ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച്സൈഡ് സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാന്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്‍; നവംബര്‍ 16 മുതല്‍ 18 വരെ നടക്കുന്ന ഹഡില്‍ ഗ്ലോബല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: അഞ്ചാമത് ഹഡില്‍ ഗ്ലോബല്‍ ഉച്ചകോടിക്ക് ഒരുങ്ങി കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ് യുഎം). നവംബര്‍ 16 മുതല്‍ 18 വരെ നടക്കുന്ന സമ്മേളനം ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച്സൈഡ് സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയെന്ന പ്രത്യേകതയോടെയാണ് സംഘടിപ്പിക്കുന്നത്.15,000 പ്രതിനിധികള്‍ പങ്കെടുക്കുന്ന ത്രിദിന സംഗമം 16 ന് രാവിലെ 10 ന് വിഴിഞ്ഞം അടിമലത്തുറ ബീച്ചില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് കെഎസ് യുഎം സി.ഇ.ഒ അനൂപ് അംബിക പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഉദ്ഘാടന ചടങ്ങില്‍ റവന്യൂ -ഹൗസിംഗ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ ഐഎഎസ് അധ്യക്ഷത വഹിക്കും. ഡോ.ശശി തരൂര്‍ എം.പി, ഇന്ത്യയിലെ ബെല്‍ജിയം അംബാസഡര്‍ ദിദിയര്‍ വാന്‍ഡര്‍ഹസെല്‍റ്റ്, ഓസ്ട്രേഡ് സൗത്ത് ഏഷ്യ മേധാവിയും വ്യവസായ മന്ത്രിയുമായ കാതറിന്‍ ഗല്ലഗെര്‍, എസ്ബിഐ ട്രാന്‍സക്ഷന്‍ ബാങ്കിംഗ് ആന്‍ഡ് ന്യൂ ഇനീഷ്യേറ്റീവ്സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ റാണ അശുതോഷ് കുമാര്‍ സിംഗ് എന്നിവരും പങ്കെടുക്കും.
റോബോട്ടിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, മെഷീന്‍ ലേണിംഗ്, ഓഗ്മെന്‍റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി, ലൈഫ് സയന്‍സസ്, സ്പേസ് ടെക്, ബ്ലോക്ക് ചെയിന്‍, ഐഒടി, ഇ- ഗവേണന്‍സ്, ഫിന്‍ടെക്, ഹെല്‍ത്ത്ടെക്, അഗ്രിടെക്, എഡ്യൂടെക്, സോഫ്റ്റ് വെയര്‍ ആസ് സര്‍വീസ് തുടങ്ങി വളര്‍ന്നുവരുന്ന മേഖലകളില്‍ നിന്നുള്ള അത്യാധുനിക ഉത്പന്നങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും. വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്കുള്ള സംസ്ഥാനത്തിന്‍റെ പരിവര്‍ത്തനത്തില്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം നിര്‍ണായക പങ്ക് വഹിക്കുന്ന അവസരത്തിലാണ് ഹഡില്‍ ഗ്ലോബല്‍ നടക്കുന്നതെന്ന് ഇതിന്‍റെ പ്രസക്തി വര്‍ധിപ്പിക്കുന്നുവെന്ന് അനൂപ് അംബിക പറഞ്ഞു.
ഹഡില്‍ ഗ്ലോബലിന്‍റെ ഭാഗമായി നടക്കുന്ന എക്സ്പോയില്‍ 100 ലധികം പുതിയ കമ്പനികള്‍ക്ക് ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം ലഭിക്കും. നിക്ഷേപ അവസരങ്ങള്‍ക്കായി ടെക്-ഇന്‍ഡസ്ട്രി വിദഗ്ധരുമായി സംവദിക്കാനും സാധിക്കും. കൂടാതെ ചെറുധാന്യങ്ങള്‍ (മില്ലറ്റ്), വിളകള്‍, പഴങ്ങള്‍ എന്നിവയില്‍ നിന്ന് നിര്‍മ്മിച്ച മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കും.
ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്, ഒഎന്‍ഡിസി സിഇഒ ടി.കോശി, കെ-ഡിസ്ക് മെമ്പര്‍ സെക്രട്ടറി ഡോ. പി.വി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സമ്മേളനത്തിലെ മുഖ്യ പ്രഭാഷകരാണ്.
ലീഡര്‍ഷിപ്പ് ടോക്സ്, ടെക് ടോക്സ്, അന്താരാഷ്ട്ര എംബസികള്‍, വ്യവസായ വിദഗ്ധര്‍, നിക്ഷേപകര്‍, വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകള്‍, കോര്‍പ്പറേറ്റുകള്‍ എന്നിവരുമായുള്ള പാനല്‍ ചര്‍ച്ചകള്‍ എന്നിവ സമ്മേളനത്തിലെ പ്രധാന സെഷനുകളാണ്. ഉത്പന്നങ്ങള്‍, സേവനങ്ങള്‍, ഡിസൈന്‍, വിപണന തന്ത്രങ്ങള്‍, മൂലധന ഘടന, ധനസമാഹരണം, ബിസിനസ് വികസനം എന്നിവയുടെ വിവിധ വശങ്ങളെ കുറിച്ച് വ്യവസായ പ്രമുഖരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ നേടുന്നതിന് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇത് അവസരം നല്‍കും.
സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, ഹെഡ്സ്റ്റാര്‍ട്ട്, ടൈ കേരള, ജിടെക്, സ്റ്റാര്‍ട്ടപ്പ് മിഡില്‍ ഈസ്റ്റ്, ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി, ടെക്നോപാര്‍ക്ക് ടുഡേ എന്നിവയുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയില്‍ 5000-ത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍, 400 എച്ച്എന്‍ഐകള്‍, 300 മെന്‍റര്‍മാര്‍, 200 കോര്‍പ്പറേറ്റുകള്‍, 150 നിക്ഷേപകര്‍, പ്രഭാഷകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ബെംഗളൂരുവിലെ ജര്‍മ്മന്‍ കോണ്‍സുലേറ്റ് ജനറല്‍ അക്കിം ബര്‍കാര്‍ട്ട്, സ്വിറ്റ്സര്‍ലന്‍ഡ്, കോണ്‍സല്‍ ജനറല്‍ ജോനാസ് ബ്രണ്‍ഷ്വിഗ്, ന്യൂഡല്‍ഹിയിലെ അഡ്വാന്‍റേജ് ഓസ്ട്രിയ മേധാവി ഹാന്‍സ് ജോര്‍ഗ് ഹോര്‍ട്നഗല്‍ എന്നീ വിദേശ പ്രഭാഷകര്‍ വിവിധ സെഷനുകളെ അഭിസംബോധന ചെയ്യും. മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്ററും മോട്ടിവേഷണല്‍ സ്പീക്കറുമായ ജോണ്ടി റോഡ്സ് തന്‍റെ കാഴ്ചപ്പാടുകള്‍ സ്റ്റാര്‍ട്ടപ് പ്രമോട്ടര്‍മാരുമായി പങ്കിടും.
കൂടാതെ കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, ഐബിഎസ് സോഫ്റ്റ് വെയര്‍ സര്‍വീസസ് സ്ഥാപക ചെയര്‍മാന്‍ വി.കെ മാത്യൂസ്, ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍, ഇന്‍ഫോപാര്‍ക്ക് കേരള സിഇഒ സുശാന്ത് കുറുന്തില്‍, യുണികോണ്‍ ഇന്ത്യ വെഞ്ചേഴ്സ് മാനേജിംഗ് പാര്‍ട്ണര്‍ അനില്‍ ജോഷി, അദാനി ഹൗസിംഗ് ഫിനാന്‍സ് ഇന്‍ഡിപെന്‍ഡന്‍റ് ഡയറക്ടറും മഹീന്ദ്ര ഹോം ഫിനാന്‍സ് മുന്‍ എംഡിയുമായ അനുജ് മെഹ്റ, ഹിറ്റാച്ചി ഇന്ത്യ ആര്‍ ആന്‍ഡ് ഡി സെന്‍റര്‍ മേധാവി കിംഗ്ഷുക് ബാനര്‍ജി, ഗൂഗിള്‍ ക്ലൗഡ് ഡെവലപ്പര്‍ അഡ്വക്കേറ്റ് അഭിരാമി സുകുമാരന്‍ എന്നിവരും വിവിധ സെഷനുകളില്‍ സംവദിക്കും.
കെഎസ് യുഎം ബിസിനസ് ഡെവലപ്മെന്‍റ് സീനിയര്‍ മാനേജര്‍ അശോക് കുര്യന്‍ പഞ്ഞിക്കാരന്‍, പബ്ലിക് റിലേഷന്‍സ് അസിസ്റ്റന്‍റ് മാനേജര്‍ അഷിത വി.എ, അവേക്ക് ട്രിവാന്‍ഡ്രം സിഇഒ രഞ്ജിത്ത് രാമാനുജം എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
കേരളത്തിലെ സംരംഭകത്വ വികസനത്തിനും ഇന്‍കുബേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള സര്‍ക്കാര്‍ നോഡല്‍ ഏജന്‍സിയായ കെഎസ് യുഎം 2018 മുതല്‍ ‘ഹഡില്‍ കേരള’ സംഘടിപ്പിക്കുന്നുണ്ട്. രാജ്യത്തുടനീളമുള്ള 5,000-ത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍, നിക്ഷേപകര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, അക്കാദമിഷ്യന്‍മാര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ ഹഡിലിന്‍റെ മുന്‍ പതിപ്പുകളില്‍ പങ്കെടുത്തിരുന്നു.