പ്രധാന സാമ്പത്തിക ശക്തിയാകാനുള്ള ഇന്ത്യയുടെ മുന്നേറ്റത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുഖ്യ പങ്ക്: ഡോ. വി. അനന്ത നാഗേശ്വരന്‍

0

തിരുവനന്തപുരം: വികസിത രാജ്യവും ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയുമായി മാറാനുള്ള ഇന്ത്യയുടെ മുന്നേറ്റത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രധാന പങ്ക് വഹിക്കാനാകുമെന്ന് കേന്ദ്ര സര്‍ക്കാരിന്‍റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. വി. അനന്ത നാഗേശ്വരന്‍ പറഞ്ഞു. ഹഡില്‍ ഗ്ലോബല്‍-2023 ലെ ലീഡര്‍ഷിപ്പ് ടോക്കില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ഏഴ് വര്‍ഷത്തിനുള്ളില്‍ ഏഴ് ട്രില്യന്‍ ഡോളര്‍ വളര്‍ച്ചയിലെത്താനാകുമെന്നാണ് കരുതുന്നതെന്ന് അനന്ത നാഗേശ്വരന്‍ പറഞ്ഞു. രാജ്യം ഇപ്പോള്‍ കൈവരിച്ചിട്ടുള്ള സാമ്പത്തികവളര്‍ച്ച തുടരുകയാണെങ്കില്‍ ഈ നേട്ടം കൈവരിക്കാനാകും. ഇതിന് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ പങ്ക് വഹിക്കാനാകും. സ്റ്റാര്‍ട്ടപ്പുകളുടെ സജീവ പങ്കാളിത്തം രാജ്യത്ത് കാര്യക്ഷമതയും സാമ്പത്തിക വരുമാനവും സൃഷ്ടിക്കാനും സംരംഭകത്വവും നവീകരണവും വ്യാപിപ്പിക്കാനും സഹായിക്കും. കഴിഞ്ഞ ദശകത്തില്‍ ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷത്തില്‍ അസാധാരണമായ പരിവര്‍ത്തനം സംഭവിച്ചുവെന്നും ഇത് ആഗോളതലത്തില്‍ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റമായി രാജ്യത്തെ മാറ്റിയെന്നും അനന്ത നാഗേശ്വരന്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ 49 ശതമാനം സ്റ്റാര്‍ട്ടപ്പുകളും ചെറുകിട നഗരങ്ങളില്‍ നിന്നുള്ളവയാണ്. വലിയ നഗരങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ചെലവില്‍ പ്രവര്‍ത്തിക്കാനാകുന്നുവെന്നതാണ് സ്റ്റാര്‍ട്ടപ്പുകളെ ചെറിയ നഗരങ്ങളിലേക്ക് ആകര്‍ഷിക്കുന്നത്. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും സര്‍ക്കാരിന്‍റെ അനുകല നയങ്ങളും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുകൂലമാണ്. ചെറുനഗരങ്ങള്‍ വ്യവസായ വളര്‍ച്ചയ്ക്ക് പറ്റിയതല്ലെന്ന ധാരണ നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍ മെച്ചപ്പെട്ട ഇന്‍റര്‍നെറ്റ് കണക്ടിവിറ്റി, അടിസ്ഥാന സൗകര്യങ്ങള്‍, റോഡ്, റെയില്‍, എയര്‍ കണക്റ്റിവിറ്റി, സര്‍ക്കാര്‍ നയങ്ങള്‍ എന്നിവ ഇതിനെ മാറ്റിമറിച്ചു.

തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ ചെറുകിട നഗരങ്ങളായിരിക്കും ഭാവിയില്‍ സ്റ്റാര്‍ട്ടപ്പുകളുടെ പവര്‍ഹൗസുകളായി മാറുന്നതെന്നും ഇതിന് അടിസ്ഥാനസൗകര്യ പുരോഗതിയും സര്‍ക്കാര്‍ പിന്തുണയും പ്രയോജനപ്പെടുത്തണമെന്നും അനന്ത നാഗേശ്വരന്‍ പറഞ്ഞു. കേരളത്തെ ആഗോള സ്റ്റാര്‍ട്ടപ്പ് രംഗത്തെ മുന്‍നിരയിലേക്ക് നയിക്കുന്നതില്‍ കെഎസ് യുഎമ്മിന്‍റെ പങ്ക് വിലമതിക്കാനാകാത്തതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്ത് 763 ജില്ലകളിലായി 1.12 ലക്ഷത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍ നിലവില്‍ വ്യവസായ, ആഭ്യന്തര വ്യാപാര വകുപ്പ് അംഗീകരിച്ചിട്ടുണ്ട്. അവയില്‍ 110 ലധികം യുണികോണുകളാണ്. ഇതിന്‍റെ മൊത്തം മൂല്യം ഏകദേശം 350 ബില്യണ്‍ ഡോളര്‍ ആണ്. സ്റ്റാര്‍ട്ടപ്പ് ഇന്നൊവേഷനില്‍ രാജ്യം രണ്ടാം സ്ഥാനത്താണ്. ഈ നവീകരണം ചില മേഖലകളില്‍ മാത്രം ഒതുങ്ങുന്നില്ല. 56 വ്യാവസായിക മേഖലകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന സ്റ്റാര്‍ട്ടപ്പുകളുണ്ട്. ഇതില്‍ 13 ശതമാനം ഐടി സേവനങ്ങളും 9 ശതമാനം ആരോഗ്യ-ലൈഫ് സയന്‍സസ് മേഖലകളിലും 7 ശതമാനം വിദ്യാഭ്യാസവും 5 ശതമാനം കൃഷിയും ഭക്ഷണപാനീയങ്ങളുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You might also like

Leave A Reply

Your email address will not be published.