2,50,000 ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ 700 ലധികംസ്റ്റാളുകള്‍
അഞ്ച് ദിവസത്തെ ഫെസ്റ്റ് ഡിസംബര്‍ ഒന്നിന് തലസ്ഥാനത്ത്
തിരുവനന്തപുരം: ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്‍റെ (ജിഎഎഫ് 2023) ഭാഗമായി ലോകത്തിലെ ഏറ്റവും വലിയ ആയുര്‍വേദ എക്സ്പോ പവലിയന്‍ തയ്യാറാകുന്നു. 2,50,000 ചതുരശ്രയടി വിസ്തൃതിയുള്ള പവലിയനില്‍ ആയുഷ് വകുപ്പിന്‍റെയും വിവിധ സ്ഥാപനങ്ങളുടെയും ഉള്‍പ്പെടെ 700 ലധികം സ്റ്റാളുകള്‍ ഉണ്ടാകും. ഡിസംബര്‍ ഒന്നിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന അഞ്ച് ദിവസത്തെ ഫെസ്റ്റിവലിന്‍റെ പ്രധാന ആകര്‍ഷണമായ ആയുഷ് എക്സ്പോയ്ക്ക് 10,000 ചതുരശ്രയടി വിസ്തീര്‍ണ്ണമുണ്ട്.
ആയുര്‍വേദത്തിന്‍റെ ഏറ്റവും വലിയ സമ്മേളനമായ ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്‍റെ അഞ്ചാം പതിപ്പ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ ഉദ്ഘാടനം ചെയ്യും. ആരോഗ്യ പരിപാലനത്തില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികളും നവോര്‍ജ്ജത്തോടെ ആയുര്‍വേദവും എന്നതാണ് മുഖ്യ പ്രമേയം. ജിഎഎഫിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന ദേശീയ ആരോഗ്യ മേള ഉദ്ഘാടന ദിവസം കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഉദ്ഘാടനം ചെയ്യും.
‘ആയുര്‍വേദം ഇന്നും ഇന്നലെയും നാളെയും’ എന്ന പ്രമേയത്തില്‍ 1200 ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിച്ച ഹോം പവലിയനില്‍ ആയുര്‍വേദ ചരിത്രവും പുത്തന്‍ പ്രവണതകളും സംബന്ധിച്ച വിഷയങ്ങള്‍ പ്രദര്‍ശിപ്പിക്കും. ആയുഷ് വകുപ്പിന്‍റെ ആരോഗ്യ എക്സ്പോ പവലിയന് പുറമേ രാജ്യത്തെ സ്പോണ്‍സര്‍മാരുടെയും പ്രമുഖ ആയുഷ് സ്ഥാപനങ്ങളുടെയും സ്റ്റാളുകള്‍ ഉണ്ടായിരിക്കും.ആയുര്‍വേദത്തിന്‍റെ സവിശേഷതകള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള വിദ്യാഭ്യാസ എക്സ്പോയില്‍ 20 ആയുര്‍വേദ കോളേജുകളുടെ പവലിയന്‍ ഉണ്ടാകും. ഔഷധസസ്യങ്ങളുടെ പ്രദര്‍ശനത്തിന് പുറമേ എംഎസ്എംഇ എക്സ്പോയുമുണ്ട്. 120 സ്റ്റാളുകളിലായി സൂക്ഷമ ചെറുകിട ഇടത്തരം സ്റ്റാര്‍ട്ടപ്പുകള്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും.
25 വ്യത്യസ്ത സ്പെഷ്യാലിറ്റി വിഭാഗങ്ങളില്‍ സംഘടിപ്പിച്ചിരിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ മികച്ച ആയുര്‍വേദ ഡോക്ടര്‍മാരുടെ സേവനം അഞ്ച് ദിവസവും ലഭ്യമായിരിക്കും. ഇതിന്‍റെ ഭാഗമായി 15 ലക്ഷം രൂപയുടെ മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്യും. വൈവിധ്യവും ആരോഗ്യകരവുമായ ഭക്ഷണം വിളമ്പുന്ന ‘ആയുര്‍വേദ ആഹാര്’ എന്ന ഭക്ഷണശാലയും ഉണ്ടാകും. ആയുര്‍വേദ ഔഷധസസ്യങ്ങളെയും യോഗയെയും കുറിച്ച് പൊതുജനങ്ങള്‍ക്കായി ബോധവത്കരണ ക്ലാസും എക്സ്പോയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.ആയുര്‍വേദ മെഡിക്കല്‍ ടൂറിസത്തെക്കുറിച്ചുള്ള ആദ്യ ബിടുബി മീറ്റും ജിഎഎഫിന്‍റെ ഭാഗമായി നടക്കും. ദേശീയ ആരോഗ്യമേളയില്‍ വൈവിധ്യമാര്‍ന്ന ഔഷധ സസ്യങ്ങളും ആയുര്‍വേദത്തില്‍ അവയുടെ ഉപയോഗവും എങ്ങനെയെന്ന് പ്രദര്‍ശിപ്പിക്കും.കേന്ദ്ര ആയുഷ് മന്ത്രാലയം, കേരള സര്‍ക്കാര്‍, വിവിധ ആയുര്‍വേദ സംഘടനകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സെന്‍റര്‍ ഫോര്‍ ഇന്നോവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ ആണ് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. 70 ലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കും.