വകുപ്പ് അനുമതി നല്‍കി. ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ആകെ 7,55,43,965 രൂപയുടെ പദ്ധതികള്‍ക്കാണ് ഭരണാനുമതി നല്‍കിയിട്ടുള്ളത്.

കോഴിക്കോട്, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ടൂറിസം വികസന സാധ്യതയുള്ള പ്രദേശങ്ങളുടെ പുരോഗതി സാധ്യമാക്കുന്നതാണ് പദ്ധതി. നദീതീരങ്ങള്‍, ഇക്കോടൂറിസം, പൈതൃക സ്ഥലങ്ങള്‍ എന്നിവയെ സുസ്ഥിരവും തദ്ദേശീയ വികസനം സാധ്യമാക്കുന്നതുമായ സര്‍ക്കാരിന്‍റെ നയത്തോടു ചേരുന്ന പദ്ധതികളായിട്ടാണ് നടപ്പാക്കുന്നത്.വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍ സാധ്യമാക്കുന്ന ഡെസ്റ്റിനേഷന്‍ എന്ന നിലയില്‍ സംസ്ഥാനത്തേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് ക്രമാനുഗതമായി വര്‍ധിപ്പിക്കാന്‍ ഇത്തരം പദ്ധതികള്‍ സഹായിക്കുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. വികസന സാധ്യതയുള്ള ടൂറിസം കേന്ദ്രങ്ങളുടെ ആധുനികവത്കരണത്തിലൂടെ ഇവിടങ്ങളിലേക്ക് സഞ്ചാരികളെ വന്‍തോതില്‍ ആകര്‍ഷിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
പെരളശ്ശേരി റിവര്‍ വ്യൂ പാര്‍ക്ക് പാറപ്രം റെഗുലേറ്റര്‍-കം-ബ്രിഡ്ജ് (99,21,324 രൂപ), തലശ്ശേരി ഫോര്‍ട്ട് വാക്ക് (99,99,999 രൂപ) എന്നിവ കണ്ണൂര്‍ ജില്ലയില്‍ പദ്ധതിയുടെ ഭാഗമാകും.നമ്പിക്കുളം ഇക്കോ ടൂറിസം പദ്ധതി (72,32,600 രൂപ), സര്‍ഗാലയ ഇന്‍റഗ്രേറ്റഡ് ടൂറിസം സര്‍ക്യൂട്ടിന്‍റെ ഭാഗമായുള്ള ഫള്‍ക്രം സാന്‍ഡ് ബാങ്ക് (60,00,000 രൂപ), കോഴിക്കോട് നഗരത്തിലെ അന്‍സാരി പാര്‍ക്ക് നവീകരണം (99,99,999 രൂപ), കടലുണ്ടിയിലെ കാവുംകുളം കുളത്തിന്‍റെ സൗന്ദര്യവത്കരണം (99,16,324 രൂപ), കൊയിലാണ്ടിയിലെ അകലാപ്പുഴ ബോട്ട് ജെട്ടി നവീകരണം(49,74,719) എന്നിവയാണ് കോഴിക്കോട് ജില്ലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍.
പാലക്കാട് വാടിക-ശിലാ വാടിക ഉദ്യാനം (75,00,000 രൂപ), തൃശൂരിലെ നെഹ്റു പാര്‍ക്ക് നവീകരണം (99,99,000) എന്നിവയും പദ്ധതികളില്‍ ഉള്‍പ്പെടുന്നു.

You might also like

Leave A Reply

Your email address will not be published.