ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആണ് മുഖ്യാതിഥിയായി എത്തുക. പരേഡ് നടക്കുന്ന കർത്തവ്യപഥിലും മറ്റ ഇടങ്ങളിലുമായി 13000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.ഒരാഴ്ച മുൻപ് തന്നെ ദില്ലിയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ആരംഭിച്ചിരുന്നു. സേനകളുടെ മാർച്ച് കടന്നുപോകുന്ന കർത്തവ്യപഥ് മുതല്‍ ചെങ്കോട്ട വരെ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. താല്‍ക്കാലിക ബാരിക്കേഡുകളും നിരീക്ഷണ പോസ്റ്റുകളും ഈ മേഖലയില്‍ ഏർപ്പെടുത്തി. കമാൻഡോകള്‍, ദ്രുത കർമ്മ സേന അംഗങ്ങള്‍, സേനയുടെയും പൊലീസിന്റെയും നിരീക്ഷണ വാഹനങ്ങള്‍ എന്നിവ മേഖലകളില്‍ വിന്യസിക്കും. ഓരോ സോണിനും ഡിസിപിയോഅഡീഷണല്‍ ഡിസിപിയോ നേതൃത്വം നല്‍കും. കഴിഞ്ഞ ദിവസം രാത്രി 10 മണി മുതല്‍ തന്നെ ദില്ലി അതിർത്തികള്‍ അടച്ചിരുന്നു.ദില്ലിയില്‍ ട്രാഫിക് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി കഴിഞ്ഞ ദിവസം രാത്രി രാഷ്ട്രപതി ദ്രൗപദി മുര്‍മു രാജ്യത്തെ അഭിസംബോധന ചെയ്തു. എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിനം അഭിമാന മുഹൂര്‍ത്തമെന്നും രാജ്യം പുരോഗതിയുടെ പാതയിലാണെന്നും രാഷ്ട്രപതി വ്യക്തമാക്കി. നമ്മുടെ മൂല്യങ്ങള്‍ ഓര്‍മിക്കേണ്ട സമയമാണ് ഇത്. പ്രതികൂല സാഹചര്യത്തിലും ഇന്ത്യ മുന്നേറി. രാജ്യം പുതിയ ഉയരങ്ങളിലെത്താന്‍ ഒരോ പൗരനും പ്രയത്‌നിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു.