ഓണം വില്‍പന; സര്‍വകാല റെക്കോര്‍ഡുമായി മില്‍മ വിറ്റത് 1 കോടി 57000 ലിറ്റര്‍ പാലും 13 ലക്ഷം കിലോ തൈരും

0

തിരുവനന്തപുരം: പാല്‍, പാലുല്‍പ്പനങ്ങള്‍ എന്നിവയുടെ വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡുമായി മില്‍മ. നാല് ദിവസങ്ങള്‍ കൊണ്ട് 1,00,56,889 ലിറ്റര്‍ പാലാണ് മില്‍മ വഴി വിറ്റഴിച്ചത്. കേരളത്തിലെ ജനങ്ങള്‍ മില്‍മയില്‍ അര്‍പ്പിച്ച വിശ്വാസത്തില്‍ ചെയര്‍മാന്‍ കെ എസ് മണി നന്ദി പറഞ്ഞു.
ആഗസ്റ്റ് 25 വെള്ളിയാഴ്ച മുതല്‍ ആഗസ്റ്റ് 28 ഉത്രാടം ദിനമായ തിങ്കളാഴ്ച വരെയുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കേവലം നാല് ദിവസം കൊണ്ടാണ് ഒരു കോടിയില്‍പ്പരം ലിറ്റര്‍ പാല്‍ മില്‍മ വിറ്റഴിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 6.5 ശതമാനത്തിന്‍റെ വളര്‍ച്ച കൈവരിച്ചു. കഴിഞ്ഞ കൊല്ലം 94,56,621 ലക്ഷം ലിറ്റര്‍ പാലാണ് ഇതേ കാലയളവില്‍ വിറ്റു പോയത്.

ഓണാവധിക്ക് മുമ്പുള്ള അവസാന പ്രവൃത്തി ദിവസമായിരുന്ന വെള്ളിയാഴ്ച അനിഴം ദിനത്തിലാണ് ഏറ്റവുമധികം വര്‍ധന പാല്‍വില്‍പ്പനയില്‍ രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 13 ശതമാനത്തിന്‍റെ വളര്‍ച്ച ഈ ദിനത്തില്‍ രേഖപ്പെടുത്തി. കഴിഞ്ഞ കൊല്ലം 16,44,407 ലക്ഷം ലിറ്ററായിരുന്നു വില്‍പ്പനയെങ്കില്‍ ഇക്കൊല്ലം അത് 18,59,232 ലക്ഷം ലിറ്ററായി ഉയര്‍ന്നു.

ഓഫീസുകള്‍, വിദ്യാലയങ്ങള്‍ എന്നിവിടങ്ങളിലെ ഓണാഘോഷമാണ് ഈ വളര്‍ച്ച കൈവരിക്കാന്‍ മില്‍മയെ സഹായിച്ചത്. മലയാളികള്‍ മില്‍മയില്‍ അര്‍പ്പിച്ച വിശ്വാസമാണിത് കാണിക്കുന്നതെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു.

പാലില്‍ മാത്രമല്ല, പാലുല്‍പ്പന്നങ്ങളിലും മില്‍മ സര്‍വകാല റെക്കോര്‍ഡ് കരസ്ഥമാക്കി. തൈരിന്‍റെ വില്‍പ്പനയില്‍ 16 ശതമാനമാണ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വളര്‍ച്ച. 12,99,215 ലക്ഷം കിലോ തൈരാണ് നാല് ദിവസത്തില്‍ മില്‍മ വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 11,25,437 ലക്ഷം കിലോ ആയിരുന്നു. അനിഴം ദിനമായ വെള്ളിയാഴ്ച തൈരിന്‍റെ വില്‍പ്പനയില്‍ 37 ശതമാനമാണ് വര്‍ധന കൈവരിച്ചത്.

നെയ്യിന്‍റെ വില്‍പ്പനയില്‍ മില്‍മയുടെ മൂന്നു യൂണിയനുകളും മികച്ച പ്രകടനം നടത്തി. മൂന്ന് യൂണിയനുകളും മൊത്തം 743 ടണ്‍ നെയ്യാണ് വില്‍പന നടത്തിയത്.

ഓണവിപണി മുന്നില്‍ കണ്ടു കൊണ്ട് വളരെ നേരത്തെ തന്നെ ആവശ്യത്തിന് പാല്‍ ലഭ്യത മില്‍മ ഉറപ്പുവരുത്തിയിരുന്നു. ഓണസമയത്ത് ഒരു കോടി ലിറ്റര്‍ പാല്‍ അധികമായി സംഭരിക്കാന്‍ മില്‍മയ്ക്ക് കഴിഞ്ഞു. കൊവിഡ് ഭീതി പൂര്‍ണമായും മാറിയ സാഹചര്യത്തില്‍ ഓണക്കാലത്ത് പാലിന്‍റെയും പാലുല്‍പ്പന്നങ്ങളുടെയും ആവശ്യകത ഏറുമെന്ന് മുന്‍കൂട്ടി കണ്ടു കൊണ്ടാണ് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കിയതെന്നും ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു.

You might also like

Leave A Reply

Your email address will not be published.