ഷാര്‍ജയിലെ മധ്യമേഖലകളിലും മരുഭൂമികളിലും ദുബൈയിലെ വടക്ക്, കിഴക്കൻ പ്രദേശങ്ങളിലുമാണ് ഞായറാഴ്ച ഉച്ചക്കുശേഷം മഴ പെയ്തത്.ഷാര്‍ജ മദാം അല്‍ ബദായര്‍ റോഡില്‍ വൈകീട്ട് നാലോടെയാണ് മഴ തുടങ്ങിയത്. ശനിയാഴ്ച മൂന്ന് എമിറേറ്റുകളിലും ആലിപ്പഴ വര്‍ഷവും ശക്തമായ മഴയുമുണ്ടായിരുന്നു. അബൂദബിയിലെ അല്‍ഐൻ, റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളിലാണ് ശനിയാഴ്ച വൈകീട്ടോടെ വ്യത്യസ്ത തീവ്രതയില്‍ ആലിപ്പഴവര്‍ഷവും കനത്ത മഴയും പെയ്തത്. ശനിയാഴ്ച അല്‍ഐനില്‍ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) ഓറഞ്ച്, യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരുന്നു.അല്‍ഐനിലെ ഉമ്മു ഗഫയിലെ റോഡുകളില്‍ ശക്തമായ മഴ പെയ്യുന്ന വിഡിയോ ദൃശ്യങ്ങളും എൻ.സി.എം എക്സില്‍ പങ്കുവെച്ചിട്ടുണ്ട്. അതേസമയം, ആഞ്ഞടിച്ച കാറ്റിലും മഴയിലും ഇതുവരെ അത്യാഹിതങ്ങളോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഷാര്‍ജയിലെ പ്രമുഖ വിനോദസഞ്ചാര ആകര്‍ഷണമായ വാദി അല്‍ ഹിലൂ മഴയില്‍ കൂടുതല്‍ സജീവമായിട്ടുണ്ട്. മലമുകളിലൂടെ മഴവെള്ളം കുത്തിയൊലിച്ചിറങ്ങുന്ന മനോഹര കാഴ്ചകള്‍ കാണാനായി വിനോ സഞ്ചാരികളും വാദികള്‍ ലക്ഷ്യമാക്കി നീങ്ങുന്നുണ്ട്. എന്നാല്‍, ഇത് അപകടം വരുത്തുമെന്നാണ് പൊലീസ് മുന്നറിയിപ്പ്. ശക്തമായ മഴയുള്ള വേളകളില്‍ വാദികള്‍ക്കരികില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതും കൂട്ടം കൂടി നില്‍ക്കുന്നതും 1000 ദിര്‍ഹം വരെ പിഴശിക്ഷയും ആറ് ബ്ലാക് പോയിന്‍റും ലഭിക്കുന്ന കുറ്റകൃത്യമാണ്.ഫുജൈറയില്‍ ആലിപ്പഴത്തോടൊപ്പമാണ് ശക്തമായ മഴ വര്‍ഷിച്ചത്. ശൈഖ് ഖലീഫ സ്ട്രീറ്റിലെ റോഡില്‍ നിന്ന് പ്രദേശവാസികള്‍ ആലിപ്പഴം പെറുക്കുന്ന ദൃശ്യങ്ങളും എൻ.സി.എമ്മിന്‍റെ വീഡിയോകളില്‍ കാണാം. എന്നാല്‍, ദൃശ്യപരത കുറവായതിനാല്‍ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി പൊലീസ് കുറച്ചിട്ടുണ്ട്. ശക്തമായ മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാല്‍ ജാഗ്രതപാലിക്കണമെന്നും വിവരങ്ങള്‍ക്കായി ആധികാരിക കേന്ദ്രങ്ങളെ മാത്രം ആശ്രയിക്കണമെന്നും പൊലീസ് അഭ്യര്‍ഥിച്ചു. ഞായറാഴ്ച വടക്കു, കിഴക്ക് മേഖലകളില്‍ മഴ പെയ്യുമെന്നും എൻ.സി.എം പ്രവചിച്ചിരുന്നു.