വീയപുരം ചുണ്ടന്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗ്മൂ ന്നാം സീസണ്‍ ജേതാക്കള്‍ ഹാട്രിക്നേ ടി പള്ളാത്തുരുത്തി ബോട്ട്ക്ലബ്

0

കൊല്ലം: കേരള ടൂറിസത്തിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ പ്രീമിയര്‍ ലീഗ് മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് മൂന്നാം സീസണിന്‍റെ കൊല്ലത്ത് നടന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ ഉജ്ജ്വല വിജയവുമായി പള്ളാത്തുരുത്തി ബോട്ട് ക്ലബ്(ട്രോപ്പിക്കല്‍ ടൈറ്റന്‍സ്) തുഴഞ്ഞ വീയപുരം ചുണ്ടന്‍ (4.18.96 മിനിറ്റ്) ചാമ്പ്യന്‍മാരായി. ഇതോടെ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്‍റെ തുടര്‍ച്ചയായ മൂന്ന് സീസണിലും വിജയിച്ച് പിബിസി ട്രോപ്പിക്കല്‍ ടൈറ്റന്‍സ് പ്രഥമ ഹാട്രിക് നേട്ടവും കരസ്ഥമാക്കി.
സിബിഎല്ലിലെ പന്ത്രണ്ട് ലീഗ് മത്സരങ്ങളില്‍ നിന്ന് 116 പോയിന്‍റുമായി പിബിസി വീയപുരം മൂന്നാം സീസണിന്‍റെ ചാമ്പ്യന്മാരായി ഒന്നാമതെത്തി. 109 പോയിന്‍റുമായി യുബിസി നടുഭാഗം രണ്ടാം സ്ഥാനം കരസ്ഥമാക്കി. 89 പോയിന്‍റുകളുമായി പോലീസ് ബോട്ട് ക്ലബ് മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ മൂന്നാമനായി. ഒന്നാം സ്ഥാനത്തിന് 25 ലക്ഷം രൂപ, രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് 15 ലക്ഷം, 10 ലക്ഷം എന്നിങ്ങനെയാണ് സിബിഎല്‍ സമ്മാനത്തുക.


സിബിഎല്‍ മൂന്നാം സീസണിലെ അവസാന മത്സരമായ പ്രസിഡന്‍റ്സ് ട്രോഫിയില്‍ പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ (4.19.83 മിനിറ്റ്) രണ്ടും, പുന്നമട ബോട്ട് ക്ലബ് (റിപ്പിള്‍ ബ്രേക്കേഴ്സ്)തുഴഞ്ഞ കാരിച്ചാല്‍ (4.22.83 മിനിറ്റ്)മൂന്നും സ്ഥാനങ്ങളിലെത്തി. ഇതു വരെയുള്ള മത്സരങ്ങളില്‍ പിബിസി വീയപുരത്തിന് കനത്ത വെല്ലുവിളിയുയര്‍ത്തിയ യുബിസി കൈനകരി തുഴഞ്ഞ നടുഭാഗത്തിന് ഹീറ്റ്സിലെ സമയം തിരിച്ചടിയായപ്പോള്‍ ഫൈനലിന് യോഗ്യത നേടാനായില്ല. എന്നാല്‍ പിബിസിയുടെ പ്രൊഫഷണലിസത്തിനും പോലീസിന്‍റെ കൈക്കരുത്തിനും തുല്യമായ വീറും വാശിയും കാണിച്ചാണ് മൂന്നാമതെത്തിയ കാരിച്ചാലെന്ന ഇതിഹാസം കൊല്ലത്ത് മൂന്നാമതെത്തിയത്.


കല്ലടയിലെ മത്സരം കഴിഞ്ഞപ്പോള്‍ തന്നെ മഹാത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ വള്ളംകളി പ്രേമികള്‍ വീരു എന്ന വിളിപ്പേരുള്ള പിബിസി വീയപുരം തന്നെ സിബിഎല്‍ മൂന്നാം സീസണ്‍ ചാമ്പ്യന്‍മാരാകുമെന്ന് ഏതാണ്ട് ഉറപ്പിച്ചതാണ്. ചെങ്ങന്നൂരില്‍ വിജയിച്ച് അവരത് അരക്കിട്ടുറപ്പിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം രണ്ടാം സീസണില്‍ ചാമ്പ്യന്മാരായെങ്കിലും കൊല്ലത്തെ പ്രസിഡന്‍റ്സ് ട്രോഫി അവസാനമത്സരത്തില്‍ പിബിസിക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. ഇക്കുറി അതിനിട കൊടുക്കാതെ തികഞ്ഞ ചിട്ടയോടെ സ്വതസിദ്ധമായ ശൈലിയിലൂടെ ഫൈനലില്‍ വിജയം തുഴഞ്ഞെടുത്തു. 
എന്‍ കെ പ്രേമചന്ദ്രന്‍ എംപി, എംഎല്‍എമാരായ എം മുകേഷ്, എം നൗഷാദ് എന്നിവര്‍ വിജയികള്‍ക്കുള്ള ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.വ്യോമസേനയുടെ സാരംഗ് ഹെലികോപ്ടറുകളുടെ കണ്ണഞ്ചിപ്പിക്കുന്ന വ്യോമാഭ്യാസ പ്രകടനം കാഴ്ചക്കാര്‍ക്ക് ദൃശ്യവിരുന്നായി. ജെറ്റ് സ്കീ, കലാ-സംഗീതവിരുന്ന് എന്നിവയും ഗ്രാന്‍റ് ഫിനാലെയോടനുബന്ധിച്ച് ഒരുക്കിയിരുന്നു.
എം മുകേഷ് അധ്യക്ഷനായിരുന്ന ഉദ്ഘാടന ചടങ്ങില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എം പി പ്രസിഡന്‍റ്സ് ട്രോഫി വള്ളംകളിയും സിബിഎല്‍ ഗ്രാന്‍റ് ഫിനാലെയും ഉദ്ഘാടനം ചെയ്തു. എം നൗഷാദ് എംഎല്‍എ, കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ്, മുഖ്യാതിഥി എയര്‍മാര്‍ഷല്‍ ബാലകൃഷ്ണ മണികണ്ഠന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡോ. പി കെ ഗോപന്‍, ജില്ലാ കളക്ടര്‍ ദേവീദാസ് എന്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍, സിബിഎല്‍ ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

You might also like

Leave A Reply

Your email address will not be published.