അപൂർവയിനം അരുമപ്പക്ഷികളും ഓമന മൃഗങ്ങളും വളർത്തുനായ്ക്കളും ഒത്തുചേരുന്ന പ്രദർശന മേള തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്കിൽ ജൂലായ് 14ന് ആരംഭിക്കും
ജീവലോകത്തിലെ അപൂർവക്കാഴ്ചകളും കൗതുകങ്ങളും ഒരു കുടക്കീഴിലണിനിരത്തി ഒരുക്കുന്ന പ്രദർശനോത്സവത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി.കാണികൾക്ക് പുതുമയായി പറക്കുന്ന അണ്ണാൻ എന്നറിയപ്പെടുന്ന ഷുഗർ ഗ്ലൈഡർ, രോമങ്ങൾക്ക് പകരം മുള്ളുകൾ നിറഞ്ഞ ത്വക്കുമായി ഹെഡ്ജ് ഹോഗ് കീരി, ഉരക വർഗ്ഗത്തിൽപ്പെട്ട ഇഗ്വാനകൾ, മനുഷ്യനുമായി ഇഴുകിച്ചേർന്ന് ജീവിക്കുന്ന പെരുമ്പാമ്പിൻ്റെ ഇനത്തിൽപ്പെട്ട ബാൾ പൈത്തൺ, അപൂർവ ജീവിയായ ഗോൾഡൻ നീ ടെറാൻ്റുല, അപൂർവ ഇനം തത്തകൾ, വിവിധയിനം കോക്കറ്റൂ പക്ഷിയിനങ്ങൾ, കെയ്ക്ക് ബേർഡ്, അരോണ സ്വർണ്ണമത്സ്യങ്ങൾ, മാംസഭക്ഷണം ശീലമാക്കിയ അൽ ബിനോ പിരാനാ മത്സ്യങ്ങൾ, തുടങ്ങി ലോകമെമ്പാടുമുള്ള അരുമ ജീവികൾ മേളയുടെ ആകർഷണമാണ്.
ഇതോടൊപ്പം വ്യത്യസ്തങ്ങളായ വ്യാപാര – വിപണന സ്റ്റാളുകളും മേളയിലുണ്ട്. നാടൻ മിഠായികൾ, കോഴിക്കോടൻ ഹൽവ, ഒരു വീടിനും കുടുംബത്തിനുമാവശ്യമായ സാധന സാമഗ്രികൾ, വിവിധയിനം വിത്തിനങ്ങൾ, ജീവിതശൈലീ ഉപകരണങ്ങൾ, തുടങ്ങിയവ വിലക്കുറവിൽ ഈ മേളയിൽ ലഭ്യമാണ്.
കേരളത്തിലങ്ങോളമിങ്ങോളമുള്ള തനത് രുചികൾ പരിചയപ്പെടുത്തുന്ന ഭക്ഷ്യമേള, പായസ മേള എന്നിവയും ഒരുക്കിയിട്ടുണ്ട്.
ജൂലായ് 23 ന് സമാപിക്കുന്ന മേളയുടെ പ്രദർശന സമയം ദിവസേന രാവിലെ 10.30 മുതൽ രാത്രി 9 വരെയാണ്. പങ്കെടുക്കുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ ഒട്ടേറെപ്പേർക്ക് അപൂർവയിനം ഓമനമൃഗങ്ങളും വർണ്ണ മത്സ്യങ്ങളും സമ്മാനമായി നല്കുന്നു. ഇതോടനുബന്ധിച്ച് മാർച്ച് 23, 24 തീയതികളിൽ നടത്തുന്ന ഡോഗ് ഷോയിൽ മത്സരിക്കാനും സമ്മാനങ്ങൾ സ്വന്തമാക്കാനുമായി മേളയിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.