ടെക്നോപാര്‍ക്കിന്‍റെ നവീകരിച്ച വെബ്സൈറ്റും മൊബൈല്‍ ആപ്പും പുറത്തിറക്കി

0
തിരുവനന്തപുരം: ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്ന നിരവധി സവിശേഷതകളോടെ തിരുവനന്തപുരം ടെക്നോപാര്‍ക്കിന്‍റെ നവീകരിച്ച വെബ് പോര്‍ട്ടലും (www.technopark.org) ‘ടെക്നോപാര്‍ക്ക്, കേരള’ (Technopark, Kerala) എന്ന പുതിയ മൊബൈല്‍ ആപ്പും പുറത്തിറക്കി.

ടെക്നോപാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) നവീകരിച്ച വെബ്സൈറ്റും മൊബൈല്‍ ആപ്പും പ്രകാശനം ചെയ്തു.

ഭാവിയിലെ മാറ്റങ്ങള്‍ കൂടി കണക്കിലെടുത്ത് ആഗോളനിലവാരത്തിലുള്ള സവിശേഷതകള്‍ ഉള്‍പ്പെടുത്തി നവീകരിച്ച വെബ്സൈറ്റ് ഉപഭോക്താക്കളുമായുള്ള ആശയവിനിമയങ്ങള്‍ ഒറ്റ പ്ലാറ്റ് ഫോമില്‍ എത്തിക്കും. രൂപകല്‍പ്പനയിലും ഭാഷയിലും അവതരണത്തിലും നിരവധി പുതുമകളോടെയാണ് വെബ്സൈറ്റ് പുറത്തിറക്കിയിട്ടുള്ളത്.

വളരെ പെട്ടെന്നുള്ള മാറ്റങ്ങള്‍ പ്രാപ്തമാക്കുന്നതിനായി നോ-കോഡ്/ലോ-കോഡ് പ്ലാറ്റ് ഫോമായി രൂപകല്‍പ്പന ചെയ്ത പോര്‍ട്ടലിന് കണ്ടെന്‍റ് മാനേജ്മെന്‍റ് സിസ്റ്റം (സിഎംഎസ്), മോഡുലാര്‍ ഘടകങ്ങള്‍, ഡോക്യുമെന്‍റ് മാനേജ്മെന്‍റ്, റോള്‍-ബേസ്ഡ് ആക്സസ്, സുരക്ഷിതത്വം, സ്പേസ് റിക്വസ്റ്റ് ക്യൂ, ടെക്നോപാര്‍ക്ക് കമ്പനികള്‍ക്കുള്ള ബുക്കിംഗിനും ജോലി അവസരങ്ങള്‍ അറിയാനുമുള്ള സൗകര്യം തുടങ്ങിയ സവിശേഷതകള്‍ ഉണ്ട്.

ആന്‍ഡ്രോയിഡ്, ഐഒഎസ് പതിപ്പുകളുള്ള മൊബൈല്‍ ആപ്പിന് ഡൈനാമിക് കണ്ടന്‍റ് മാനേജ്മെന്‍റിനു പുറമേ സിഎംഎസ്, ജോലി അന്വേഷണം, കമ്പനി തിരയല്‍, അറിയിപ്പുകള്‍, പരിപാടികള്‍ തുടങ്ങിയവ അറിയാനാകും.

ടെക്നോപാര്‍ക്കിന്‍റെ ഐടി അധിഷ്ഠിത അന്തരീക്ഷത്തില്‍ ജനങ്ങള്‍ എപ്പോഴും പ്രധാനപ്പെട്ടതാണെന്നും ഇത് ഉള്‍ക്കൊണ്ടാണ് വെബ്സൈറ്റിന്‍റെയും ആപ്പിന്‍റെയും ഭാഷയും രൂപകല്‍പ്പയും വിഭാവനം ചെയ്തിട്ടുള്ളതെന്നും കേണല്‍ സഞ്ജീവ് നായര്‍ (റിട്ട) പറഞ്ഞു. ടെക്നോപാര്‍ക്കിന്‍റെ ഈ രണ്ട് പ്ലാറ്റ് ഫോമുകളും ഉപഭോക്താക്കള്‍ക്ക് മികവുറ്റ സേവനം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആഗോളനിലവാരത്തിലുള്ള വെബ്സൈറ്റും മൊബൈല്‍ ആപ്പും ടെക്നോപാര്‍ക്കിന്‍റെ ലോകമെമ്പാടുമുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ വേഗത്തില്‍ നിറവേറ്റാന്‍ സഹായിക്കുമെന്ന് കേരള ഐടി പാര്‍ക്ക്സ് സിഎംഒ മഞ്ജിത് ചെറിയാന്‍ പറഞ്ഞു.

ടെക്നോപാര്‍ക്കിന്‍റെ ഡിജിറ്റല്‍ വൈദഗ്ധ്യം ആഗോള തലത്തിലും  കമ്പനികളെയും ജീവനക്കാരെയും  സമൂഹത്തെയും ആകര്‍ഷിക്കുന്നത് പ്രധാനമാണെന്ന് ഐടി മാനേജര്‍ അസീബ് എ കെ പറഞ്ഞു. കമ്പനികള്‍ക്ക് പൊതു സൗകര്യങ്ങളിലേക്കുള്ള പ്രവേശനം, ദ്രുതഗതിയിലുള്ള അറ്റകുറ്റപ്പണികള്‍, സ്ഥലം അനുവദിക്കുന്നതിലെ സുതാര്യത, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ നിറവേറ്റുന്നതിനാണ് രണ്ട് പ്ലാറ്റ് ഫോ മുകളും രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക്: iOS – https://apps.apple.com/in/app/technopark-kerala/id6474728335
 

ടെക്നോപാര്‍ക്ക് സിഎഫ്ഒ ജയന്തി എല്‍., പ്രൊജക്ട്സ് ജനറല്‍ മാനേജര്‍ മാധവന്‍ പ്രവീണ്‍, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് എജിഎം വസന്ത് വരദ, ടെക്നോപാര്‍ക്കിലെ മറ്റ് ഉദ്യോഗസ്ഥര്‍, വെബ്സൈറ്റ് നവീകരിക്കുകയും മൊബൈല്‍ ആപ്പ് രൂപകല്‍പ്പന ചെയ്യുകയും ചെയ്ത കൊച്ചി ആസ്ഥാനമായുള്ള എക്സ്കോര്‍ട്ട്എക്സ് അഡ്വാന്‍സ് സിസ്റ്റംസ് പ്രതിനിധികള്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
You might also like

Leave A Reply

Your email address will not be published.