ഇന്ന് അന്താരാഷ്ട്ര ഭിന്നശേഷി ദിനം;സാന്ത്വന സ്പർശവുമായ് ഷീജ സാന്ദ്ര

0

തിരുവനന്തപുരം : ഡിസംബർ 3 അന്താ
രാഷ്ട്ര ഭിന്നശേഷി ദിനം ആചരിക്കുമ്പോൾ തിരുവനന്തപുരം പേയാട് സ്വദേശിനി ഷീജ സാന്ദ്ര എന്ന യുവതിയുടെ ജീവിതവും പ്രവർത്തനങ്ങളും മാതൃകയാകുന്നു. ഭിന്നശേഷിയുള്ള കുട്ടികളുടെ ജീവിതത്തിന് സാന്ത്വനവും പ്രതീക്ഷയുമാണ് ഷീജ സാന്ദ്ര . സ്വന്തം മകളുടെയും ജീവിതാവസ്ഥ അറിയുന്ന ഷീജ സാന്ദ്ര ഇന്ന് ഒരുപാട് കുട്ടികൾക്കും അമ്മയാണ്. ഷീജ സാന്ദ്ര യുടെ മകൾ പതിമൂന്ന് വയസ്സുകാരി സാന്ദ്ര ഭിന്നശേഷിയുള്ള കുട്ടിയാണ്.മൈക്രോ സഫാലിയ എന്ന അവസ്ഥയാണ് മകൾക്ക്. സംസാരിക്കാനോ നടക്കാനോ സ്വന്തമായി ആഹാരം കഴിക്കാനോ പറ്റാത്ത മകൾ.സാന്ദ്രയുടെ കുടുംബത്തിന്റെ വേദന ശരിക്കും അറിഞ്ഞ ഷീജ സാന്ദ്ര ഭിന്നശേഷിയുള്ള കുട്ടികളുടെ പരിചരണത്തിനും ക്ഷേമത്തിനും വേണ്ടി സ്നേഹ സാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റിന് രൂപം നൽകി.ഭിന്നശേഷിക്കാരുടെ അമ്മമാരുടെ കൂട്ടായ്മയായ ഈ ട്രസ്റ്റ് വളർന്ന് വലുതായി. മൂന്നു വർഷം കഴിഞ്ഞേയുള്ളൂവെങ്കിലും അഭിനന്ദനാർഹമായ നിരവധി പ്രവർത്തനങ്ങളാണ് ട്രസ്റ്റ്‌ നടത്തിയിട്ടുള്ളത്.


തീരെ കിടപ്പിലായ 200 ഓളം കുട്ടികളെ പല സുഹൃത്തുകളുടെയും സംഘടനകളുടെയും സഹകരണത്തോടെ സഹായിച്ചുവരുന്നു.
” എന്റെ മകളുടെ ചികിത്സാ കാലഘട്ടത്തിൽ ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളുടെ അമ്മമാരെ പരിചയപ്പെട്ടിരുന്നു. അവരുമായുള്ള സൗഹൃദം നിലനിന്നിരുന്നു. വളരെ താല്പര്യത്തോടെ അമ്മമാർ ട്രസ്റ്റിൽ ചേരുകയും പ്രവർത്തനങ്ങളിൽ സജീവമാവുകയും ചെയ്തു. ട്രസ്റ്റിന്റെ വിവിധതരം പ്രവർത്തനങ്ങളാൽ കുഞ്ഞുങ്ങൾക്കും ഒറ്റപ്പെടൽ അനുഭവിച്ചിരുന്ന അമ്മമാർക്കും ഒരുപാട് സന്തോഷം നൽകാൻ കഴിഞ്ഞു”ഷീജ സാന്ദ്ര അഭിമാനത്തോടെ പറയുന്നു.
” ആശുപത്രിയിൽ വച്ചുണ്ടായ ഒരു അനുഭവം . ഒരു കുഞ്ഞിന് പെട്ടെന്ന് ജന്നി വന്നു. കുഞ്ഞിനെ മൂന്നാം നിലയിൽ നിന്നും ഒന്നാം നിലയിൽ കൊണ്ടുവരണം. ലിഫ്റ്റ് പ്രവർത്തിക്കുന്നില്ല. കുഞ്ഞിനെ എടുത്ത് ഞാൻ താഴേയ്ക്ക് ഓടി.


എന്റെ ശരീരത്തിൽ കുഞ്ഞിന്റെ മലവും മൂത്രവുമായെങ്കിലും എനിക്ക് ഒരു വിഷമവും തോന്നിയില്ല. കുഞ്ഞിന് ചികിത്സ കിട്ടി രക്ഷപ്പെടണം എന്നു മാത്രമേ അന്നേരം ചിന്തിച്ചുള്ളൂ. പക്ഷേ, ആ കുഞ്ഞ് മരണപ്പെട്ടു. കാരുണ്യ പ്രവർത്തനങ്ങൾക്ക് ജീവിതം മാറ്റിവയ്ക്കണമെന്ന ഉറച്ച തീരുമാനം എടുത്ത അനുഭവം കൂടിയായിരുന്നു അത്”.
ഭിന്നശേഷി കുട്ടികളുടെ അമ്മമാർക്ക് സ്വയംതൊഴിൽ എന്ന രീതിയിൽ തയ്യൽ പരിശീലനം, ആടു വളർത്തൽ തുടങ്ങി പലവിധ സംരഭങ്ങളുമായാണ് ട്രസ്റ്റ്‌ മുന്നോട്ടുപോകുന്നത്.

ബി.എ യും ടി. ടി.സി യും വിദ്യാഭ്യാസ യോഗ്യതയുള്ള ഷീജ സാന്ദ്ര ഇപ്പോൾ പൂർണമായും കാരുണ്യ പ്രവർത്തന മേഖലയിലാണ്. വാടക വീട്ടിലാണ് താമസം.നന്മ നിറഞ്ഞ രണ്ടു വ്യക്തികൾ 20 സെന്റ് സ്ഥലവും ഒരു വാഹനവും ട്രസ്റ്റിന്റെ പേരിൽ നൽകിയിട്ടുണ്ട്. ഈ സ്ഥലത്ത് നിർധനരായ ഭിന്നശേഷി കുട്ടികൾക്കും അമ്മമാർക്കും സംരക്ഷണം നൽകുവാനും സ്വയം തൊഴിൽ നൽകുവാനും പുനരധിവാസ കേന്ദ്രം ഉണ്ടാക്കണമെന്നാണ് ട്രസ്റ്റിന്റെ ആഗ്രഹമെന്ന് ഷീജ സാന്ദ്ര പറഞ്ഞു.
നന്മയും കാരുണ്യവും നിറഞ്ഞ പ്രവർത്തനങ്ങൾക്ക് അംഗീകാരമായും പ്രോത്സാഹനമായും നിരവധി പുരസ്കാരങ്ങളും ഷീജ സാന്ദ്രയ്ക്ക് ലഭിച്ചിട്ടുണ്ട്.

റഹിം പനവൂർ
ഫോൺ : 9946584007

You might also like

Leave A Reply

Your email address will not be published.