ക്രിക്കറ്റിലെ ഒരു റണ്‍സിന്‍റെ പ്രാധാന്യം സംരംഭകത്വത്തിലെ ഓരോ ഘട്ടത്തിനുമുണ്ട്: ജോണ്ടി റോഡ്സ്

0

തിരുവനന്തപുരം: ക്രിക്കറ്റില്‍ ഒരു റണ്‍സ് ഏറെ വിലപ്പെട്ടതാണെന്നതു പോലെ സംരംഭകത്വത്തില്‍ ഓരോ ചെറിയ കാര്യങ്ങള്‍ക്കും വലിയ പ്രാധാന്യമുണ്ടെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റര്‍ ജോണ്ടി റോഡ്സ്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഹഡില്‍ ഗ്ലോബല്‍ ഉച്ചകോടിയിലെ സെഷനിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്.ഏകദിന ക്രിക്കറ്റില്‍ പിന്തുടര്‍ന്നുള്ള ഏറ്റവും വലിയ വിജയത്തിന്‍റെ റെക്കോര്‍ഡ് കൈവരിച്ച 2006 ല്‍ ജോഹന്നാസ്ബര്‍ഗില്‍ നടന്ന ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക മത്സരത്തെ ചൂണ്ടിക്കാട്ടിയാണ് റോഡ്സ് ഇതു പറഞ്ഞത്. ഓസ്ട്രേലിയ ഉയര്‍ത്തിയ 435 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം അവിശ്വസനീയമായി ദക്ഷിണാഫ്രിക്ക മറികടന്നത് ഹെര്‍ഷല്‍ ഗിബ്സിന്‍റെയും ഗ്രെയിം സ്മിത്തിന്‍റെയും മാര്‍ക്ക് ബുച്ചറിന്‍റെയും മികച്ച ഇന്നിംഗ്സുകളിലൂടെയാണ്. എന്നാല്‍ നിര്‍ണായകമായ അവസാന ഓവറില്‍ മഖായ എന്‍ടിനി നേടിയ ഒരു റണ്‍സ് ആണ് മത്സരത്തിന്‍റെ വിധി നിര്‍ണയിച്ചതെന്നും അതുകൊണ്ട് ഈ ഒറ്റ റണ്‍സിന്‍റെ മൂല്യം ഏറെ വലുതാണെന്നും റോഡ്സ് വിലയിരുത്തി. ഈ ഒറ്റ റണ്‍സ് എന്ന നിര്‍ണായക ലക്ഷ്യം നേടുകയെന്നതാണ് സംരംഭകത്വത്തിലും പ്രധാനം. സംരംഭകത്വത്തില്‍ തിരിച്ചടികളും ഏറ്റക്കുറച്ചിലുകളുമുണ്ടാകും. ഇത്തരം അവസരങ്ങളില്‍ ഓരോ ചെറിയ കാര്യങ്ങളും തിരിച്ചറിയുകയും നവീകരിച്ച് മുന്നോട്ടു പോകുന്നതും പ്രധാനമാണ്.

ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍ എന്ന നിലയില്‍ ക്യാപ്റ്റന്‍ ഹാന്‍സി ക്രോണിയ തനിക്ക് നല്‍കിയിരുന്ന സ്വാതന്ത്ര്യം ജോണ്ടി റോഡ്സ് ഓര്‍മ്മിച്ചു. ക്യാപ്റ്റന്‍ എന്ന നിലയില്‍ ടീമിന്‍റെ എല്ലാ കാര്യങ്ങളും തനിക്ക് നിയന്ത്രിക്കേണ്ടി വരും. അപ്പോള്‍ ഫീല്‍ഡിംഗ് പൊസിഷന്‍ ജോണ്ടിക്ക് തീരുമാനിക്കാമെന്നും അപ്പപ്പോഴുള്ള മാറ്റങ്ങള്‍ വരുത്താമെന്നുമാണ് ക്രോണിയ തന്നോട് പറഞ്ഞിരുന്നതെന്ന് ജോണ്ടി ഓര്‍മ്മിക്കുന്നു. തന്‍റെ ടീം അംഗങ്ങളുടെ കഴിവ് ഏതെല്ലാം മേഖലയിലാണെന്ന് തിരിച്ചറിഞ്ഞ് ഒരു സംരംഭകന്‍ ഈ സ്വാതന്ത്ര്യം അവര്‍ക്ക് നല്‍കണമെന്ന് റോഡ്സ് ഉപദേശിച്ചു.സംരംഭകത്വത്തില്‍ പെട്ടെന്ന് വിജയം വരിക്കണമെന്നില്ല. തിരിച്ചടികളും പരാജയങ്ങളുമുണ്ടാകാമെന്നും തിരിച്ചുവരികയാണ് പ്രധാനമെന്നും ഒരു ഫീല്‍ഡറുടെ ജീവിതത്തിലൂടെ റോഡ്സ് വിവരിച്ചു. ഒറ്റയടിക്ക് മികച്ച ഫീല്‍ഡര്‍ ആകാനാകില്ല. പന്തുകള്‍ കൈപ്പിടിയിലൊതുങ്ങാതെ ബൗണ്ടറിയിലേക്ക് പോയേക്കാം, ക്യാച്ചുകള്‍ വഴുതിപ്പോയേക്കാം. അതില്‍ നിരാശപ്പെടാതെ അടുത്ത അവസരത്തിനായി കൂടുതല്‍ സൂക്ഷ്മതയോടെ നിലകൊള്ളണം.

ക്രിക്കറ്റില്‍ ബാറ്റര്‍ അല്ലെങ്കില്‍ ബൗളര്‍ ആകുക എന്ന തെരഞ്ഞെടുപ്പാണ് ഭൂരിഭാഗവും നടത്തുക. സ്കൂള്‍ തലം മുതല്‍ ഫീല്‍ഡിംഗിനോട് തനിക്ക് തോന്നിയ ആഭിമുഖ്യമാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെത്തിയപ്പോഴും ഫീല്‍ഡിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രേരിപ്പിച്ചതെന്നു പറഞ്ഞ റോഡ്സ് താന്‍ ഒരു മികച്ച ഫീല്‍ഡറും ശരാശരി ബാറ്ററുമാണെന്ന് സ്വയം വിലയിരുത്തി. ഫീല്‍ഡറാകുക എന്നത് തന്‍റെ ഒരു സുപ്രധാന തെരഞ്ഞെടുപ്പായിരുന്നു. അത്തരം തെരഞ്ഞെടുപ്പുകള്‍ ജീവിതത്തില്‍ നിര്‍ണായകമാണ്. ടെസ്റ്റ് മത്സരത്തില്‍ ഒരു ദിവസത്തെ 90 ഓവറും ഫീല്‍ഡ് ചെയ്യുകയെന്നത് തന്നെ സംബന്ധിച്ച് ഏറ്റവും ആനന്ദകരമായ കാര്യമാണെന്നും ഇതിനെ പാഷന്‍ എന്ന് വിളിക്കാനാണ് തനിക്ക് ഇഷ്ടമെന്നും റോഡ്സ് സൂചിപ്പിച്ചു.ദക്ഷിണാഫ്രിക്ക കളിക്കുന്നില്ലെന്നതു കൊണ്ടു തന്നെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ പിന്തുണയ്ക്കുന്നുവെന്ന് റോഡ്സ് പറഞ്ഞു. ഈ ലോകകപ്പില്‍ ഏറ്റവും ഒത്തിണങ്ങിയ ടീം ഇന്ത്യയുടേതാണെന്നും നിലവിലെ സാഹചര്യത്തില്‍ കപ്പ് നേടാന്‍ ഏറ്റവും സാധ്യത ഇന്ത്യക്കാണെന്നും റോഡ്സ് കൂട്ടിച്ചേര്‍ത്തു. 

You might also like

Leave A Reply

Your email address will not be published.