എട്ടാം ഖത്തര്‍ മലയാളി സമ്മേളനം നവംബര്‍ 17ന്

0

ദോഹ: എട്ടാം ഖത്തര്‍ മലയാളി സമ്മേളനം നവംബര്‍ 17ന് വവെള്ളിയാഴ്ച രാവിലെ എട്ടു മുതല്‍ രാത്രി ഒന്‍പതര വരെ ആസ്പെയര്‍ സ്പോര്‍ട്സ് സിറ്റിയിലെ ലേഡീസ് സ്പോര്‍ട്സ് ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായും സംഘാടകര്‍ പറഞ്ഞു.

നാല് സെഷനുകളായി നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടന സെഷനില്‍ ഡോ. ഗോപിനാഥ് മുതുകാട് കുട്ടികളും രക്ഷിതാക്കളുമടങ്ങുന്ന സദസ്സുമായി സംവദിക്കും. ഉച്ച ഭക്ഷണത്തിന് ശേഷം നടക്കുന്ന കുടുംബ സെഷനില്‍ പി എം എ ഗഫൂര്‍, ഡോ. അജു എബ്രഹാം എന്നിവര്‍ പ്രഭാഷണം നടത്തും.

വൈകിട്ട് നടക്കുന്ന മാധ്യമ സെമിനാറില്‍ രാജീവ് ശങ്കരന്‍, റിഹാസ് പുലാമന്തോള്‍ എന്നിവര്‍ സംസാരിക്കും. സമാപന സമ്മേളനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ ഷറഫ് പി ഹമീദ് അധ്യക്ഷത വഹിക്കും. കെ മുരളീധരന്‍ എം പി, ജോണ്‍ ബ്രിട്ടാസ് എം പി, ആലങ്കോട് ലീലാകൃഷ്ണന്‍, ബിഷപ്പ് ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ കുറഇലോസ്, ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, ഡോ. മല്ലിക എം ജി എന്നിവര്‍ സംസാരിക്കും.

കാത്തുവെക്കാം സൗഹൃദതീരം എന്നതാണ് ഇത്തവണത്തെ സമ്മേളന പ്രമേയം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും പ്രഭാഷണങ്ങളുമാണ് സമ്മേളനത്തില്‍ നടക്കുക. മത- പ്രാദേശിക- രാഷ്ട്രീയ പരിഗണനകള്‍ക്ക് അതീതമായി എല്ലാതരം വിഭാഗീയതകളേയും മാറ്റിവെച്ച് മനുഷ്യര്‍ ഒത്തൊരുമിച്ച് ജീവിക്കുന്ന പ്രദേശം എന്ന പാരമ്പര്യം കേരളഥ്തിലെ ജനങ്ങള്‍ നിലനിര്‍ത്തണമെന്ന ഓര്‍മപ്പെടുത്തലുമായി 1999ല്‍ ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ മുന്നോട്ടുവെച്ച ആശയമാണ് ഖത്തര്‍ മലയാളി സമ്മേളനം. തുടര്‍ന്ന് ദോഹയിലെ മുഴുവന്‍ മലയാളി സംഘടനകളും ഇത് ഏറ്റെടുക്കുകയായിരുന്നു.

എട്ടാം ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ ഭാഗമായി ഐക്യ കേരളത്തിന്റെ 67 വര്‍ഷങ്ങള്‍, സ്ത്രീ പ്രവാസം- കയ്പും മധുരവും എന്നീ വിഷയങ്ങളില്‍ ചര്‍ച്ചാ സദസ്സുകള്‍ സംഘടിപ്പിച്ചു. അതോടൊപ്പം കലാ- കായിക- സാഹിത്യ മത്സരങ്ങള്‍, കുട്ടികള്‍ക്ക് വേണ്ടി ചിത്രരചനാ മത്സരങ്ങള്‍, ബോധനീയ 2023 എന്ന പേരില്‍ ആരോഗ്യ ബോധവത്ക്കരണ പരിപാടി എന്നിവയും സംഘടിപ്പിക്കുകയുണ്ടായി.

വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ ഷറഫ് പി ഹമീദ്, ജനറല്‍ കണ്‍വീനര്‍ ഷമീര്‍ വലിയവീട്ടില്‍, മുഖ്യരക്ഷാധികാരി എ പി മണികണ്ഠന്‍, ഉപദേശക സമിതി ചെയര്‍മാന്‍ എബ്രഹാം ജോസഫ്, പബ്ലിസിറ്റി ചെയര്‍മാന്‍ മുഹമ്മദ് സിയാദ്, ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് കെ എന്‍ സുലൈമാന്‍ മദനി, ജനറല്‍ സെക്രട്ടറി റഷീദലി വി പി എന്നിവര്‍ പങ്കെടുത്തു.

സിറ്റി എക്സ്ചേഞ്ച് മുഖ്യപ്രായോജകരായ മലയാളി സമ്മേളനത്തില്‍ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ്, വെല്‍കെയര്‍ ഫാര്‍മസി, അമേരിക്കന്‍ ഹോസ്പിറ്റല്‍ ആന്റ് ക്ലിനിക്ക് എന്നിവര്‍ പ്ലാറ്റിനം സ്പോണ്‍സര്‍മാരാണ്.

സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. പ്രവേശനം സൗജന്യമായിരിക്കും. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ https://tinyuri.com/qmc2023 എന്ന ലിങ്ക് ക്ലിക്ക് ചെയ്യാവുന്നതാണ്.

You might also like

Leave A Reply

Your email address will not be published.