ഓട്ടിസ്റ്റിക്ക് കലാകാരന്‍മാരുടെ ചിത്രപ്രദര്‍ശനവുമായി കേഡര്‍;നവംബര്‍ 29 മുതല്‍ വഴുതക്കാട്ടെ കേഡര്‍ കാമ്പസില്‍
തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമായുള്ള സെന്‍റര്‍ ഫോര്‍ ഓട്ടിസം ആന്‍ഡ് അദര്‍ ഡിസെബിലിറ്റീസ് റീഹാബിലിറ്റേഷന്‍ റിസര്‍ച്ച് ആന്‍ഡ് എഡ്യൂക്കേഷന്‍ (കേഡര്‍) സംഘടിപ്പിക്കുന്ന ആര്‍ട്ട് വീക്കിന്‍റെ ഭാഗമായി ഓട്ടിസ്റ്റിക്കായ കലാകാരന്‍മാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. നവംബര്‍ 29 മുതല്‍ ഡിസംബര്‍ 2 വരെ വഴുതക്കാട് ആകാശവാണി റോഡിലുള്ള കേഡര്‍ കാമ്പസിലെ ആര്‍ട്ടിസം സ്റ്റുഡിയോയിലാണ് പരിപാടി.
കേഡറിലെ 50-ലധികം യുവ കലാകാരന്‍മാരുടെ 100-ലധികം പെയിന്‍റിംഗുകളാണ് പ്രദര്‍ശനത്തിലുള്ളതെന്ന് കേഡര്‍ ഡയറക്ടര്‍ ജി. വിജയരാഘവന്‍ പറഞ്ഞു. മൂന്നുമുതല്‍ 28 വയസ്സ് വരെ പ്രായമുള്ളവരാണ് ഈ കലാകാരന്‍മാരെന്നും അദ്ദേഹം പറഞ്ഞു.
ചിത്രപ്രദര്‍ശനം നവംബര്‍ 29 ന് വൈകിട്ട് 5.30 ന് വിഴിഞ്ഞം പോര്‍ട്ട് എംഡിയും കെഎസ് ഡബ്ല്യുഎംപി പ്രൊജക്ട് ഡയറക്ടറുമായ ദിവ്യ എസ്. അയ്യര്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3.30 ന് സൈക്കോളജിസ്റ്റും പാരാപ്ലീജിക് ആര്‍ട്ടിസ്റ്റുമായ നിന്‍സി മറിയം മോണ്ട്ലിയുടെ തത്സമയ പെയിന്‍റിംഗ്, ആര്‍ട്ട് വര്‍ക്ക് ഷോപ്പ് സെഷനോടെയാണ് പരിപാടിക്ക് തുടക്കമാകുക.
എക്സിബിഷന്‍ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് രാവിലെ 10.30 മുതല്‍ വൈകിട്ട് 6.30 വരെ പ്രവേശനം അനുവദിക്കും. സന്ദര്‍ശകര്‍ക്ക് പെയിന്‍റിംഗുകള്‍ വാങ്ങിക്കാനും അവസരമുണ്ടായിരിക്കും. ഓട്ടിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി നവംബര്‍ 30, ഡിസംബര്‍ 1 തീയതികളില്‍ സൗജന്യ മൂവ്മെന്‍റ് ആന്‍ഡ് മ്യൂസിക് തെറാപ്പി, ആര്‍ട്ട് ഫോര്‍ ഓട്ടിസം ശില്‍പ്പശാലകളും ഉണ്ടായിരിക്കും.
ഡിസംബര്‍ 2 ന് വൈകിട്ട് 4 ന് ‘ഓട്ടിസ്റ്റിക്കായ കുട്ടികളുടെ രക്ഷിതാക്കളെ ശാക്തീകരിക്കുക’ എന്ന വിഷയത്തില്‍ കിംസ്ഹെല്‍ത്ത് ഹോളിസ്റ്റിക് ചൈല്‍ഡ് ഡെവലപ്മെന്‍റ് സെന്‍റര്‍ കണ്‍സള്‍ട്ടന്‍റ് സൈക്കോളജിസ്റ്റും എഡ്യൂക്കേഷണല്‍ തെറാപ്പിസ്റ്റും കോര്‍ഡിനേറ്ററുമായ ഡോ. ജമീല കെ. വാര്യര്‍ സംസാരിക്കും. ഡിസംബര്‍ 2 ന് വൈകുന്നേരം 5.30 ന് ആര്‍ട്ട് വീക്കിന്‍റെ സമാപന സമ്മേളനത്തില്‍ സൂര്യ സ്റ്റേജ് ആന്‍ഡ് ഫിലിം സൊസൈറ്റി ഫൗണ്ടര്‍ ഡയറക്ടര്‍ സൂര്യ കൃഷ്ണമൂര്‍ത്തി സംസാരിക്കും.